ഡയമണ്ട് ലീഗ്: ജാവലിനിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം നഷ്ടമായത് ഒരു സെൻ്റിമീറ്ററിൻ്റെ വ്യത്യാസത്തിൽ

Advertisement

ബ്രസൽസ് : ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം കൈവിട്ടത് ഒരു സെൻ്റിമീറ്ററിൻ്റെ വ്യത്യാസത്തിൽ. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.
മൂന്നാം ശ്രമത്തിലാണ് നീരജ് 87.86 മീറ്റർ ദൂരം പിന്നിട്ടത്. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ 6 ത്രോകൾ. അതേസമയം, ആദ്യ ശ്രമത്തിൽ തന്നെ ആൻഡേഴ്സൻ പീറ്റേഴ്സ് 87.87 മീറ്റർ ദൂരം ഏറിഞ്ഞു. 87.87, 86.96, 85.40, 85.85, 84.11, 87.86 എന്നിങ്ങനെയായിരുന്നു പീറ്റേഴ്സിന്റെ ത്രോകൾ.
30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഡയമണ്ട് ലീഗ് ചാംപ്യൻമാ‍ർക്കുള്ള സമ്മാനത്തുക.