കിംഗ്ഡം അരീനയില്‍ ബോക്സിംഗില്‍ ഇന്ന് ക്ലാസിക് പോരാട്ടം

Advertisement

റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്ന ബോക്സിംഗ് പോരാട്ടത്തില്‍ മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്മാരായ ആന്റണി ജോഷ്വയും ഓട്ടോ വാലിനും കിംഗ്ഡം അരീനയില്‍ കൊമ്പുകോര്‍ക്കും. ദിയോന്‍ടേ വില്‍ഡര്‍-ജോസഫ് പാര്‍ക്കര്‍, ഡാനിയേല്‍ ഡുബോയിസ്-ജാറല്‍ മില്ലര്‍ എന്നിവരും ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഏറ്റുമുട്ടും. ലെയ്റ്റ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ ദിമിത്രി ബിവോള്‍-ലിന്‍ഡന്‍ ആര്‍തര്‍ മത്സരവുമുണ്ടാവും.
ഒലക്സാണ്ടര്‍ ഉസിക്കിനോട് തുടര്‍ച്ചയായി രണ്ടു തവണ തോല്‍ക്കുകയും നാല് ഹെവിവെയ്റ്റ് ബെല്‍റ്റുകള്‍ അടിയറ വെക്കുകയും ചെയ്ത ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് 2012 ലെ ഒളിംപിക് ചാമ്പ്യനായ ജോഷ്വ. ജര്‍മയ്ന്‍ ഫ്രാങ്കല്‍നെയും റോബര്‍ട് ഹെലേനിയസിനെയും തോല്‍പിച്ച മുപ്പത്തിനാലുകാരന് വാലിനെതിരായ വിജയം മുന്‍നിരക്കാരുടെ നിരയിലേക്ക് ബ്രിട്ടിഷ് താരത്തിന് വീണ്ടും സ്ഥാനം നല്‍കും. വില്‍ഡറുമായുള്ള പോരാട്ടത്തിന് അവസരം സമ്മാനിക്കും. സ്വീഡന്‍കാരനായ വാലിനോട് തോറ്റാല്‍ തിരിച്ചുവരവിനായി ഒഴുക്കിയ വിയര്‍പ്പെല്ലാം പാഴാകും. വില്‍ഡര്‍ 2015 മുതല്‍ 2020 വരെ ഡബ്ല്യുബിസി ലോക ചാമ്പ്യനായിരുന്നു.

Advertisement