കൈനോട്ടക്കാരി മരണം പ്രവചിച്ചു, സമ്മാനമായി കൊടുത്ത ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതിക്ക് മരണം

Advertisement

കൈനോട്ടക്കാരി മരണം പ്രവചിച്ചു, സമ്മാനമായി കൊടുത്ത ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതിക്ക് മരണം

ബ്രസീലിയൻ യുവതിയായ ഫെർണാണ്ട വലോസ് പിന്റോ എന്ന 27 കാരിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്രസീലിലെ മസെയോയിൽ വച്ചാണ് സംഭവം നടന്നത്. നഗരത്തിലൂടെ നടന്നു പോകുന്നതിനിടയിൽ കണ്ടുമുട്ടിയ പ്രായമായ സ്ത്രീ പിന്റോയുടെ കൈനോക്കി പ്രവചനം നടത്തുകയായിരുന്നു. നിങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസങ്ങളേ വിധിച്ചിട്ടുള്ളു എന്നാണ് വൃദ്ധ പറഞ്ഞത്. ശേഷം സമ്മാനമായി ഒരു ചേക്ലേറ്റും പിന്റോയ്ക്ക് നൽകി. ശേഷം വളരെ കുറച്ച് മണിക്കൂറുകൾ മാത്രമേ പിന്റോ ജീവിച്ചിരുന്നുള്ളു.

വിശപ്പുണ്ടായിരുന്നതു കൊണ്ട് ആ ചോക്‌ലേറ്റ് അവൾ അപ്പോൾ തന്നെ കഴിക്കുകയായിരുന്നുവെന്ന് കസിൻ ബിയാങ്ക ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു. ആരും ഒപ്പമുണ്ടായിരുന്നില്ലെങ്കിലും മെസേജുകൾ വഴി ഫെർണാണ്ട വിവരങ്ങൾ കുടുംബത്തെ അറിയിച്ചിരുന്നു. ചോക്ലേറ്റ് കഴിച്ചതിനു ശേഷം തന്റെ ഹൃദയമിടിപ്പ് കൂടിയെന്നും ഛർദ്ദിക്കുകയും, വായിൽ മുഴുവൻ കയ്പ്പുരസം തോന്നിയെന്നു പറയുകയും ചെയ്തിരുന്നു. തന്റെ കാഴ്ച മങ്ങുന്നുവെന്നും, വീഴാൻ പോയി എന്നും പിന്റോ പറഞ്ഞിരുന്നു. തീരെ അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന വ്യക്തി ആയതുകൊണ്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ആദ്യം ആർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. ശരീരത്തിൽ കീടനാശിനിയുടേതു പോലുള്ള വിഷാംശം കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടു വന്നതോടെയാണ് സംശയം തോന്നിയതും പൊലീസിനെ ബന്ധപ്പെട്ടതും. ഓഗസ്റ്റ് മാസത്തിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Advertisement