ചോക്ക്‌ലേറ്റ് അധികം കഴിക്കല്ലേ, മുഖക്കുരു വരും; സത്യമിത്

Advertisement

മാരകരോഗമല്ല, മിക്കവരിലുമുണ്ടാകുന്ന ഒരവസ്ഥയാണ് എങ്കിൽക്കൂടിയും മുഖക്കുരു ആളുകളെ ആശങ്കയിലാക്കുന്ന ഒന്നാണ്. ചർമ്മ സൗന്ദര്യത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നവരെ മാത്രമല്ല മുഖക്കുരു ആശങ്കപ്പെടുത്താറ്. മുഖക്കുരുവിൻറെ പേരിൽ പല കളിയാക്കലുകളും നേരിടേണ്ടിവരുന്നത് കൗമാരക്കാരെയടക്കം വിഷമത്തിലാക്കുന്ന കാര്യമാണ്.

മുഖക്കുരുവിന് കാരണമായി പല വിചിത്ര കാരണങ്ങളും നാമെല്ലാം ഒരിക്കലെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ടാകും. മുഖക്കുരുവിന് കാരണമായി പരക്കെ പറയപ്പെടുന്ന ഒന്നാണ് നമ്മുടെ ഭക്ഷണരീതി. ചോക്ക്‌ലേറ്റുകൾ കഴിച്ചാൽ മുഖക്കുരു വരും എന്നതാണ് ഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ പ്രചാരം നേടിയിട്ടുള്ള ഒരു കാര്യം. എന്താണ് ഇതിലെ വസ്‌തുത.

മുഖക്കുരുവിന് കാരണമായി ഏറെക്കാലമായി പറയപ്പെടുന്ന ഒന്നാണ് ചോക്ക്‌ലേറ്റ്. ഇത് സംബന്ധിച്ചുള്ള നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ കാണാനാകും. ചോക്കലേറ്റ് ഒഴിവാക്കൂ….’മുഖക്കുരു കുറയ്ക്കൂ’… എന്നൊരു ട്വീറ്റ് സാമൂഹ്യമാധ്യമമായ എക്‌സിൽ 2014 ജൂലൈ 13ന് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കാണാം. ‘മുഖക്കുരുവിന് കാരണമാകുന്ന എണ്ണമയമുള്ള സ്‌കിനുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് ചോക്‌ലേറ്റുകളും നട്‌സും മധുരവും’ എന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു. ഇത്തരത്തിൽ നിരവധി ട്വീറ്റുകൾ നമുക്ക് പരതിയാൽ മിനുറ്റുകൾക്കുള്ളിൽ കണ്ടെത്താം. മുഖക്കുരുവുള്ളവർ അത്രകണ്ട് ഭയക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണമാണോ ചോക്ക്‌ലേറ്റ്. അതും മധുരവും ചോക്‌ലേറ്റിൻറെ രുചിയും പ്രിയപ്പെട്ടവരാണെങ്കിൽ ചോക്ക്‌ലേറ്റ് ഒഴിവാക്കണമെന്ന കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടോ? എന്താണ് നിങ്ങൾ മനസിലാക്കേണ്ട യാഥാർഥ്യം.

ചോക്ക്‌ലേറ്റുകളും മുഖക്കുരുവും തമ്മിൽ ചില ബന്ധങ്ങളുണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ത്വക്ക്‌രോഗ വിഭാഗം അസിസ്റ്റൻറ് പ്രൊഫസായ ഡോ. അശ്വിൻ ആർ ഈ വിഷയത്തിൽ പ്രതികരിച്ചു. ‘പാലുൽപന്നങ്ങൾ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്ന പദാർഥമാണ്. പാൽ ചേർത്തുകൊണ്ടാണ് പല ചോക്ക്‌ലേറ്റുകളും നിർമ്മിക്കുന്നത്. അതിനാൽതന്നെ ചോക്ക്‌ലേറ്റ് കഴിക്കുന്നത് മുഖക്കുരുവിനുള്ള സാധ്യത കൂട്ടുകയും നിലവിൽ പ്രശ്‌നം നേരിടുന്നവരുടെ അവസ്ഥ കൂടുതൽ വഷളാക്കാൻ വഴിവെക്കുകയും ചെയ്തേക്കാം. മധുരമടക്കം ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാവുകയോ വർധിപ്പിക്കുകയോ ചെയ്യുന്ന ഘടകമാണ് എന്നതും പരിഗണിക്കേണ്ടതുണ്ട്. ചോക്ക്‌ലേറ്റിൽ ഉയർന്ന അളവിൽ ഷുഗർ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിൻറെ പ്രശ്‌നം നേരിടുന്നവരോട് ചോക്ക്‌ലേറ്റുകൾ കഴിക്കുന്നത് കുറയ്‌ക്കാൻ അതിനാൽതന്നെ നിർദേശിക്കാറുണ്ട് എന്നും ഡോ. അശ്വിൻ ആർ പറഞ്ഞു.

മുഖക്കുരുവിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ ഭക്ഷണ രീതി മാത്രമല്ല, മറ്റനേകം സാഹചര്യങ്ങളും മുഖക്കുരുവിന് കാരണമാകുമെന്നും ഏവരും മനസിലാക്കേണ്ടതാണ്. മുഖക്കുരുവിനെ കുറിച്ചുള്ള വിചിത്ര പ്രചാരണങ്ങളോട് ഗുഡ്‌ബൈ പറയേണ്ടതുമുണ്ട്.

Advertisement