കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് നൽകാനാകുമെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ. ജാംഷെഡ്പൂര്‍ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തുന്ന പരിശോധനയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അന്തിമ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം. കേസിൽ പ്രതികളുടെ രണ്ടു വർഷത്തെ ഫോൺ രേഖകൾ പരിശോധിക്കാനും അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി.
ഫോൺ കോളുകളുടെ വിശദാംശങ്ങൾ നൽകാൻ വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നീ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കൊടിമര പുനപ്രതിഷ്ഠ സംബന്ധിച്ച കേസിൽ പ്രത്യേക സംഘം രൂപീകരിച്ചതായി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണത്തിന് ഡിവൈഎസ്പി ഹരി സി എസിനെ ചുമതലപ്പെടുത്തിയതായും വിജിലൻസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് 30 ദിവസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു.



































