നിങ്ങളുടെ പ്രാര്‍ഥനകള്‍ ഫലിച്ചു, ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്: ബോംബെ ജയശ്രീ

Advertisement

കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ ആരോഗ്യം വീണ്ടെടുക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഫലിച്ചു, ഞാൻ ജീവിതത്തിലേക്ക് മടങ്ങിവരികയാണ് എന്നാണ് ബോംബെ ജയശ്രീ അറിയിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ബോംബെ ജയശ്രീ തന്റെ ആരോഗ്യ വിവരം പങ്കുവെച്ചത്. ഒട്ടേറെ പേരാണ് ബോംബെ ജയശ്രീക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ബോംബെ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബോംബെ ജയശ്രീ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്രിട്ടനില്‍ വിവിധ സംഗീത പരിപാടികളുമായി പോയതായിരുന്നു ബോംബെ ജയശ്രീ.

ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ സംഭവിച്ച അന്യൂറിസത്തെ തുടര്‍ന്നാണ് ചികിത്സയ്‍ക്ക് എത്തിച്ചത്. രക്തക്കുഴലുകളിലെ തകരാറിനാലോ, രക്തകുഴലുകള്‍ ദുര്‍ബലമാകുന്നതിനാലോ രക്ത ധമനികള്‍ വീർക്കുന്ന അവസ്ഥയാണ് അന്യൂറിസം. ഇതേതുടര്‍ന്ന് ബോംബെ ജയശ്രിക്ക് കീഹോള്‍ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും ഗായിക ബോംബെ ജയശ്രീ ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍.

കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റേതായ വ്യക്തി മുദ്ര നൽകിയ ബോബെ ജയശ്രീ ആരാധകരുടെ പ്രിയങ്കരിയായ ഗായികയാണ്. ‘മിന്നലെ’ എന്ന ചിത്രത്തിലെ ‘വസീഗര’, ‘ഗജിനി’യിലെ ‘സുട്ടും വിഴിച്ചുടെരെ’, ‘വേട്ടയാടു വിളയാടിലെ ‘പാർഥ മുതൽ’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ ബോംബെ ജയശ്രീ ആലപിച്ചിട്ടുണ്ട്. പത്‍മശ്രീ നല്‍കി ബോംബെ ജയശ്രീയെ രാജ്യം ആദരിച്ചിട്ടുണ്ട്. സംഗീത കലാനിധി, ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗായികയ്‍ക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‍കാരം, തമിഴ്‍നാടിന്റെ കലൈമണി പുരസ്‍കാരം, സംഗീത കലാസാരഥ, മികച്ച ഒറിജിനല്‍ സോംഗിനുള്ള അക്കാദമി നോമിനേഷൻ തുടങ്ങിയവ ബോംബെ ജയശ്രീക്ക് ലഭിച്ചിട്ടുണ്ട്.

Advertisement