ശ്രീരാമന് ശേഷം പ്രഭാസ് പരമശിവനാകുന്നു……

Advertisement

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് ആരാധകരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായിട്ടില്ല. അദ്ദേഹത്തിന്റെതായി ഏറെ പ്രതീക്ഷയോടെ എത്തിയ സാഹോ, രാധേശ്യ ഏറ്റവും ഒടുവില്‍ ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ഓളം തീര്‍ക്കാതെയാണ് കടന്നു പോയത്.
ഇപ്പോഴിതാ വിഷ്ണു മഞ്ജുവിന്റെ ചിത്രമായ കണ്ണപ്പയില്‍ പ്രഭാസും ഭാഗമാകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രഭാസിനൊപ്പമുള്ള ചിത്രം വിഷ്ണു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ണപ്പയില്‍ നടന്‍ പരമശിവനായിട്ടാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കണ്ണപ്പ എന്ന ഹാഷ്ടാഗിനൊപ്പം ഹര്‍ ഹര്‍ മഹദേവ് എന്ന കുറിപ്പുമായാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതുവരെ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. പരമശിവനായുള്ള നടന്റെ കഥാപാത്രം ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബോളിവുഡ് താരം കൃതി സനോനിന്റെ സഹോദരി നുപുര്‍ സനോണാണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രഭാസ് ശ്രീരാമനായി എത്തിയ ആദിപുരുഷ് എന്ന ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

Advertisement