വിവാദങ്ങൾക്കിടെ കെ.രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി

തൃശൂര്‍: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണനുവേണ്ടി വോട്ട് തേടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി്ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

തൃശൂരില്‍ സുരേഷ് ഗോപിക്ക് അനുഗ്രഹം തേടി ഗോപി ആശാനെ സമീപിച്ചെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് മകന്‍ രഘുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു പ്രമുഖ ഡോക്ടര്‍ അച്ഛനെ വിളിച്ച് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. സ്നേഹംകൊണ്ട് ചൂഷണം ചെയ്യരുതെന്നും ഇത്തരം ആവശ്യവുമായി വരരുതെന്നും മകന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ചര്‍ച്ച നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രഘുരാജ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ഉന്നത വിജയത്തിലേക്ക് എത്തിക്കണമെന്ന് ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടു.

താന്‍ കലാമണ്ഡലത്തില്‍ കഥകളി അധ്യാപകനായിരുന്ന സമയത്തുതന്നെ സ്ഥാപനവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ചേലക്കരയില്‍ മത്സരിച്ചു ജയിച്ച കാലം തൊട്ടുതന്നെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തെയും പ്രവര്‍ത്തിയെയും പെരുമാറ്റത്തെയും കുറിച്ചു നല്ല ബോധ്യമുള്ളതുകൊണ്ടാണു ജനങ്ങളോട് ധൈര്യസമേതം വോട്ട് അഭ്യര്‍ഥിക്കുന്നതെന്നും വിഡിയോയില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.

Advertisement