അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

Advertisement

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
വാഹന നിര്‍മാതാക്കള്‍ നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫീസില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാനാകൂ. ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാതെ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.
നമ്പര്‍പ്ലേറ്റ് ഒരുമില്ലീമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജന്‍സി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്.
വ്യാജപ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റര്‍ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമില്‍ നീലനിറത്തില്‍ അശോകചക്രമുണ്ട്. ഇടതുഭാഗത്ത് താഴെ പത്തക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.
പ്ലേറ്റില്‍ ഇടതുഭാഗത്ത് നടുവിലായി ഐഎന്‍ഡി എന്ന് നീലക്കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.