ശാസ്താംകോട്ട:2018ൽ അന്തരിച്ച പോരുവഴിയിലെ മുതിർന്ന നേതാവിനെ വെസ് പ്രസിഡൻ്റായി നിയമിച്ചു കൊണ്ടുള്ള കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പട്ടിക പുറത്ത്.15 വർഷക്കാലം പോരുവഴി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായിരുന്ന കിണറുവിള ബഷീറിനെയാണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തി കൊണ്ടുള്ള ലിസ്റ്റ് പുറത്തുവന്നത്.ഇദ്ദേഹമടക്കം 5 പഞ്ചായത്തുകളിലെ 8 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 16 വൈസ് പ്രസിഡൻ്റുമാരാണ് പട്ടികയിലുള്ളത്.ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിലും പാർട്ടി പിന്നോട്ട് പോയില്ല.അവർ മാത്രം 27 പേരുണ്ട്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.മുൻപ് പുറത്തിറക്കിയ ഭാരവാഹി പട്ടിക പരാതിയെ തുടർന്ന് നേതൃത്വം മരവിപ്പിച്ചിരുന്നു.അതിനിടെ ഇപ്പോൾ പ്രസിദ്ധീകരിച്ച ഭാരവാഹി പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ വലിയ അമർഷമാണ് ഉയർന്നിട്ടുള്ളത്.അർഹരെ തഴഞ്ഞ ശേഷം കൂടുതലായും അനർഹരെ തിരികെ കയറ്റിയുള്ള ജംബോ ലിസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രവർത്തകരെ ഒഴിവാക്കി നേതാക്കൾ മാത്രം പങ്കെടുത്ത് വിജയിപ്പിക്കാവുന്ന ലിസ്റ്റാണെന്ന പരിഹാസവും ചിലർ ഉയർത്തുന്നു.അതിനിടെ കൂടുതൽ പേരെ ഉൾപ്പെടുത്തി അടുത്ത ലിസ്റ്റ് വീണ്ടും വരുമെന്നും പറയപ്പെടുന്നു.
ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം
ആർത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുൽപാദനത്തിന് സജ്ജമാക്കുന്ന പ്രക്രിയ മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണം കൂടിയാണ്. ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകൾ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകൾ കൂടി നൽകുന്ന ഒന്നാണ്. ആരോഗ്യകരമായ ആർത്തവ ചക്രമെന്നത് 28-31 ദിവസങ്ങൾക്കുള്ളിൽ വരുന്നതാണ്.
ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങൾ എന്നത്. മാസത്തിൽ ഒരിക്കലാണ് ആർത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകാറുണ്ട്. മാസത്തിലെ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്.
മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ
ഒന്ന്
ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. തൈറോയ്ഡ് ഹോർമോൺ ഉൽപാദനം അധികമായാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഇത് ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇത് ചിലപ്പോൾ മാസത്തിൽ രണ്ടു തവണ ആർത്തവമായാണ് വരുന്നത്.
രണ്ട്
ഹോർമോൺ ക്രമക്കേട് വരുത്തുന്ന ഒന്നാണ് സ്‌ട്രെസ് എന്നത്. സ്‌ട്രെസ് പല തരത്തിലെ ആർത്തവ ക്രമക്കേടുകൾക്കും കാരണമാകുന്നു. ഇതിൽ ഒന്ന് രണ്ടു തവണ വരുന്ന ആർത്തവമാണ്. ഉയർന്ന തലത്തിലുള്ള സമ്മർദ്ദം ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും ക്രമക്കേടുകൾക്ക് കാരണമാവുകയും ചെയ്യും.
മൂന്ന്
ഭക്ഷണക്രമത്തിലോ വ്യായാമ മുറകളിലോ ഉള്ള കാര്യമായ മാറ്റങ്ങൾ ആർത്തവത്തെ ബാധിച്ചേക്കാം. പിസിഒഎസ്, തൈറോയ്ഡ് തകരാറുകൾ, ഗർഭാശയ ഫൈബ്രോയിഡുകൾ, ചില മരുന്നുകൾ, പ്രത്യേകിച്ച് ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയും ആർത്തവചക്രത്തെ ബാധിച്ചേക്കാം.
