നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരായ പീഡനപരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി അതിജീവിത

Advertisement

തിരുവനന്തപുരം : നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരായ പീഡനപരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി അതിജീവിത. കേസ് പിന്‍വലിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അതീജീവിത ആരോപിച്ചു.

ഗോവിന്ദന്‍ കുട്ടിക്ക് എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതി ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഗോവിന്ദന്‍കുട്ടി എം.ഡിയായ യു ട്യൂബ് ചാനലിലെ അവതാരകയായിരുന്നു പീഡനത്തിനിരയായ യുവതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

2022 മേയ് 14ന് എറണാകുളം പോണോത്ത് റോഡിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് പലതവണയായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചതോടെ തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. പ്രശനം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദന്‍കുട്ടി ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിനിമാ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദന്‍കുട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖയും യുവതി പുറത്തുവിട്ടു. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് തന്നെ ഗോവിന്ദന്‍കുട്ടി ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി ആരോപിച്ചു.

Advertisement