തിരുവനന്തപുരത്ത് 94 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Advertisement

തിരുവനന്തപുരം: നഗരത്തിൽ 94 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. സ്ത്രീയെയും കുട്ടികളെയും മറയാക്കി വാടകയ്ക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്.

ചൊക്കൻ രതീഷ് എന്നറിയപ്പെടുന്ന രതീഷ്, തിരുവല്ലം സ്വദേശി രതീഷ്, അഖിൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ വിജയവാഡയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തോടൊപ്പം കന്യാകുമാരിയിലേക്ക് യാത്ര പോകാനെന്ന‌ വ്യാജേനയാണ് ഇവർ കാർ വാടകയ്ക്കെടുത്തത്. കാറിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നു. ഇതിലൂടെ കാറിന്റെ ഉടമ കാർ പോകുന്ന വഴി മനസ്സിലാക്കി. സംശയം തോന്നിയതിനെ തുടർന്ന് എക്സൈസിനെ വിവരം അറിയിച്ചു. തുടർന്ന് എക്സൈസ് സംഘം കാറിനെ പിന്തുടർന്നു.

കണ്ണേറ്റുമുക്കിൽ ഭക്ഷണം കഴിക്കാനായി കാർ നിർത്തിയ ഉടനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുകുട്ടികളും കടന്നുകളഞ്ഞു. പ്രതികളിൽ ഒരാളുടെ ഭാര്യയും കുട്ടികളുമാണ് കൂടെയുണ്ടായിരുന്നതെന്നാണ് സൂചന. എക്സൈസ് സംഘം വാഹനത്തിനടുത്തേക്ക് എത്തുന്നുവെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisement