തിരുവാർപ്പിൽ ബസുടമയെ മ‍ർദിച്ച സംഭവം,തുറന്ന കോടതിയിൽ മാപ്പ് പറയാൻ തയ്യാറെന്ന് സിഐടിയു നേതാവ്

കോട്ടയം. തിരുവാർപ്പിൽ ബസുടമയെ മ‍ർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാൻ തയ്യാറെന്ന് സിഐടിയു നേതാവ് അജയ് കെആ‍ർ.
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം, സംഭവത്തിൽ വ്യക്തിപരമായി മാപ്പ് നൽകുന്നതായി ബസുടമ രാജ്മോഹൻ പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തുറന്നകോടതിയിൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്ന് സി.ഐ.ടി.യു. നേതാവ് അജയ് കെആർ ഹൈക്കോടതിയെ അറിയിച്ചത്.
കൂലിത്തർക്കത്തെ തുടർന്ന് സി.ഐ.ടി.യു.വുമായുള്ള പ്രശ്നങ്ങൾ അനന്തമായി നീണ്ടതോടെ ബസ് സർവ്വീസിന് ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകിയിരുന്നു.
ഇതിനിടെയാണ് പൊലീസ് സാന്നിധ്യത്തിൽ സിഐടിയു നേതാവ് അജയ് കെആർ ബസുടമയെ മർദിച്ചത്.
സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു.
ക്രിമിനൽ കേസിനു പുറമെ എടുത്ത കോടതി അലക്ഷ്യം ഒഴിവാക്കണമെന്നും മാപ്പ് പറയാമെന്നും അജയ് സത്യവാങ്മൂലത്തിൽ അറിയിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ വ്യക്തിപരമായി മാപ്പ് നൽകുന്നതായി ബസുടമ രാജ്മോഹൻ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച് വീണ്ടും പരി​ഗണിക്കും. കോടതി ഇടപെടലിന് ശേഷം പ്രശ്നങ്ങളില്ലാതെ ബസ് സർവ്വീസ് നടക്കുന്നുണ്ട്.

Advertisement