നാല്
പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും ആർത്തവത്തിൽ ഇത്തരത്തിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കും. ഇതു പോലെ തന്നെ അമിത വണ്ണവും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകുന്ന ഒന്നാണ്.
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട അഞ്ച് പഴങ്ങള്‍
ദന്താരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ക്ക് വേണ്ടി കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അതുപോലെ വെള്ളം ധാരാളം കുടിക്കുക. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ചില ഭക്ഷണങ്ങൾ സ്വാഭാവികമായും പല്ലുകളുടെയും മോണകളുടെയും ശക്തിയും വൃത്തിയും വർദ്ധിപ്പിക്കുന്നു. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
- ആപ്പിള്‍
പല്ലുകളില്‍ ക്യാവിറ്റി ഉണ്ടാകുന്നതു തടയാന്‍ ആപ്പിള്‍ സഹായിക്കും. ആപ്പിളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- സ്‌ട്രോബെറി
സ്‌ട്രോബെറി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്‌ട്രോബെറിയും ദന്താരോഗ്യത്തിന് നല്ലതാണ്. സ്‌ട്രോബെറിയിലെ വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. സ്ട്രോബെറിയിൽ മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത പല്ല് വെളുപ്പിക്കൽ ഏജന്‍റായി പ്രവർത്തിക്കുന്നു.
- കിവി
കിവിയും വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. അതിനാല്‍ കിവി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- ഓറഞ്ച്
ഓറഞ്ചിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കാനും പല്ലുകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
- പൈനാപ്പിള്‍
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വായിലെ ആസിഡുകളെ നിർവീര്യമാക്കുകയും പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ പല്ലുകളുടെ ആരോഗ്യത്തിനായി പൈനാപ്പിളും കഴിക്കാം.
കിവിപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം
കിവിപ്പഴം കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തിന് ഒരു പ്രധാന പോഷകമാണ്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.
നിരവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. കിവി പഴം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഓരോ 100 ഗ്രാം കിവിയിലും മൂന്ന് ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ സുഗമവും ആരോഗ്യകരവുമായ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. കിവിയിൽ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം ഉണ്ട്, അത് അവയെ വളരെ വേഗത്തിൽ അമിനോ ആസിഡുകളായി വിഘടിപ്പിക്കാൻ സഹായിക്കുന്നു.
കിവി പഴത്തിൽ സെറോടോണിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും. സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററായി പ്രവർത്തിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. കൂടാതെ, കിവിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും സഹായിക്കും.
കിവിയിൽ കാണപ്പെടുന്ന നാരുകൾ, എൻസൈമുകൾ, പ്രീബയോട്ടിക്സ് എന്നിവ ദഹനത്തെ പിന്തുണയ്ക്കുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഫലപ്രദമാണ്. കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു.
പോഷകങ്ങൾ അടങ്ങിയ കിവി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ രോഗങ്ങളെ ഫലപ്രദമായി തടയുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കിവിപ്പഴം പതിവായി കഴിക്കുന്നത് എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാൻ കഴിയും.
പാവയ്ക്കയുടെ കയ്പ്പ് അകറ്റാന്‍ ചില എളുപ്പ വഴികളിതാ….
ഏറെ ഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് പാവയ്ക്കാ. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് കാരണം മിക്കവര്‍ക്കും അത്ര പ്രിയമല്ല. എന്നാല്‍ പാവയ്ക്കയുടെ കയ്പ്പ് അകറ്റാന്‍ ചില എളുപ്പ പണികള്‍ ഉണ്ട്. എങ്ങനെയെന്ന് നോക്കാം.
തൊലി ചുരണ്ടി കളയാം: പാവയ്ക്കയുടെ പരുക്കന്‍ മേല്‍ഭാഗമാണ് കയ്പിന്റെ പ്രധാന ഉറവിടം. ആ മേല്‍ഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലര്‍ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കില്‍ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയില്‍ ഒരുപോലെയായി കിട്ടും.
ശര്‍ക്കര ചേര്‍ക്കാം : പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയല്‍ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ കയ്പ്പ് കൂടുതലാണെങ്കില്‍ കുറച്ചു ശര്‍ക്കര ചേര്‍ത്താല്‍ മതിയാകും. പാവയ്ക്കയുടെ കയ്പിനെ നല്ലതുപോലെ പ്രതിരോധിക്കും ശര്‍ക്കരയുടെ മധുരം.
