കോവൂരിലെ പന്തടക്കം സ്പെയിനില്‍ നെറ്റുലയ്ക്കുമ്പോള്‍

ലോകഫുട്ബോള്‍ കോര്‍ട്ടിലേക്ക് കോവൂരിലെ അപ്പുവിന്‍റെ കാല്‍വയ്പ്

ശാസ്താംകോട്ട.കാല്‍പ്പന്തുകളി ജീവശ്വാസമായ കോവൂർ ഗ്രാമത്തില്‍ തേവലക്കര സ്കൂളിന്‍റെ മൈതാനത്തില്‍ പന്തടക്കം പഠിച്ച ബിച്ചുനാഥ് ഇനി സ്പെയിനിലെ കളിക്കളത്തിലേക്ക്. സ്പെയിനിലെ റീജണൽ മൂന്നാം ക്ലബ്ബായ മിസ്ലാത്ത യു എഫ്. ഫുട്ബോൾ അക്കാദമിയില്‍ പഠനത്തിന് സ്കോളര്‍ഷിപ് നേടിയാണ് 18ാംവയസില്‍ ബിച്ചുവിന്‍റെ യാത്ര.

കോവൂർ അപ്പു സ്പോർട്ടിങ്സ് ആണ് ഈ ഗ്രാമത്തിലേക്ക് പന്തുകളിയുടെ ആവേശം പടര്‍ത്തിയത്. ക്ലബ്ബിന്റെ സംരംഭമായി കോഴിക്കോട്ടെ സെപ്റ്റ് പന്തുകളിയിലെ കേമന്മാരെ വളര്‍ത്തിയെടുക്കാന്‍ കോവൂരില്‍ നടത്തിയ ക്യാംപിലെ ഉല്‍പ്പന്നമാണ് ബിച്ചുനാഥ്.

കേരളത്തിന്റെ അഭിമാന താരമായി നിരവധി കളിക്കളങ്ങളെ ബിച്ചു ഇതിനോടകം കോരിത്തരിപ്പിച്ചിട്ടുണ്ട്. കേരള പോലീസിന്റെ മുൻ താരം ബി. രാധാകൃഷ്ണപിള്ളയുടെ കീഴിലാണ് പരിശീലനം തുടങ്ങിയത്. പിന്നീട് സായിയിലും സ്പോർ

ട്സ് കൗൺസിലിന്റെ കീഴിലും പഠനത്തോടൊപ്പം പരിശീലനം നേടി. പഠനം പ്ലസ് ടുവിലേക്ക് കടക്കുന്നതിനിടെ പ്രൊഫഷണൽ മത്സരങ്ങളി്ല്‍ ബിച്ചു സാന്നിധ്യമറിയിച്ചു. സംസ്ഥാന ടീമിനുവേണ്ടി നാല് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. കൂടാതെ ഒട്ടേറെ ക്ലബ് മത്സരങ്ങളിലും കളിച്ചു. കോവൂർ ഗ്രാമത്തിൽനിന്ന് ആദ്യ മായൊരു കായികതാരം അന്താ രാഷ്ട്രതലത്തിലേക്ക് ഉയർന്നതി ന്റെ ആഘോഷത്തിലാണ് നാട്ടുകാര്‍. നാട്ടില്‍ നിന്നൊരു താരോദയം സ്വപ്നം കണ്ട് സെപ്റ്റിനെ ഗ്രാമത്തിലെത്തിക്കുകയും അവരുടെ പരിശീലനത്തിന് വിയര്‍പ്പ് ഒഴുക്കുകയും ചെയ്ത രാധാകൃഷ്ണപിള്ള അടക്കമുള്ള അപ്പുവിലെ സാരഥികള്‍ക്ക് ഇത് ജന്മസാഫല്യം.ലോകമറിയുന്ന ഒരു താരമായി ബിച്ചുമാറണം ഇതാണ് അവരുടെ പ്രാര്‍ഥന.

മലപ്പുറം ആസ്ഥാനമായുള്ള കേരള യുണൈറ്റഡ് ക്ലബ്ബിന്റെ താരമായി കളിക്കുന്നതിനിടെയാണ് ബിച്ചുവിന് സ്പെയിനിലേക്ക് സെലക്ഷൻ കിട്ടുന്നത്. വിങ്ങറായാണ് സെലക്ഷൻ മത്സരത്തിൽ കളിച്ചത്. കഴിഞ്ഞ ദിവസം സ്പെയിനിലേക്ക് പോകുന്നതിനുള്ള വിസ ഉൾപ്പെടെയുള്ള രേഖകൾ കൈയിൽ കിട്ടിയതോടെ വലിയ ആഹ്ലാദത്തിലാണ് ബിച്ചു. 30-ന് സ്പെയിനിലേക്ക് പറക്കും. ബിച്ചുവിന്റെ കുടുംബവും കായിക പാരമ്പര്യമുള്ളതാണ്പിതാവ് ബിനുനാഥ് അത്ലറ്റിക് താരമായിരുന്നു, സ്പോര്‍ട്സ് കൗണ്‍സിലില്‍ ആണ് ജോലി.ബിനുവിന്‍റെ സഹോദരന്‍ രഘുനാഥ് അത് ലറ്റിക്സില്‍ താരമായിരുന്നുവെങ്കില്‍ ബിനുവിന്‍റെ അമ്മ ദ്രൗപദി ദേശീയ അത്ലറ്റിക് താരമായിരുന്നു. കോവൂർ പുത്തൻപുരയിൽ ബിനുനാഥിന്റെയും വിനിതയുടെയും മകനാണ്. സഹോദരി അൻവിത.

Advertisement