Home Blog Page 87

കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയി; കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
കടുവ സെന്‍സസിന്റെ ഭാഗമായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാളിമുത്തു അടങ്ങുന്ന സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ ഉദ്യോഗസ്ഥ സംഘം ചിതറിയോടിയിരുന്നു. ഇതിന് പിന്നാലെ കാളിമുത്തുവിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ തെരച്ചിലാണ് കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തിലാണ് മാരിമുത്തു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാന ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ആരോഗ്യ നിലയ്ക്ക് പ്രശ്നമില്ലെന്നാണ് റിപ്പോര്‍ട്ട്. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് കടുവ സെന്‍സെസിന് വേണ്ടി മുള്ളി വന മേഖലയില്‍ എത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് സെന്‍സസിനായി പോയിരുന്നത്. അച്യുതന്‍, കണ്ണന്‍ എന്നിവരാണ് കൂടെയുണ്ടായിരുന്നത്.
കാളിമുത്തുവിന്റെ മൃതശരീരം വനത്തിന് പുറത്തേക്ക് എത്തിച്ചു. അഗളി ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞയാഴ്ച അട്ടപ്പാടിയില്‍ കടുവ സെന്‍സസിന് പോയ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. പുതൂര്‍ മൂലക്കൊമ്പ് മേഖലയിലാണ് കടുവ സെന്‍സസിന് പോയ അഞ്ചംഗ വനപാലക സംഘം കുടുങ്ങിയത്. ഇവരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. ഒരു രാത്രിക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’യുടെ ട്രെയിലര്‍ പുറത്ത്

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാര്‍മ’യുടെ ട്രെയിലര്‍ പുറത്ത്. കെപി വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സീരീസ് ഡിസംബര്‍ 19ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. പി ആര്‍ അരുണ്‍ ആണ് സംവിധാനം. എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024-ല്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐ യില്‍ പ്രീമിയര്‍ ചെയ്തിരുന്നു.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്‌സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് സീരിസ് നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നോബിള്‍ ജേക്കബ്. പിആര്‍ഓ – റോജിന്‍ കെ റോയ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി. ഹരജി തിങ്കളാഴ്ച പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളില്‍ കാലതാമസം ബാധകമല്ലെന്ന് കോടതി. പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍. പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്ന് അഭിഭാഷകന്‍. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെന്നും രാഹുലിന്റെ അഭിഭാഷകൻ. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും വാദം. രാഹുലിന്റെ സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്ന് പ്രൊസിക്യൂഷന്‍. തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഭാരത് ഡൈനാമിക്‌സില്‍ അപ്രന്റിസ്ഷിപ്പിന് അവസരം; ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം.

വിവിധ ട്രേഡുകളിലായി 156 ഒഴിവുണ്ട്. ഹൈദരാബാദിലെ കാഞ്ചന്‍ബാഗ് യൂണിറ്റിലാണ് പരിശീലനം.

ട്രേഡുകളും ഒഴിവും
ഫിറ്റര്‍-70, ഇലക്ട്രീഷ്യന്‍-10, ഇലക്ട്രോണിക്‌സ് മെക്കാനിക്-30, മെഷീനിസ്റ്റ്-15, മെഷീനിസ്റ്റ് ഗ്രൈന്‍ഡര്‍-2, മെക്കാനിക് ഡീസല്‍-5, മെക്കാനിക് (റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി.) 5, ടര്‍ണര്‍-15, വെല്‍ഡര്‍-4.

അപേക്ഷ
അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഓണ്‍ലൈന്‍ രജ്‌സ്‌ട്രേഷന്റെ പകര്‍പ്പും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മറ്റു രേഖകളും തപാലില്‍ അയക്കണം.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി: ഡിസംബര്‍ എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 12.

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്

ഒരു ദിവസം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനമാണ് പ്രഭാത ഭക്ഷണം. നല്ല പോഷകമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

ദഹനം ലഭിക്കുന്നു

മാതളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ഊർജ്ജം നൽകുന്നു

നിരവധി ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് മാതളം. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കോശങ്ങളിലേക്ക് ഓക്സിജനെ എത്തിക്കുകയും ചെയ്യുന്നു.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ

മാതളത്തിൽ ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

മാതളത്തിന്റെ വിത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മം തിളക്കമുള്ളതാക്കാനും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

മാതളത്തിൽ പോളിഫിനോളും ഫ്ലേവനോയിടുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തലച്ചോറിന്റെ ആരോഗ്യം

മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്തി യുവാവ്

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ലോറിയില്‍ കയറി തീകൊളുത്തി യുവാവ്. കമ്പികൊണ്ട് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീകൊളുത്തുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് സംഭവം.