എണ്ണയില്‍ വറുത്തെടുക്കാം: പാവയ്ക്ക വറുത്തും കടലമാവില്‍ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്. എണ്ണയില്‍ നല്ലതു പോലെ വറുത്തെടുത്താല്‍ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
കുരു ഒഴിവാക്കണം: പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കില്‍ മുളപ്പിച്ചു പാവല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാം.
ഉപ്പ് ചേര്‍ക്കാം, കയ്പ് കുറയ്ക്കാം: പാവയ്ക്കയില്‍ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിലെ കുരുക്കളും പുറത്തെ പരുക്കന്‍ പ്രതലവും കളഞ്ഞതിനു ശേഷം ഉപ്പ് പുരട്ടി നല്ലതു പോലെ തിരുമ്മി വെയ്ക്കണം. മുപ്പതു മിനിറ്റ് ഇത് മാറ്റിവച്ചതിനു ശേഷം ഉപ്പ് കഴുകി കളയാം. ജലാംശം പൂര്‍ണമായും മാറിക്കഴിയുമ്പോള്‍ എന്ത് കറിയാണോ തയാറാക്കുന്നത് അതിനുള്ള രീതിയില്‍ അരിഞ്ഞെടുക്കാം.
പഞ്ചസാരയും വിനാഗിരിയും; കയ്പ് ഉറപ്പായും കുറയും: ഒരു ബൗളില്‍ അര കപ്പ് വെള്ളവും അത്രയും തന്നെ വിനാഗിരിയും എടുക്കുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഈ ലായനിയില്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്തതിനു ശേഷം അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം. ഇരുപതു മുതല്‍ മുപ്പതു മിനിറ്റ് വരെ കുതിര്‍ത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.
തിളപ്പിച്ച് എടുക്കാം: രണ്ടോ മൂന്നോ കപ്പ് വെള്ളമെടുത്തു നല്ലതുപോലെ തിളപ്പിക്കണം.അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കാന്‍ മറക്കരുത്. നന്നായി വെട്ടി തിളയ്ക്കുന്ന ഈ വെള്ളത്തിലേയ്ക്ക് പാവയ്ക്ക ഇട്ടുകൊടുക്കാം. ശേഷം തീ കൂട്ടി തന്നെ രണ്ടു മിനിറ്റ് നേരം തിളപ്പിച്ചെടുക്കണം. തിളച്ച വെള്ളത്തില്‍ നിന്നും കോരിയെടുത്ത പാവയ്ക്ക തണുത്ത വെള്ളത്തില്‍ രണ്ടു മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം വെള്ളം നല്ലതുപോലെ വാര്‍ന്നു പോകുന്നതിനായി ഒരു അരിപ്പയിലേയ്ക്കിടാം. ഇനി കറി തയാറാക്കാം. കയ്പ് കുറവായിരിക്കും.
സര്‍ക്കാര്‍ ആശുപത്രിയിൽ ഇതാദ്യം, വലിയ പ്രഖ്യാപനവുമായി മന്ത്രി, വരുന്നു കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്
തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാര്‍ത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍.
ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ അപകടങ്ങളാലോ കോര്‍ണിയ തകരാറിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് കാഴ്ച പുനസ്ഥാപിക്കാന്‍ സഹായകരമാണ് കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആഗോള തലത്തില്‍ 2000 വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് 25-ാമത് ലോക കാഴ്ച ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’ എന്നതാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ്സ് (IAPB) ഈ വര്‍ഷം നല്‍കിയിട്ടുള്ള ലോക കാഴ്ച ദിന സന്ദേശം. യുവാക്കളില്‍ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ലോകശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള കുട്ടികളെ അവരുടെ കണ്ണുകളെ സ്‌നേഹിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ വര്‍ഷത്തെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലോക കാഴ്ച ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നേത്ര സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളംബരം ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളും കാഴ്ച പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താന്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്‌നമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സൗജന്യമായി കണ്ണട വാങ്ങി നല്‍കി വരുന്നു.
