മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ എം.എസ്. ധോണിയും

ചെന്നൈ: മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ എം.എസ്. ധോണിയുമെത്തി. കഴിഞ്ഞ ദിവസം ചെന്നൈയിലെ സത്യം സിനിമാസില്‍ ടീം അംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം ചിത്രം കാണാനെത്തിയതെന്നാണ് പുതിയ വാര്‍ത്ത. സത്യം സിനിമാസില്‍ നിന്ന് ധോണി ടീം അംഗങ്ങളായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്‌സ് സത്യം സിനിമാസില്‍ ഇപ്പോഴും നാലു ഷോ പ്രദര്‍ശനമുണ്ട്. തിയറ്ററില്‍ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ധോണിയെ കാണാനും ആരാധകര്‍ തടിച്ചു കൂടിയിരുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ് പരിഭാഷയില്ലാതെ തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 50 കോടിയലിധം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം നേടിയത്.

Advertisement