ട്രയിൻ ബോർഡിംഗ് നിയമങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. ഇനി മുതല്‍ യാത്രക്കാർ അവരുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറേണ്ടി വരും.
അതായത്, ഒരു യാത്രക്കാരൻ നിശ്ചയിക്കപ്പെട്ട ബോർഡിംഗ് സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയില്ലെങ്കില്‍, അടുത്ത സ്റ്റേഷൻ വരെ ടി.ടി.ഇ (TTE) അവർക്കായി കാത്തിരിക്കില്ല.
ബോർഡിംഗ് സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടുകയും ആ സീറ്റില്‍ യാത്രക്കാരൻ ഇല്ലാതിരിക്കുകയും ചെയ്താല്‍, ആ സീറ്റ് ഒഴിവുള്ളതായി കണക്കാക്കും. യാത്രക്കാരൻ എത്തിയിട്ടില്ല എന്ന് ടിക്കറ്റ് പരിശോധനയ്ക്കിടെ വ്യക്തമായാല്‍ ടി.ടി.ഇ ഉടൻ തന്നെ തന്റെ കൈവശമുള്ള ഹാൻഡ്‌ഹെല്‍ഡ് ഉപകരണത്തില്‍ ‘നോ ഷോ’ (No Show) എന്ന് എൻട്രി രേഖപ്പെടുത്തും. യാത്രക്കാരൻ നിശ്ചിത സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ എൻട്രി രേഖപ്പെടുത്തുന്ന നിമിഷം തന്നെ സിസ്റ്റത്തില്‍ ആ സീറ്റ് ഒഴിവുള്ളതായി കാണിക്കുകയും പിന്നീട് അത് തടഞ്ഞുവെക്കാൻ സാധിക്കാതിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു സീറ്റ് ഒഴിവായി പ്രഖ്യാപിച്ചാലുടൻ റെയില്‍വേ സംവിധാനം അത് വെയിറ്റിംഗ് ലിസ്റ്റിലോ ആർ.എ.സി (RAC) ടിക്കറ്റിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി അനുവദിച്ചു നല്‍കും. ഈ മാറ്റം വെയിറ്റിംഗ് ലിസ്റ്റിലും ആർ.എ.സിയിലുമുള്ള യാത്രക്കാർക്ക് വലിയ തോതില്‍ ഗുണകരമാകും.
































