‘റോഡ് ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; സർക്കാരിനെതിരെ പ്രചാരണം’ : എം വി ​ഗോവിന്ദൻ

Advertisement

തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിയിൽ നയാപൈസയുടെ അഴിമതിയില്ല. യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചുവെന്നും ആവശ്യമായ തിരുത്തലുകൾ ബന്ധപ്പെട്ട കമ്മിറ്റികൾ ചെയ്യുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

‘‘സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക പരിപാടികള്‍ മറയ്ക്കാനുള്ള പ്രചാരവേലയാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പറയുന്നത് രണ്ടു കണക്കാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 100 കോടിയുടെ അഴിമതി എന്ന് പറയുന്നു. രമേശ് ചെന്നിത്തല 132 കോടി എന്നും പറയുന്നു. പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടി കോണ്‍ഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതിയുടെ വിഷയത്തിൽ കോൺഗ്രസ് യോജിപ്പിലെത്തട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നത്.

കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. രണ്ടാം ഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമറ സ്ഥാപിച്ചശേഷം നിയമലംഘനങ്ങൾ കുറഞ്ഞു. ക്യാമറയിൽ റിക്കോഡ് ചെയ്യുന്ന വിഡിയോകൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. കെൽട്രോണുമായാണ് സർക്കാർ കരാറുണ്ടാക്കിയത്. ഉപകരാർ നൽകാമെന്ന് ടെൻഡർ വ്യവസ്ഥയിൽ തന്നെ പറയുന്നുണ്ട്.

232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ ചെലവായത് 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി രൂപ. ജിഎസ്ടി 35.76 കോടിയാണ്. ഇതിൽ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതി?’’– എം.വി.ഗോവിന്ദൻ ചോദിച്ചു.

Advertisement