ഭക്തിസാന്ദ്രമായി അച്ചൻകോവിൽ രഥോത്സവം

Advertisement

പുനലൂർ: അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ രഥോത്സവം ഭക്തി സാന്ദ്രമായി സമാപിച്ചു. 25 ന് രാവിലെ 11 മണിയോടെ ശ്രീകോവിലിൽ നിന്നും അയ്യപ്പവിഗ്രഹം ക്ഷേത്ര പടിക്കെട്ടിന് താഴെ കാനനവിഭവങ്ങളാൽ അലങ്കരിച്ച രഥത്തിൽ സ്ഥാപിച്ചതോടെ രഥോത്സവത്തിന് ആരംഭമായി ‘. കേരളത്തിൽ പാലക്കാട് കല്പാത്തി കഴിഞ്ഞാൽ രഥോത്സവം അരങ്ങേറുന്ന ക്ഷേത്രമെന്ന ഖ്യാതിയും അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനുണ്ട്.

ഉത്സവകാലത്ത് ജനക്ഷേമം അന്വേഷിക്കാൻ ഭഗവാൻ തേരിലേറി വരുന്നു എന്നാണ് ഐതീഹ്യം. തമിഴ്നാടുമായി ചേർന്നു കിടക്കുന്ന സ്ഥലമെന്നതിനാൽ ‘തമിഴ് മലയാള – ദ്രാവിഡ പഴമ നഷ്ടമാകാതെയാണ് പൂജാ ചടങ്ങുകൾ നടക്കുന്നത്. രഥോത്സവത്തിന് രഥത്തിന് മുന്നിലായി ചപ്രം എഴുന്നെള്ളിപ്പ്, ഭഗവാൻ്റെ തങ്കവാൾ ഏന്തിയ ദേവസ്വം അധികാരി, കറുപ്പൻ പൂജാരി, അന്നക്കൊടി എന്നിവ അകമ്പടി സേവിച്ചു.രഥം വലിക്കാൻ ആയി ഉപയോഗിക്കുന്ന 40 അടി നീളം വരുന്ന ചൂരൽ വടത്തിൻ്റെ ഒരു വശത്ത് തമിഴ് ബ്രാഹ്മണരും മറുവശത്ത് തദ്ദേശിയരായ മലയാളി ഭക്തരുമാണ് രഥം വലിക്കുക. രഥം വിലയിൽ രഥം കിഴക്കോട്ട് ഉരുണ്ടാൽ അയ്യപ്പൻ തമിഴർക്ക് സ്വന്തമെന്നതാണ് രഥോത്സവ ഐതീഹ്യത്തിൽ പറയുന്നത്. സൗഹാർദ്ദ പരമായി നടക്കുന്ന രഥം വലിയിൽ എന്നും രഥം പടിഞ്ഞാറോട്ട് മാത്രമാണ് ഉരുളുക. തുടർന്ന് രഥം ക്ഷേത്രത്തിന് വലo വച്ച് തിരുമുമ്പിൽ എത്തിയതോടെ രഥോത്സത്തിന് സമാപനമായി.

രഥോത്സവ ചടങ്ങുകൾക്ക് തിരുവിതാംകൂർ ദേവസ്വം പുനലൂർ ഗ്രൂപ്പ് അസി.കമ്മീഷണർ ജെ.ഉണ്ണികൃഷ്ണൻ നായർ, സബ് ഗ്രൂപ്പ് ഓഫീസർ പി.ജി.വാസുദേവൻ ഉണ്ണി, ക്ഷേത്ര മേൽശാന്തിമാരായ രാജേഷ് എമ്പ്രാന്ത്രി, അരുൺ ശ്രീനിവാസ് ,മഹേഷ്, ഉപദേശ സമിതി പ്രസിഡൻ്റ് ബിജുലാൽ പാലസ്, സെക്രട്ടറി പി.പ്രശാന്ത്, കെ.ഉണ്ണി പിള്ള , തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement