വിദ്യാഭ്യാസ മന്ത്രിക്ക് ആശംസാകാർഡുകൾ ഒരുങ്ങുന്നു; ഒന്നും രണ്ടുമല്ല, 1000 ആശംസാകാർഡുകൾ, വെറും കാർഡ‍ുകളുമല്ല!

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നൽകുന്നതിനായി പുതുവർഷ സന്ദേശമെഴുതിയ ആയിരം കാർഡുകൾ തയ്യാറാകുന്നു. കലവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ആശംസാ കാർഡുകൾ തയ്യാറാക്കുന്നത്.

കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന നിലയിൽ ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമാണ് കാർഡ് ഒരുക്കുന്നത്. രചനാ പ്രക്രിയയിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.

അതേസമയം, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം പാലിക്കണമെന്ന് ഇത്തവണ കർശന നിർദേശമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇടവകകൾ, പള്ളികൾ, മറ്റു സ്ഥാപനങ്ങൾ , വിവിധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയായിരിക്കണം.

ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവ നിർദേശങ്ങളും പാലിക്കണം. ആഘോഷ പരിപാടികളിൽ നിരോധിത ഉൽപന്നങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisement