നയൻതാരയ്ക്ക് വേണ്ടി ​ഗർഭം ധരിച്ചത് ബന്ധുവല്ലെന്ന് റിപ്പോർട്ട്

Advertisement

ചെന്നൈ: നയൻതാരയുടെ വാടകഗർഭധാരണ നടപടിക്രമങ്ങൾ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് പിഴവുകളുണ്ടെന്ന് റിപ്പോർട്ട്.

സ്ഥാപന ഉടമകൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടും.
ഇക്കൊല്ലം ജൂൺ ഒൻപതിന് വിവാഹച്ചടങ്ങ് നടത്തിയ ദമ്പതികൾ നാല് മാസത്തിനു ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന് അറിയിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

വിവാഹിതരായി അഞ്ച് വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകൾ ലംഘിച്ചെന്ന ആരോപണം ഉയർന്നിരുന്നു.

ഇരുവരും 2016 മാർച്ച് 11നു വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖകളുടെ ആധികാരികത സമിതി പരിശോധിച്ച് ഉറപ്പിച്ചു. വാടക ഗർഭധാരണം നടത്തിയ യുവതി നയൻതാരയുടെ ബന്ധുവല്ലെന്നും വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാടകഗർഭധാരണത്തിനു നിർദേശിക്കുന്ന കുടുംബ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാൽ, ഡോക്ടർ വിദേശത്തേക്കു പോയതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

വാടകഗർഭധാരണ ഭേദഗതി നിയമം പ്രാബല്യത്തിലാകുന്നതിനു മുൻപു തന്നെ കരാർ ഒപ്പിട്ടതിനാൽ ഗർഭധാരണം നടത്തുന്നതു ബന്ധുവായിരിക്കണമെന്ന നിബന്ധനയും താരദമ്പതികൾക്ക് ബാധകമാവില്ല. എന്നാൽ, ദമ്പതികൾ വാടക ഗർഭധാരണം അർഹിക്കുന്നുവെന്ന് തെളിയിക്കുന്ന ചികിത്സയുടെയും ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യവിവരങ്ങളും ആശുപത്രിയിൽ കൃത്യമായി സൂക്ഷിച്ചിട്ടില്ല.

Advertisement