കന്താരാ ഒരു ജനതയുടെ അസ്തിത്വത്തിലെയ്ക്കുള്ള തിരിഞ്ഞു നടപ്പ്

Advertisement

പ്രസാദ്

ഇന്നലെയാണ് കന്താരാ കണ്ടത്. ഹിന്ദുത്വ സിനിമ എന്നെല്ലാം ഉള്ള വിമർശനങ്ങൾ ഏറെ ഉയർന്നിരുന്നു എങ്കിലും വാസ്തവത്തിൽ ഇത് വൈദീക ഹിന്ദുത്വത്തിൽ നിന്നും സ്വന്തം അസ്തിത്വത്തിലെയ്ക്കുള്ള ഒരു തിരിച്ചു പോക്കാണ്.

കര മുഴുവൻ നിറഞ്ഞ കാടിനെ വെട്ടിത്തെളിച്ച് കൃഷിയും, സ്ഥിരം താമസ സ്ഥലങ്ങളും നിർമിച്ച മനുഷ്യന് ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയായിരുന്നു ദൈവം. ഓരോ സമൂഹങ്ങളും തങ്ങളുടെ ജീവിത ശൈലി അനുസരിച്ചുള്ള ദൈവങ്ങളെ സങ്കല്പിച്ച് ആരാധിച്ചു വന്നു. സമൂഹത്തിൻ്റെ മുന്നോട്ടുള്ള പ്രയാണം സങ്കൽപങ്ങളുടെ ചിട്ടകളും മാറ്റി.

പ്രകൃതിയോട് ചേർന്ന് ജീവിച്ചവർ ദൈവങ്ങളെ പ്രകൃതിയിൽ കണ്ടു.
അവരുടെ കണ്ടം പൂട്ടുന്ന മാടുകൾ ഉത്സവ ദിവസം ഓട്ടമത്സരം നടത്തി, അഡ്രിനാലിൻ വാശികൾ പോരു കോഴികളുടെ രൂപത്തിൽ പരസ്പരം കൊത്തിക്കീറി, ഭൂത പ്രേത പിശാചുക്കൾ ഊരിൽ ചോര വീഴ്ത്താതിരിക്കാൻ; ഒപ്പം ചോര കണ്ടാൽ ഭയക്കുന്നതല്ല തൻ്റെ വീരം എന്നൂട്ടിയുറപ്പിക്കാൻ വർഷാവർഷം ബലി നൽകി. അവരുടെ ദൈവങ്ങൾ നിയമങ്ങൾ ഇല്ലാത്തവർ ആയിരുന്നു. അവരുടെ വേഷം കെട്ടിയാടിയവരിലൂടെ ഓരോ മനുഷ്യനെയും അവർ കുഞ്ഞേ എന്ന് വിളിച്ചു, താലോലിച്ചു, ആശ്വസിപ്പിച്ചു, കൂടെ ഞാനുണ്ട് എന്ന ഉറപ്പ് കൊടുത്തു.

മറുവശത്ത് ഹിരണ്യ ഗർഭരായ ദേവതകളെ ആരാധിച്ച കൂട്ടർക്ക് സിനിമയിൽ കാണിച്ചത് പോലെ തൃപ്തി എന്തെന്ന് അറിയാതെ പോകയാൽ, തൃപ്തി തേടി തേടി അപരിഷ്കൃത ദൈവങ്ങളുടെ മുൻപിൽ അടിയിണ പണിതു. പോകെ പോകെ ആദി ദൈവങ്ങൾക്കും അവർ നിയമാവലികൾ ചമച്ചു, ദൈവങ്ങളെ തങ്ങളുടെ പൈതങ്ങളിൽ നിന്നും തീണ്ടാപ്പാടകലെ കുടിയിരിക്കുന്നവർ ആക്കി, പുതുതായി വന്നവർ ദൈവങ്ങളുടെ ഉടമകളുമായി.

ദൈവങ്ങൾ ഗസറ്റിൽ പരസ്യം കൊടുത്ത് സംസ്കൃത നാമങ്ങൾ സ്വീകരിച്ചു. പഞ്ചുരുളി എന്ന പന്നി ദൈവം വരാഹിയായി, നീലി കാളിയും ഭഗവതിയും ആയി, മാടൻ ശിവനായി, കുട്ടിച്ചാത്തൻ കുക്ഷി ശാസ്താവായി. കള്ളും കോഴിയും കഴിച്ചിരുന്ന ദൈവങ്ങൾ എല്ലാം മാംസാഹാരം വർജ്ജിച്ചു, ശുദ്ധി വൃത്തികൾ നിർബന്ധമായി, കാറ്റും വെയിലും മഴയും അവരുടെ സ്കിൻ ടോണിനെയും ആരോഗ്യത്തെയും ബാധിക്കും എന്നത് കൊണ്ടവർ കാവുകളിൽ നിന്നും മാളികകളിലെയ്ക്ക് താമസം മാറ്റി.

കാട്ടുനീലി ആയിരുന്ന കാടാമ്പുഴയമ്മ തേങ്ങ പൊട്ടിച്ചു വെളിച്ചെണ്ണ കമ്പനിക്കാർക്ക് വിൽക്കുന്ന ഭഗവതിയായി. പൂമുറ്റം മുതൽ നട വരെ രക്തക്കളം കണ്ടിരുന്ന കൊടുങ്ങല്ലൂർ അമ്മയുടെ മുൻപിൽ ഒരേ കോഴി തന്നെ ദിവസത്തിൽ നാൽപത് തവണ സാഷ്ടാംഗം തൊഴുത്, വീണ്ടും വിൽപന കൗണ്ടറിലേക്ക് തിരിച്ച് പോയി. കേരളത്തിൽ മാത്രമല്ല വനവാസികളുടെ നീൽ മാധവൻ പുരിയിൽ ജഗന്നാഥൻ ആയി. ഒഡീഷയിലെ കോന്ധ് ഗോത്രക്കാരുടെ അമ്മ ദൈവമായിരുന്ന മക്തായിക്ക് ഹിന്ദുത്വത്തിൻ്റെ അട്ടിപ്പേർ അവകാശം കയ്യാളുന്നവർ ക്ഷേത്രം പണിയിച്ച കഥയും സമാനമാണ്. അമ്പലം പണി തീർന്നപ്പോൾ ഹിന്ദുത്വം കോടതിയിൽ കേസ് കൊടുത്തു, പ്രതിഷ്ഠകൾ ശിവനും ദുർഗയുമാണ് ; ബലി കൊടുക്കൽ നിർത്തണം എന്ന്. അവസാനം വിജയദശമി ഒഴികെയുള്ള ദിനങ്ങളിൽ ബലി നൽകാൻ അനുവാദം നൽകി കേസ് ഒത്തുതീർപ്പ് ആയി.

കന്താരാ സിനിമ ഇറങ്ങിയപ്പോൾ ഉഡുപ്പിയിൽ ഉള്ളൊരു കൂട്ടുകാരി പറഞ്ഞു, സിനിമയിൽ കാണിക്കുന്നതാണ് ഞങ്ങളുടെ യഥാര്ത്ഥ ദൈവങ്ങൾ. തിരിച്ചറിവുകൾ ഉണ്ടാകട്ടെ …

Note : സിനിമ തിയേറ്ററിൽ തന്നെ കാണണം. കഴിയുമെങ്കിൽ മലയാളം ഡബ്ബിംഗ് ഒഴിവാക്കണം.

Advertisement