349 മരണം, ഡൽഹി നടുങ്ങിയ ആകാശദുരന്തം; ചർഖി ദാദ്രി ദുരന്തത്തിന് 27 വയസ്സ്

Advertisement

ന്യൂഡൽഹി: ചർഖി ദാദ്രി എന്ന ഗ്രാമത്തിന് വിമാനം പുതിയ കാഴ്ചയല്ല. രാജ്യ തലസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണെങ്കിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതും അവിടുന്നു പറന്നുയരുന്നതുമായ വിമാനങ്ങൾ ഹരിയാനയുടെ ഈ കർഷകഗ്രാമത്തിനു മുകളിലൂടെയാണ് പോകുന്നത്.

വിമാനങ്ങളുടെ ഇരമ്പം സ്ഥിരമായി കേൾക്കുന്ന അവർ പക്ഷേ അന്നു കേട്ടത് മറ്റൊന്നായിരുന്നു. ദീപാവലിയുടെ തിരക്കുകളൊഴിഞ്ഞൊരു നവംബറിലെ വൈകുന്നേരത്തെ ആ കാഴ്ച അവർ ജീവിതകാലം മുഴുവൻ ഓർക്കും, അത്രയും ഭീകരം. ആകാശത്തുനിന്ന് വലിയൊരു അഗ്നിഗോളം ഗ്രാമത്തെ വിഴുങ്ങാൻ വരികയാണ്. രണ്ടു വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചതായിരുന്നു അത്. 1996 നവംബർ 12 ആയിരുന്നു അന്ന്.

സൗദി എയർലൈൻസിന്റെ ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിൻ ഐഎൽ-76 ഉം തമ്മിലായിരുന്നു കൂട്ടിയിടി. രണ്ടു വിമാനങ്ങളിലെയും 349 യാത്രക്കാർ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ആകാശദുരന്തം; ലോകത്തിലെ മൂന്നാമത്തേതും. നിമിഷ വേഗത്തിലായിരുന്നു കൂട്ടിയിടി. കാബിൻ ഞെരിഞ്ഞമർന്നു. യാത്രക്കാർ ഓക്സിജൻ കിട്ടാതെ വലഞ്ഞു. ഇടിയുടെ ആഘാതത്തിൽ പലരുടെയും ഹൃദയം പൊട്ടിത്തകർന്നു. എന്താണു സംഭവിച്ചതെന്ന് പൈലറ്റുമാർ ഒഴികെ ആരുമറിഞ്ഞില്ല. വേദനയെപ്പറ്റി തലച്ചോറിലേക്ക് സന്ദേശം എത്തും മുമ്പേ ഭൂരിഭാഗം മനുഷ്യരും മരിച്ചിരുന്നു. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ആകാശത്ത് വിരൽ ഞൊടിക്കും നേരം കൊണ്ട് ഭസ്മമായ ജീവിതങ്ങൾ.
സൗദി അറേബ്യൻ എയർലൈൻസ് ഫ്ലൈറ്റ് 763

ഡൽഹി–ദഹ്റാൻ–ജിദ്ദ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനമായിരുന്നു HZ-AIH റജിസ്ട്രേഷനിലുള്ള ബോയിങ് 747–168ബി വിമാനം. അന്ന് ദഹ്റാനെ ലക്ഷ്യം വച്ച് പ്രദേശിക സമയം 18.32 ന് ഡൽഹിയിൽ നിന്ന് 312 യാത്രക്കാരെ വച്ച് വിമാനം പറന്നുയർന്നു. ക്യാപ്റ്റൻ ഖാലിദ് അൽ-ഷുബൈലി, ഫസ്റ്റ് ഓഫീസർ നസീർ ഖാൻ, ഫ്ലൈറ്റ് എൻജിനീയേർ അഹമ്മദ് എഡ്രീസ് എന്നിവരായിരുന്നു ഈ വിമാനത്തിലെ ക്രൂ.

Advertisement