റഷ്യന്‍ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ചടയമംഗലം: കേരള സന്ദര്‍ശനത്തിന് എത്തിയ റഷ്യന്‍ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു യുവാക്കളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ മുഹമ്മദ് നാഫര്‍ (21), വെളിനല്ലൂര്‍ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 33-കാരിയാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-ഓടെ വര്‍ക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതോടെയാണ് ഇവര്‍ വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് യുവതിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. റഷ്യന്‍ യുവതി ബൈക്ക് നമ്പര്‍ സഹിതം വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വര്‍ക്കല പോലീസ് കൊല്ലത്തു നിന്നും പ്രതികളെ പിടികൂടി. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisement