വിധാൻസഭയുടെ പടികൾക്ക് മുന്നിൽ കുമ്പിട്ട്, ചുംബിച്ച് ഡികെ; വൈറലായി വിഡിയോ

Advertisement

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും പിന്നാലെ, വിധാൻസഭയിലേക്കുള്ള ആദ്യ വരവിൽ പടികളിൽ കുമ്പിട്ടു ചുംബിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യ‌യ്‌ക്കൊപ്പം വിധാൻസഭയിലേക്കെത്തിയ ശിവകുമാർ, സഭയിലേക്കു പ്രവേശിക്കും മുൻപാണ് അപ്രതീക്ഷിതമായി പടികളിൽ കുമ്പിട്ടു ചുംബിച്ചത്.

സിദ്ധരാമയ്യ തൊട്ടുമുന്നിൽ പടികൾ കയറി പോയതിനു ശേഷമായിരുന്നു ഡികെയുടെ പ്രകടനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഉൾപ്പെടുന്ന സംഘം വിധാൻസഭയിലെത്തിയത്. സിദ്ധരാമയ്യയ‌്ക്കു പിന്നിലായി നടന്ന് വിധാൻസഭയിലേക്ക് എത്തിയ ഡികെ, പടി കയറുന്നതിനു മുൻപ് ഒരു നിമിഷം നിന്നു. ശേഷം പടികളിൽ മുട്ടുകുത്തി കുനിഞ്ഞ് ചുംബിക്കുകയായിരുന്നു.

എഴുന്നേറ്റ് കൈകൂപ്പി പടികളെ വണങ്ങിയതിനു ശേഷം മുന്നോട്ടു നീങ്ങിയ ഡികെ, പിന്നിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും അനുയായികളെയും വിജയചിഹ്‌നം കാട്ടിയാണ് അകത്തേക്കു പോയത്. വിധാൻസഭയ്ക്കു മുന്നിൽ കുമ്പിട്ടു വണങ്ങുന്ന ചിത്രം ഡികെ പിന്നീട് ട്വിറ്ററിലും പങ്കുവച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അഭിലാഷങ്ങളെ സംരക്ഷിക്കുന്ന വിധാൻസഭ, പരിപാവനമായ ക്ഷേത്രം പോലെയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Advertisement