മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ കരിങ്കൊടി; സംഘര്‍ഷം, മൂന്നു പേര്‍ക്ക് പരിക്ക്

Advertisement

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി.

നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച്‌ തലയ്ക്കടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൂടുതല്‍ പേരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകര്‍ത്തു.

ഇതിനിടെ പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലുണ്ടായിരുന്ന എംഎസ്‌എഫ്-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ പുറത്തേക്കിറങ്ങുകയും ഇവരെ സ്റ്റേഷൻ കോംപൗണ്ടിനുള്ളില്‍ കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തതായി ആരോപണമുണ്ട്. അക്രമത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെയും ഡിവൈഎഫ്‌എ പ്രവര്‍ത്തകര്‍ തട്ടിക്കയറി. സുരക്ഷാ വീഴ്ച ആരോപിച്ചായിരുന്നു പൊലീസിന് നേരെ പ്രതിഷേധം. ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച മീഡിയവണ്‍ ക്യാമറാമാൻ ജെയ്‌സല്‍ ബാബുവിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി

Advertisement