26.2 C
Kollam
Thursday 18th December, 2025 | 10:58:41 PM
Home Blog Page 2774

മാളവിക ജയറാം വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.

ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കൊത്ത.ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.സി വി ആനന്ദബോസ് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് തൃണമൂൽ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.
ഗവർണർക്കെതിരെ സ്ത്രീ പരാതി നൽകിയെന്നും ടി എം സി ആരോപിച്ചു. ആരോപണം നിഷേധിച്ച് ഗവർണർ സി വി ആനന്ദ ബോസ് രംഗത്ത് വന്നു.


സത്യം ജയിക്കുമെന്നും,തന്നെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബംഗാളിൽ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുംമെന്നും ഗവർണർ വ്യക്തമാക്കി.
തൃണ മൂൽ കോണ്ഗ്രസിന്റെ ആരോപണത്തിനു പിന്നാലെ ബംഗാൾ രാജ്ഭവൻ പരിസരത്ത് പോലീസിൻ്റെ പ്രവേശനം നിരോധിച്ചു.തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണം നടത്തുന്നതിൻ്റെ മറവിൽ, രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്താൻ അനധികൃതവും നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതമായതുമായ നടപടികൾ ഉണ്ടാകാമെന്ന് രാജ്ഭവൻ പ്രതികരിച്ചു.മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ കൊൽക്കത്ത, ഡാർജിലിംഗ്, ബാരക്ക്പൂർ എന്നിവിടങ്ങളിലെ രാജ്ഭവൻ വളപ്പുകളിൽ പ്രവേശിക്കുന്നത് വിലക്കാനും ഉത്തരവ് ഉണ്ട്.

ഇന്നും സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും

തിരുവനന്തപുരം .പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും സംസ്ഥാന വ്യാപകമായി ബഹിഷ്കരിക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളും തൊഴിലാളി യൂണിയനുകളും. ഇന്നലെ സംസ്ഥാനത്ത് ഉടനീളം ടെസ്സുകൾ ബഹിഷ്‌കരിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇന്നലെ ഒരിടത്തും ടെസ്റ്റ് നടന്നില്ല. ഡ്രൈവിംഗ് പരിഷ്കരണം നടപ്പിലാക്കാൻ ഉള്ള ഗതാഗത മന്ത്രിയുടെ തീരുമാനത്തിനെതിരെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റുകൾ അടച്ചിട്ടും, വാഹനങ്ങൾ വിട്ട് നൽകാതെയും ഉൾപ്പെടെയായിരുന്നു ഇന്നലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പലയിടങ്ങളിലും പ്രതിഷേധിച്ചത്. ഡ്രൈവിംഗ് സ്കൂളുകളെ ഇല്ലായ്മ ചെയ്യുന്ന പുതിയ പരിഷ്കരണം നടപ്പിലാക്കാൻ അനുവദിക്കില്ല എന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് കോടതി പറയാതെ പിന്നോട്ടില്ല എന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട് . അതെ സമയം പരിഷ്കരണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും.

അമേഠി റായ്ബറേലി ,അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്

ന്യൂഡെല്‍ഹി. അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അവസാന ദിനം വരെ സസ്പെൻസ് തുടർന്ന് കോൺഗ്രസ്.ഇരു മണ്ഡലങ്ങളുടെയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പോസ്റ്ററുകളും ആയി ഇരുമണ്ഡലങ്ങളിലെയും പ്രവർത്തകർ രാത്രി വൈകിയും പ്രഖ്യാപനം കാത്തിരുന്നു. ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനായി വൻ റാലിക്കായുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.

അതേസമയം ലഡാക്ക് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി,മുതിർന്ന കോൺഗ്രസ് നേതാവും ലേ ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ സെറിംഗ് നംഗ്യാലിന്റെ പേര് പ്രഖ്യാപിച്ചു.അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിൽ എത്തി. ബർധമാൻ – ദുർഗ പൂർ, കൃഷ്ണനഗർ, ബോൽപൂർ എന്നിവിടങ്ങളിലായി ബംഗാളിൽ മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ജാർഖണ്ഡിലെ സിംഘ്ഭൂമിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

