കാര്‍ കയറിയനിലയില്‍ പാടത്ത് ജഡം , കാര്യം അറിഞ്ഞതോടെ ഞെട്ടി ജനം

തൃശ്ശൂര്‍: മണ്ണുത്തി നെല്ലങ്കര- കുറ്റുമുക്ക് പാടത്ത് പരിക്കുകളോടുകൂടി മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം.

സംഭവത്തില്‍ തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയില്‍. ഇക്കണ്ടവാര്യര്‍ റോഡിന് സമീപം പൂനംനിവാസില്‍ വിശാല്‍ ഹര്‍ഗോവിന്ദ് സോണി, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ടത് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (66) ആണെന്ന് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമകളെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്.

23-ന് രാത്രി ഒമ്ബതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുന്നതിനിടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഗേറ്റിന് സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാര്‍ അബദ്ധത്തില്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

കൊലപാതകം ആകാത്ത കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ വിശാലിനെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

Advertisement