വിമാനത്തിൽ എയർ ഹോസ്റ്റസിന് ലൈംഗിക പീഡനം; യാത്രക്കാരൻ പിടിയിൽ

Advertisement

അമൃത്​സർ: ദുബായ്-അമൃത്‌സർ വിമാനത്തിൽ എയർ ഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. പഞ്ചാബിലെ ജലന്തറിലെ കോട്​ലി ഗ്രാമത്തിലെ രജീന്ദർ സിങ്ങാണ് മദ്യപിച്ച് എയർ ഹോസ്റ്റസുമായി തർക്കിച്ചശേഷം അവരെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഈ വിവരം എയർ ഹോസ്റ്റസ് ക്രൂവിൻറെ ശ്രദ്ധയിൽപ്പെടുത്തി. ക്രൂവിലെ അംഗങ്ങൾ വിഷയം അമൃത്​സർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് എയർലൈൻറെ സഹസുരക്ഷ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൃത്​സറിലെ ശ്രീ ഗുരു രാമദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം എത്തിയതോടെ പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (ബലം പ്രയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുക), സെക്‌ഷൻ 509 (വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി എന്നിവ ഉപയോഗിച്ച് സ്ത്രീകളോട് മോശമായി പെരുമാറുക) എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്.

Advertisement