ഡിബി കോളജ് ക്യാംപസില്‍ നക്ഷത്രം തൂക്കല്‍,നക്ഷത്രമെണ്ണി അധികൃതര്‍

Advertisement

ശാസ്താംകോട്ട:കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട
കെ.എസ്.എം ദേവസ്വം ബോർഡ്
കോളേജ് കെ.എസ്.യു നേതൃത്വത്തിൽ ഉപരോധിച്ചു.ഇന്ന് (വ്യാഴം) രാവിലെ 8.30 ഓടെ പ്രവർത്തകർ പ്രധാന കവാടത്തിലെ ഗേറ്റ് പൂട്ടിയ ശേഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഇതിനാൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അകത്തേക്ക് കടക്കാനായില്ല.മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ നാമമാത്രമായ വിദ്യാർത്ഥികൾ മാത്രമാണ് എത്തിയിരുന്നത്.എന്നാൽ തങ്ങൾ തീരുമാനിച്ച ക്രിസ്മസ് ആഘോഷം മുടങ്ങില്ലെന്നും ക്ലാസ് ഉണ്ടായിരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചിരുന്നെങ്കിലും നടന്നില്ല.ശാസ്താംകോട്ട സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

കോളേജിൽ ക്രിസ്തുമസിന്റെ ഭാഗമായി നക്ഷത്രം തൂക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് 10 കെ.എസ്.യുക്കാരെ സസ്പെന്റ് ചെയ്തത്.ചൊവ്വാഴ്ച ആദ്യം കാമ്പസിനുള്ളിൽ നക്ഷത്രം തൂക്കിയത് കെ.എസ്.യു പ്രവർത്തകരായിരുന്നു.എന്നാൽ ഈ ഭാഗത്ത് കോളേജ് യൂണിയനാണ് നക്ഷത്രം ഉയർത്തുന്നത് എന്ന വാദവുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയതോടെ തർക്കമായി.തുടർന്ന് പ്രിൻസിപ്പൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച തീരുമാനമെടുക്കാം എന്ന ധാരണയിൽ കെ.എസ്.യു പ്രവർത്തകർ തൂക്കിയ നക്ഷത്രം അഴിച്ചു മാറ്റി.എന്നാൽ പിന്നീട് അതേ സ്ഥലത്ത് എസ്.എഫ്.ഐക്കാർ നക്ഷത്രം തൂക്കുകയുണ്ടായി.ഇതിൽ പ്രകോപിതരായ കെ.എസ്.യു പ്രവർത്തകർ എത്തി വീണ്ടും തങ്ങളുടെ നക്ഷത്രം തൂക്കി.കോളേജിൽ അതിക്രമിച്ച് കയറി നക്ഷത്രം തൂക്കി എന്ന കാരണത്താലാണ് കെ.എസ്.യു പ്രവർത്തകരെ സസ്പെന്റ് ചെയ്തത്. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്തില്ലെന്ന് കെ.എസ്.യു ആരോപിക്കുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സമരം നടക്കുന്നത്.

Advertisement