ജില്ലാ, ജനറല്‍ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍, വര്‍ധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോണ്‍ മിഡ്രിയാറ്റിക് ക്യാമറകള്‍ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാണ്.
ഡിജിറ്റല്‍ സര്‍വെ; പുരോഗതി വിലയിരുത്തി; ഭൂവുടമകള്‍ക്ക് ഒക്ടോബര്‍ 15 വരെ റിക്കാര്‍ഡുകള്‍ പരിശോധിക്കാം
ജില്ലയിലെ ഡിജിറ്റല്‍ സര്‍വെ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ജില്ലയിലെ ഡിജിറ്റല്‍ സര്‍വെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 12 വില്ലേജുകളുടെയും വിവരം 9(2) പ്രസിദ്ധീകരിച്ചതാണ്. 10 വില്ലേജുകളുടെ റിക്കാര്‍ഡുകള്‍ ഒക്ടോബര്‍ 15 വരെ ഭൂവുടമകള്‍ക്ക് അതത് കേന്ദ്രങ്ങളില്‍ എത്തി പരിശോധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാകും. മങ്ങാട്, കുലശേഖരപുരം വില്ലേജുകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
വില്ലേജ്, റിക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലം എന്നിവ യഥാക്രമം:
കിളികൊല്ലൂര്‍, കൊറ്റംകര- അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് (റീ-സര്‍വെ), കൊല്ലം (താലൂക്ക് കച്ചേരി).
കല്ലേലിഭാഗം, തൊടിയൂര്‍- കരുനാഗപ്പള്ളി റീ-സര്‍വെ സൂപ്രണ്ടാഫീസ്, (സിവില്‍ സ്റ്റേഷന്‍, കരുനാഗപ്പള്ളി)
പുനലൂര്‍, വാളക്കോട്- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് (പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൌസ്)
ഇടമണ്‍- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് (പഴയ വില്ലേജാഫീസ്, സത്രം ജങ്ഷന്‍
തലവൂര്‍- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, പകല്‍വീട്, പാണ്ടിത്തിട്ട
വിളക്കുടി- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, അമ്പലം ജങ്ഷന്‍, വിളക്കുടി
പത്തനാപുരം- ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, ചേലക്കോട്, വൈ.കെ ടവര്‍
100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്ന എന്റെ ഭൂമി സംയോജിത പോര്‍ട്ടലിലേക്ക് സര്‍വെ റിക്കാര്‍ഡുകള്‍ വരുന്നതോടെ വസ്തു കൈമാറ്റം, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമി കരം അടയ്ക്കല്‍, കൈവശസ്ഥലത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍, സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഇ-പോര്‍ട്ടല്‍ വഴി ലഭ്യമാകും. ഓരോ ഭൂഉടമയുടെയും വസ്തുക്കള്‍ പ്രത്യേകം പാഴ്സലായി സര്‍വെ ചെയ്ത്, ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി റിക്കാര്‍ഡിന്റെ ഭാഗമായി വന്നിട്ടുള്ള ഉടമകള്‍ക്കായിരിക്കും സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാകുക. എല്ലാ ഭൂഉടമകളും ഭൂസേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത വില്ലേജുകളില്‍ സര്‍വെ ആരംഭിച്ചിട്ടുണ്ട്. മീനാട് വില്ലേജിന്റെ സര്‍വെ 7 മാസം കൊണ്ട് പൂര്‍ത്തീകരിച്ച് 80 ശതമാനം ആളുകളെയും റിക്കാര്‍ഡുകള്‍ കാണിച്ച് ബോധ്യപ്പെടുത്തി പരാതി പരിഹരിച്ച് 9(2) പ്രസിദ്ധീകരിച്ചതാണ്. തുടര്‍ന്നും റിക്കാര്‍ഡുകള്‍ പരിശോധിച്ച് ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് ചാത്തന്നൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസില്‍ അവസരമുണ്ട്. തൃക്കടവൂര്‍, തേവലക്കര വില്ലേജുകളുടെ 9(2) ഈ മാസം പ്രസിദ്ധീകരിക്കുമെന്നും തുടര്‍ന്ന് ബാക്കിയുള്ള വില്ലേജുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഡിജിറ്റല്‍ സര്‍വെയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളുടെ സര്‍വെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും യോഗം വിലയിരുത്തി. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുന്നതിനും, റിക്കാര്‍ഡ് പ്രദര്‍ശനത്തിന് 100 ശതമാനം ഭൂവുടമകളെയും പങ്കെടുപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, എല്‍.എസ്.ഡി.ഡി ജോയിന്റ് ഡയറക്ടര്‍ ഡി.സജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാകമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ; കശുവണ്ടി മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിശോധിക്കും
കേരളത്തിലെ കശുവണ്ടി സംസ്‌കരണ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍ നാളെ കൊല്ലത്ത് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് കൊല്ലം അയത്തില്‍ എ.ആര്‍.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ വിശിഷ്ടാതിഥിയാവുന്ന ചടങ്ങില്‍ വനിതാ കമ്മീഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയാവും.
