വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും ജാ​ഗ്രത വേണം

Advertisement

പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാൽ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).

ഉയർന്ന തോതിൽ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാർഗനിർദേശങ്ങളിൽ പറയുന്നു. ഭക്ഷണത്തിൽ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോൾ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആർ വിദഗ്ധർ പറയുന്നു. ഇത് വിളർച്ച, ധാരണാശേഷിക്കുറവ്, ഓർമ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കാമെന്നും മാർഗ്ഗരേഖ പറയുന്നു.

ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ഗ്രാമും പഞ്ചസാരയുടേത് 25 ഗ്രാമുമാണ്. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതിൽ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാൻ പാടില്ലെന്നും ഐസിഎംആർ നിർദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകൾ, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങൾ, അച്ചാർ, പപ്പടം എന്നിവയിലെല്ലാം ഉപ്പും പഞ്ചസാരയും അധികം ചേർക്കുമെന്നും ഐസിഎംആർ മുന്നിറിയിപ്പ് നൽകുന്നു.

Advertisement