ശാസ്താംകോട്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കുരങ്ങിനെ വനം വകുപ്പിന് കൈമാറി

Advertisement

ശാസ്താംകോട്ട : പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരങ്ങിനെ വനം വകുപ്പിന് കൈമാറി.കഴിഞ്ഞ ഡിസംബറിലാണ് ക്ഷേത്രപരിസരത്ത് പരിക്കേറ്റ് കുടൽ പുറത്ത് ചാടിയ നിലയിൽ ആറുമാസം പ്രായമുള്ള പെൺകുരങ്ങിനെ കണ്ടെത്തിയത്.അത്യാസന്ന നിലയിലായ കുരങ്ങിനെ മുൻ പഞ്ചായത്ത്‌ അംഗം എസ്.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.ആശുപത്രിയിലെ പരിചരണത്തിനു ശേഷം പ്രത്യേകം കൂട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു.

ശസ്ത്രക്രിയയുടെ മുറിവുകൾ ഉണങ്ങിയെങ്കിലും ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടതിനാൽ നടക്കുവാനോ മരത്തിൽ കയറുവാനോ പറ്റാത്ത സ്ഥിതിയിലായിരുന്നു.അതിനാൽ പുറത്ത് ഭക്ഷണം തേടി പോകുന്നതിനും കഴിയാത്ത അവസ്ഥയിലാണ്,കൂടാതെ തെരുവ് നായ്ക്കൾ ആക്രമിക്കുമെന്ന ഭയവും നിലവിലുണ്ട്.കഴിഞ്ഞ നാലു മാസമായി വിദഗ്ധ ചികിത്സ നൽകിയെങ്കിലും കാലിന്റെ ചലനശേഷി തിരികെ കിട്ടാത്ത അവസ്ഥയിലായി.ഈ വിവരങ്ങൾ വനം വകുപ്പിനെ അറിയിക്കുകയും വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിൻഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഭിലാഷ്.എസ്, ഷാജി.പി.കോശി,ദിലീപ്.ആർ.നായർ എന്നിവർ സ്ഥലത്തെത്തി കുരങ്ങിനെ ഏറ്റെടുത്തു.

Advertisement