വനിതാ കമ്മീഷനംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എസ്. അജിത, കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ എസ്. അജിത് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. കശുവണ്ടി മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.
‘കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം’
തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ക്യാഷ് ഓൺ ഡെലിവറി’; രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ ‘മധുര’ പ്രതികാരം
ന്യൂഡൽഹി: ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡർ ചെയ്ത ജിലേബി ക്യാഷ് ഓൺ ഡെലിവറി ആണെന്ന് മാത്രം. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.
സ്വിഗ്ഗിയിൽ നൽകിയ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവർത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്ക്ക് ജിലേബി അയക്കുന്നത് എന്ന കുറിപ്പും സ്ക്രീൻഷോട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓർഡർ അനുസരിച്ചുള്ള വിഭവം തയ്യാറാക്കുകയാണെന്നും ക്യാഷ് ഓൺ ഡെലിവറിയാണെന്നും തുടങ്ങിയ കാര്യങ്ങൾ ഓർഡറിൽ വ്യക്തമായി കാണാം.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എക്സിറ്റ് പോളുകൾ ശരിവെയ്ക്കുന്ന രീതിയിലായിരുന്നു കോൺഗ്രസിന്റെ പ്രകടനവും. ഒരു ഘട്ടത്തിൽ കോൺഗ്രസ് 70ന് മുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബിജെപി ഒറ്റ അക്കത്തിലേയ്ക്ക് ഒതുങ്ങുന്ന സാഹചര്യം പോലുമുണ്ടായി. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ എഐസിസി ആസ്ഥാനത്ത് ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു. ജിലേബി ഉൾപ്പെടെയുള്ള മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമൊക്കെ നിരവധി പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയത്.
അപ്രതീക്ഷിത കുതിപ്പുമായി ബിജെപി മുന്നേറിയതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തിവെയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. കോൺഗ്രസിൻ്റെ വിജയസാധ്യതകളെ തകിടം മറിച്ചുകൊണ്ട് സംസ്ഥാനത്ത് ഹാട്രിക് വിജയം നേടിയതോടെ ബിജെപി പ്രവർത്തകർ ആവേശത്തിലായി. ജിലേബി വിതരണം ചെയ്താണ് ബിജെപി പ്രവർത്തകരും വിജയം ആഘോഷമാക്കിയത്. ചില ബിജെപി നേതാക്കൾ ജിലേബി കഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മുമ്പൊരിക്കൽ ഹരിയാനയിലെ ഒരു കടയിൽ നിന്ന് രാഹുൽ ജിലേബി കഴിച്ച ശേഷം നടത്തിയ പ്രതികരണം ബിജെപി വലിയ ട്രോളാക്കി മാറ്റിയിരുന്നു. തന്റെ ജീവിതത്തിൽ ഇത്രയും രുചികരമായ ജിലേബി കഴിച്ചിട്ടില്ലെന്നും ഈ ജിലേബിയെ ആഗോളതലത്തിൽ കയറ്റുമതി ചെയ്യണമെന്നും രാഹുൽ നിർദ്ദേശിച്ചിരുന്നു. മാത്രമല്ല, ലോകമെമ്പാടും ഈ കടയുടെ ഫാക്ടറികൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഈ ജിലേബികൾ ഉണ്ടാക്കുന്നത് ഫാക്ടറിയിലല്ലെന്ന പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.





































