ഇങ്ങനെ ചെയ്താല്‍ പുഴുകയറാതെ മാങ്ങമുഴുവന്‍ പഴുപ്പിച്ച് തിന്നാം

Advertisement

മാങ്ങാക്കാലമായി കേരളത്തില്‍ നമ്മുടെ നാടന്‍ ഇനങ്ങളും അത്യാവശ്യം ഒട്ടുമാവുകളുമായി മിക്കവീടുകളിലും മാങ്ങാധാരാളമുണ്ട്. പക്ഷേ എന്തുഫലം അതുമുഴുവന്‍ പുഴുകയറിപ്പോകും. വിളഞ്ഞമാങ്ങാപഴുപ്പിക്കാന്‍ വച്ചാല്‍ മുളുവന്‍പുഴുവായിരിക്കും. ഈ ദുരന്തം കാണാന്‍വയ്യാത്ത മലയാളിയെ മാങ്ങാക്കച്ചവടക്കാര്‍ വന്നുകാണും ചില്ലറ എന്തെങ്കിലും തന്ന് ചുമടുകണക്കിന് മാങ്ങാ അവര്‍കൊണ്ടുപോകും. വിപണിയില്‍നിന്ന് വാങ്ങി ആശ തീര്‍ക്കാമെന്നു വച്ചാലോ കൊല്ലുന്നവില, അതിനും പുഴു, ഏതോ പുളിപ്പന്‍ ഇനം ഇങ്ങനെ മലയാളിക്ക് മാങ്ങാ ഒരു നൊസ്റ്റാള്‍ ജിയയാണ്. ഇതിന് പരിഹാരമായി അവനവന്റെ പറമ്പിലെ മാങ്ങാ മുഴുവന്‍ പഴുപ്പിച്ച് കഴിക്കാന്‍ ഒരു ടെക്‌നിക് ഉണ്ട്. ഒന്നല്ല ശരിക്കും പറഞ്ഞാല്‍ രണ്ട് ടെക്‌നിക് ഉണ്ട്. അനുയോജ്യമായത് തിരഞ്ഞെടുത്ത് പ്രയോഗത്തില്‍ വരുത്തി മാങ്ങാ രുചിയോടെ കഴിക്കാം.


ടെക്‌നിക് ഒന്ന്
മാങ്ങാവിളഞ്ഞുവെന്ന് ബോധ്യമായാല്‍ താഴെവീഴാതെ വലത്തോട്ടി ഉപയോഗിച്ച് പറിച്ചെടുക്കുക, ഒരുപാട് വൈകാതെ തന്നെ ആ മാങ്ങാ മുങ്ങാന്‍ ആവശ്യമായ വെള്ളത്തിന്റെ പകുതി ഏകദേശം ഒരു പാത്രത്തില്‍ അളവ് കണക്കാക്കി നന്നായി തിളപ്പിച്ച് എടുക്കുക ഇതില്‍അല്‍പം ഉപ്പും മഞ്ഞള്‍പൊടിയും ഇടാം. ഇനി ഈ തിളച്ച വെള്ളത്തില്‍ അത്രയുംതന്നെ പച്ചവെള്ളം ചേര്‍ക്കുക, ആദ്യം രണ്ട് ലിറ്റര്‍ വെള്ളം തിളപ്പിച്ചെങ്കില്‍ രണ്ട് ലിറ്റര്‍ പച്ച വെള്ളം ചേര്‍ക്കണം. ഇതിലേക്ക് പറിച്ചുവച്ച മാങ്ങാമുഴുവന്‍ ഇടുക. മാങ്ങാ മുങ്ങണം. ഇനി പത്തുമിനിറ്റു കാത്തിരിക്കുക, അതില്‍ കൂടുതല്‍ സമയം മാങ്ങാ ചൂടുവെള്ളത്തില്‍ കിടക്കരുത്. മാങ്ങകള്‍പുറത്തെടുത്ത് വയ്ക്കുക. നനവ് തുടച്ച് ചൂട് മാറുമ്പോള്‍ ഒരു ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലോ കച്ചിപ്പെട്ടിയിലോ വച്ച് പഴുപ്പിക്കാം. ഒറ്റപ്പുഴു കാണില്ല. അഥവാ ചിലതില്‍പുഴുകാണുന്നത്.അത് നമ്മള്‍ പറിക്കുംമുമ്പേ പുഴുതിന്നുപോയതിനാലാണ്.
ഇനി ടെക്‌നിക് 2
പറിച്ചമാങ്ങ ഒരു കവറിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുക(ഫ്രീസറിലല്ല)4-5 മണിക്കൂര്‍ കഴിഞ്ഞ് (അലാം വച്ച് വേണം പുറത്തെടുക്കാന്‍ മറന്നാല്‍ മാങ്ങ കറുത്തുപോകും)പുറത്തെടുത്ത് തണുപ്പ് മാറിയശേഷം പെട്ടിയില്‍ പൊതിഞ്ഞു വയ്ക്കുക. പഴുക്കുമ്പോള്‍ ചെത്തിപ്പൂളി നോക്കുക ഒറ്റപ്പുഴു കാണില്ല.
തിളച്ച വെള്ളത്തിലിട്ടും തണുപ്പിച്ചും മാങ്ങയുടെ തോലില്‍ മുട്ടയിട്ടിരിക്കുന്ന കായീച്ച ലാര്‍വയെ നശിപ്പിക്കുകയാണ് ചെയ്യുക

കായീച്ച പെരുകുമ്പോഴാണ് മാങ്ങ മുഴുവന്‍ പുഴുവാകുന്നത്. ഈ ഈച്ചയുടെ ലൈഫ് സൈക്കിള്‍ തകര്‍ത്താല്‍ കുറേവര്‍ഷംകൊണ്ട് ഈച്ചശല്യം ഇല്ലാതാക്കാം. മാങ്ങാക്കാലത്തിന് മുമ്പ് മാഞ്ചുവട്ടില് കരിയില തൂത്തുകൂട്ടി കത്തിക്കാം. കുമ്മായം വിതറി കിളച്ചുകൊടുക്കാം. പുഴുത്തുവീഴുന്ന മാങ്ങകള്‍ ഉപ്പിട്ട വെള്ളത്തില്‍ രണ്ടു ദിവസം ഇട്ടശേഷം പെറുക്കിക്കളയാം. ഈച്ചയുടെ ലാര്‍വ മണ്ണിലെത്തുന്നത് തടയാം. ഒരു പാട് മാവുകള്‍ അടുത്തുള്ളപ്പോള്‍ എല്ലാവരും ഈ രീതി അനുവര്‍ത്തിച്ചാലേ കാര്യമായ ഗുണം ലഭിക്കൂ.

Advertisement