അഡ്വ.കൈപ്പുഴ എൻ വേലപ്പൻനായർ അന്തരിച്ചു
 

കൊല്ലം . ബാറിലെ ഏറ്റവും മുതിർന്ന അംഗമായ പ്രമുഖ അഭിഭാഷകനും ആൾ ഇന്ത്യാ ഫോർവേർഡ് ബ്ളോക്ക് മുൻ ദേശീയ ചെയർമാനുമായിരുന്ന അഡ്വ . കൈപ്പുഴ എൻ.വേലപ്പൻനായർ (98) അന്തരിച്ചു. എൻ.ശ്രീകണ്ഠൻ നായരോടൊപ്പം പ്രവർത്തിച്ച ആദ്യകാല ആർ.എസ്.പി സംസ്ഥാന നേതാക്കന്മാരിൽ ഒരാളാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേ താവുമായിരുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം നാലു തവണ ചൈന സന്ദർശനം നടത്തി.അധികാര രാഷ്ട്രീയത്തിൽ നിന്നും എന്നും അകലം പാലിച്ചിരുന്നു.ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുവാൻ  പാർട്ടി നൽകിയ അവസരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറിയിരുന്നു. 1956ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 66വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കൊല്ലം ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അഭിഭാഷകനും മായിരുന്നു. 10 വർഷക്കാലം കൊല്ലം ഡിസ്ട്രിക്ററ് ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു.1960മുതൽ 65വരെ ആർ.എസ്.പി പ്രതിനിധിയായി തേവള്ളി വിർഡിൽ നിന്ന് കൊല്ലം മുൻസിപ്പൽ കൗൺസിലറായിരുന്നു.ആൾ കേരളാ മർച്ചന്റ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡണ്ടായിരുന്നു.ആദ്യമായി ചെറുകിട കച്ചവടക്കാർക്കായി സംഘടനയുണ്ടാക്കി അതിനു നേതൃത്വം നൽകി. മാമ്പുഴ എൽ.പി സ്കൂൾ സ്ഥാപക മാനേജരായിരുന്നു. ശാരദാംബ ഭാര്യയും പരേതനായ വി.ചന്ദ്രമോഹൻ, ബീന, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കൈപ്പുഴ വി.റാംമോഹൻ, വി.ശ്യാംമോഹൻ എന്നിവർ മക്കളും സനാതന ഐ ഹോസ്പിറ്റൽഡയറക്ടർ ഡോ.എം.പുരുഷോത്തമൻപിള്ള, രഞ്ജിനി, സായി ഗീത(ചാത്തന്നൂർ NSS ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നിഷാ എന്നിവർ മരുമക്കളുമാണ്. അന്ത്യകർമ്മങ്ങൾ നാളെ(4/5/24) രാവിലെ 11.30ന് ആദിച്ചനല്ലൂർ ചെമ്പകത്തോപ്പ് വീട്ടുവളപ്പിൽ വച്ച് നടത്തും.
ഭൗതികശരീരം ഇന്ന് രാവിലെ മുതൽ തേവള്ളിയിലെ വീട്ടിൽ ഉണ്ടാകുന്നതാണ്.

ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി

ഗുരുവായൂർ:
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. ഇന്ന് രാവിലെ 6.15നായിരുന്നു മുഹൂർത്തം.

നിറകണ്ണുകളോടെയാണ് ജയറാം നവദമ്പതികളെ അനുഗ്രഹിച്ചത്. രാവിലെ 10.30 മുതല്‍ തൃശൂർ ഹയാത്ത് ഹോട്ടലില്‍ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെയുള്ളവർ ചടങ്ങില്‍ പങ്കെടുക്കും. നവനീത്‌ യു.കെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.

കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1992 സെപ്തംബർ ഏഴിന് ഗുരുവായൂരില്‍ വച്ച്‌ തന്നെയായിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡല്‍ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

റായ്ബറേലിയില്‍ മല്‍സരിക്കാൻ രാഹുല്‍ഗാന്ധി…. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കും. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും. അതേസമയം അമേഠിയില്‍ കെ.എല്‍. ശര്‍മ്മ സ്ഥാനാര്‍ഥിയായേക്കും. ഇരു മണ്ഡലങ്ങളിലും ഇന്നു വൈകുന്നേരത്തോടെ നാമനിർദ്ദേശപത്രിക സമർപ്പണത്തിനുള്ള സമയം അവസാനിക്കും. അന്തിമ തീരുമാനത്തിനായി ഇന്നലെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കർണാടകയിലെ ശിവമോഗയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി…

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ തള്ളി. അസം സ്വദേശി ലേമാൻ കിസ്ക് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി പാണ്ടി ദുരൈ എന്നയാളെ അറസ്റ്റ് ചെയ്തു. ലേമാന്‍ കിസ്ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ  ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഏപ്രിൽ 26ന് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വേസ്റ്റ്  കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചതായും വാകത്താനം പൊലീസ് പറഞ്ഞു.

കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്.
ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക സമ്മതിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ പ്രസ്താവന.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പില്‍ ഇന്ത്യയില്‍ ഫലപ്രാപ്തി പരീക്ഷണങ്ങള്‍ നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനായിരുന്നു.
പഠനങ്ങളും തുടര്‍നടപടികളും കൊവാക്‌സിനുള്ള അതിന്റെ ‘മികച്ച സുരക്ഷാ റെക്കോര്‍ഡ്’ തെളിയിച്ചിട്ടുണ്ടെന്നും രക്തം കട്ടപിടിക്കല്‍, ത്രോംബോസൈറ്റോപീനിയ, പെരികാര്‍ഡിറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെ വാക്‌സിനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി പറഞ്ഞു.

ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി

പത്തനാപുരം: സ്വകാര്യ സഹകരണ ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി. പിറവന്തൂര്‍ വെട്ടിത്തിട്ട കിഴക്കേതില്‍ നിഖില്‍ എബ്രഹാമാ(25)ണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രി ജീവനക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.
ടീ ഷര്‍ട്ടിന്റെ ഉള്ളില്‍ പ്രത്യേകം അറയായി ആണ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. പ്രതിയെ വിശദമായ അന്വേഷണത്തിനായി പത്തനാപുരം പോലീസിന് കൈമാറി.