Home News Breaking News പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്‌തനങ്ങളിൽ സ്‌പര്‍ശിക്കുന്നതും വസ്‌ത്രങ്ങള്‍ അഴിക്കുന്നതും ‘ബലാത്സംഗശ്രമത്തിന്’ തുല്യം, വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്‌തനങ്ങളിൽ സ്‌പര്‍ശിക്കുന്നതും വസ്‌ത്രങ്ങള്‍ അഴിക്കുന്നതും ‘ബലാത്സംഗശ്രമത്തിന്’ തുല്യം, വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്‌തനങ്ങളിൽ സ്‌പര്‍ശിക്കുന്നതും വസ്‌ത്രങ്ങള്‍ അഴിക്കുന്നതും ‘ബലാത്സംഗശ്രമത്തിന്’ തുല്യമാണെന്ന് സുപ്രീം കോടതി. ഇവ ബലാത്സംഗത്തിനുള്ള ‘തയ്യാറെടുപ്പ്’ മാത്രമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണാകക നിരീക്ഷണം.

ക്രിമിനൽ നിയമതത്വങ്ങളുടെ തെറ്റായ പ്രയോഗമാണ് ഹൈക്കോടതി നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌തനങ്ങളിൽ പിടിക്കുന്നതും പെണ്‍കുട്ടികളുടെ വസ്‌ത്രങ്ങള്‍ അഴിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി.

ഇത്തരം കുറ്റകൃത്യത്തെ ‘ബലാത്സംഗ ചെയ്യാനുള്ള തയ്യാറെടുപ്പ്’ എന്ന അലഹാബാദ് ഹൈക്കോടതിയുടെ 2025 ലെ വിവാദ വിധിയെ റദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടികളുടെ ശരീരത്ത് സ്‌പർശിക്കുകയും വസ്‌ത്രങ്ങൾ അഴിക്കുകയും ചെയ്യുന്നത് ബലാത്സംഗ കുറ്റമല്ലെന്നായിരുന്നു, 2025 മാർച്ച് 17-ന് പുറത്തിറക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിൽ ജസ്‌റ്റിസ് റാം മനോഹർ നാരായൺ പറഞ്ഞിരുന്നത്. എന്നാൽ വസ്ത്രം അഴിക്കുകയോ നഗ്നയാകാൻ നിർബന്ധിക്കുകയോ ഇതിൻ്റെ പേരിൽ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്‌താൽ ക്രിമിനൽ പരിധിയിൽ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

14 വയസുള്ള പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതികൾക്കെതിരായ കുറ്റത്തിന് വിധി പറയുകയായിരുന്നു അലഹാബാദ് ഹൈക്കോടതി. പെൺകുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കുക, വസ്‌ത്രങ്ങൾ അഴിക്കുക, വലിച്ചിഴയ്‌ക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇതിനെ ബലാത്സംഗ ശ്രമത്തിൽ നിന്ന് ചെറിയ കുറ്റകൃത്യമായി വിധിക്കുകയായിരുന്നു ഹൈക്കോടതി.

സ്‌ത്രീക്ക് നേരെ നടക്കുന്ന ഇത്തരം ശ്രമങ്ങൾ ‘വെറും തയ്യാറെടുപ്പാണ്’ എന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ നിരീക്ഷണത്തോട് സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്ന് അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് പോക്‌സോ നിയമപ്രകാരം രണ്ട് പ്രതികൾക്കെതിരെ ചുമത്തിയിരുന്ന ബലാത്സംഗശ്രമക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

“പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ശ്രമമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് കേവലം ഒരു തയ്യാറെടുപ്പായി കാണാനാവില്ല. ക്രിമിനൽ നിയമതത്വങ്ങൾ തെറ്റായി പ്രയോഗിച്ചതിനാൽ ഹൈക്കോടതി വിധി നിലനിൽക്കുന്നതല്ല,” ബെഞ്ച് നിരീക്ഷിച്ചു. ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമുള്ള കുറ്റം ചെയ്യാനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്വമേധയ ഏറ്റെടുത്ത് 2025 മാർച്ച് 26 ന് സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്ന് 2026 ഫെബ്രുവരി 10 നാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ലൈംഗിക കുറ്റകൃത്യ കേസുകളിലെ വിധിന്യായങ്ങൾ നിയമപരമായ തത്വങ്ങളിൽ മാത്രമല്ല സഹാനുഭൂതിയിലും അധിഷ്‌ഠിതമായിരിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്ല്യ ബാഗ്‌ചി, എൻ വി അഞ്ചരിയ എന്നിവരടങ്ങിയ ബെഞ്ച് വാദിച്ചു.

ജൂഡീഷ്യൽ സമീപനങ്ങളിലും കോടതി നടപടിക്രമങ്ങളിലും സംവേദനക്ഷമത വളർത്തിയെടുക്കേണ്ടതിന് നടപടികൾ അത്യാവശ്യമാണ്. ഇതിനായി കൊണ്ടുവരേണ്ട പരിഷ്‌ക്കാരങ്ങളുടെ ആവശ്യകതയും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്‌ജിമാരുടെ സമീപനത്തിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി, വിദഗ്‌ധ സമിതിയെ രൂപീകരിക്കാൻ സുപ്രീം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് ആവശ്യപ്പെട്ടു.

കേസിനാസ്‌പദമായ സംഭവം: 2021 നവംബറിൽ ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ചിൽ 14 വയസുകാരിയായ പെൺകുട്ടിക്ക് ലിഫ്റ്റ് വാഗ്‌ദാനം ചെയ്‌ത് മോട്ടോർ സൈക്കിളിൽ കൊണ്ടുപോവുകയും തുടർന്ന് വിജനമായ സ്ഥലത്ത് വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തതാണ് കേസ്. പ്രതികൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു.

നേരത്തെ, 2025 മാർച്ച് 17-ലെ ഉത്തരവിൽ അലഹബാദ് ഹൈക്കോടതി പറഞ്ഞത് ഇത് സ്ത്രീയുടെ നഗ്നത പ്രദർശിപ്പിക്കാനുള്ള ശ്രമമായോ ക്രിമിനൽ ബലപ്രയോഗമായോ മാത്രമേ കാണാൻ കഴിയൂ എന്നായിരുന്നു. ഈ കണ്ടെത്തലിനെയാണ് ഇപ്പോൾ സുപ്രീം കോടതി തിരുത്തിയിരിക്കുന്നത്.

Advertisement