അപകടത്തിന് ശേഷമുള്ള തിരിച്ചുവരവ്; മഹേഷ് കുഞ്ഞുമോന്റെ പുതിയ മിമിക്രി വിഡിയോ വൈറലാകുന്നു

Advertisement

തന്റെ തിരിച്ചുവരല്‍ അവിസ്മരണീയമാക്കിയിരിക്കുകയാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ പുതിയ മിമിക്രി വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണം സ്‌പെഷ്യലായാണ് മഹേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പോസ്റ്റ് ചെയ്തത്. വിനായകന്‍, ബാല, അറാട്ടണ്ണന്‍ തുടങ്ങിയവരുടെ ശബ്ദമാണ് മഹേഷ് അനുകരിച്ചത്.
രജനീകാന്തിന്റെ ജയിലറിനെക്കുറിച്ചുള്ള ആറാട്ടണ്ണന്റെ റിവ്യൂ ആണ് വിഡിയോയ്ക്ക് ആധാരം. രസകരമായാണ് മഹേഷ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളമുള്ള ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മിമിക്രി വിഡിയോയുമായി മഹേഷ് എത്തുന്നത്. എന്നാല്‍ ഇതൊന്നും മഹേഷിന്റെ മിമിക്രിയെ അവതരണത്തെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ.
രണ്ടുമാസത്തോളമായി വീട്ടില്‍ തന്നെയായിരുന്നുവെന്നും പരിപാടിയൊന്നുമില്ലായിരുന്നെന്നും മഹേഷ് കുഞ്ഞുമോന്‍ വിഡിയോയില്‍ പറയുന്നുണ്ട്. ഇനിയും ഓപ്പറേഷനുകള്‍ ബാക്കിയുണ്ടെന്നും ചികിത്സ നടക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിരവധിപേരാണ് കുഞ്ഞുമോന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതരമായ പരുക്കേല്‍ക്കുന്നത്.

Advertisement