24.3 C
Kollam
Thursday 19th February, 2026 | 04:22:20 AM
Home News National മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു

മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും നാട്ടുകാർ ജീവനോടെ കത്തിച്ചു

Advertisement

റാഞ്ചി: മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും ജീവനോടെ കത്തിച്ച് നാട്ടുകാർ. ഝാർഖണ്ഡിലെ കലൈയ ഗ്രാമത്തിലാണ് അന്തവിശ്വാസത്തിൻ്റെ പേരിൽ മന്ത്രവാദിയെന്ന് ആരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ കത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ജ്യോതി സിങ്കു (32)വും രണ്ട് മാസം പ്രായമുള്ള ആൺക്കുട്ടിയെയുമാണ് വീട്ടിൽ അതിക്രമിച്ച കയറിയ നാട്ടുകാർ പെട്രോളൊഴിച്ച് കത്തിച്ചത്. പൊള്ളലിൻ്റെ ആഘാതത്തിൽ അമ്മയും മകനും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കോൽഹൻ സിങ്കു (40)ന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്‌തു. ജ്യോതി സിങ്കു മന്ത്രവാദിയാണെന്നും മന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്നും സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

”ചൊവ്വാഴ്‌ച രാത്രിയിൽ പ്രതികളിൽ ഒരാൾ കോൽഹൻ സിങ്കുവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന ജ്യോതി സിങ്കുവിൻ്റെയും കുട്ടിയുടെയും മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റു മരിച്ചു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ കോൽഹൻ സിങ്കുവിന് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൽഹൻ സിങ്കുവിൻ്റെ നില ഗുരുതരമാണന്ന്. പ്രാഥമിക അന്വേഷണങ്ങളിൽ, ചില സംഭവങ്ങളുമായി കുടുംബത്തെ ബന്ധിപ്പിച്ച് ഗ്രാമത്തിൽ കുറച്ച് ദിവസങ്ങളായി കിംവദന്തികൾ പ്രചരിച്ചിരുന്നു. നാട്ടുകാരിൽ ചിലർ ജ്യോതിയെ മന്ത്രവാദിനി എന്ന് മുദ്രകുത്തി. ഇതിന് പിന്നാലെയാണ് ക്രൂരമായ ആക്രമണം നടന്നത്” – കുമാർദുങ്കി പൊലീസ് പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തിയ 12 ഓളം ഗ്രാമീണർ ബുധനാഴ്‌ച രാവിലെ കുമാർദുങ്കി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായും പൊലീസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ തിരിച്ചറിയാനായി സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാഫേൽ മുർമു പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here