കസ്റ്റഡിയിലെടുത്ത യുവാവ് മാനസിക പ്രശ്നങ്ങളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവര്‍ ഗ്യാസ് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ വാഹനം നിര്‍ത്തി ഡ്രൈവര്‍ വീട്ടിലേക്ക് പോയതിന് പിന്നാലെ വാഹനത്തില്‍ അതിക്രമിച്ചുകയറി യുവാവ് കൈയില്‍ കരുതിയ കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് ഇയാള്‍ ലോറിയില്‍ കയറിയതും തീകൊളുത്തിയതും.

ആസമയത്ത് അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഉടന്‍ തന്നെ പിടിച്ചുമാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ലോറിയില്‍ പൂര്‍ണമായും ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിടയിൽപെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വർക്കലയിലെ പൂർണ പബ്ലിക്കേഷൻസിന്റെ പ്രിന്റിം​ഗ് പ്രസിലാണ് ഇത്തരത്തിൽ അപകടം നടന്നത്.

പ്രിന്റിം​ഗ് പ്രസിലെ പിന്നിം​ഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 20 വർഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന.

നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

രാജസ്ഥാനിലെ ഖൈര്‍ത്തല്‍-തിജാറ ജില്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. 20 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഉപേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയാണ് 21 കാരനായ ഉപേന്ദ്ര കുമാര്‍.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുണ്ഡാവര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയും പ്രതിയും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നാണ് മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ് ആരോപിച്ചത്. മരിച്ച യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് മുണ്ഡാവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംനിവാസ് മീന അറിയിച്ചു.

സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ മുണ്ഡാവര്‍ പ്രധാന റോഡ് 30 മിനിറ്റോളം ഉപരോധിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടികയായിരുന്നു. രാജസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി പറഞ്ഞു. നഴ്‌സിങ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ പ്രക്ഷുബ്ധരാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കണ്ണും കാതും അടച്ചിട്ടിരിക്കുകയാണ്,’ അദ്ദേഹം ആരോപിച്ചു.

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ആണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

അതേസമയം, സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്.
ദിവസങ്ങൾക്ക് ശേഷം, ദർശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടു. സ്പോട് ബുക്കിംഗ് അയായിരത്തിൽ നിന്നും പതിനായിരമാക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളായ  ഇന്നും നാളെയും തിരക്ക് വർധിക്കാനാണ് സാധ്യത.  നിലവിൽ മരക്കൂട്ടം മുതൽ ഭക്തരുടെ നിര നീണ്ടു കഴിഞ്ഞു. പുല്ലുമേടു വഴി വരുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. ഇന്നലെ മാത്രം 3600 പേർ  ഇതുവഴി സന്നിധാനത്തെത്തി. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്കലും അധിക സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ബോംബ് സ്കോഡടക്കം സന്നിധാനത്ത് പരിശോധന ശക്തമാക്കി. കേന്ദ്ര സേനയും കേരള പൊലീസും സംയുക്തമായി ഇന്നും റൂട്ട് മാർച്ച് നടത്തും. സംശയാസ്പദമായി കാണപ്പെടുന്നവരെ  വിശദമായ പരിശോധനയ്ക്കു ശേഷമാണ് മല ചവിട്ടാൻ അനുവദിക്കുന്നത്. ട്രാക്ടറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകളിൽ അടക്കം പരിശോധന തുടരുകയാണ്. അംഗീകൃത തിരിച്ചറിയൽ കാർഡുകളും രേഖകളും ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന്  രാത്രി 11 മണിക്ക്  നടയടച്ച ശേഷം പതിനെട്ടാം പടിവഴി ഭക്തരെ കടത്തിവിടില്ല.  പുലർച്ചെ നട തുറക്കും വരെ   നിരയിൽ തന്നെ ഭക്തർ കഴിച്ചു കൂട്ടേണ്ടി വരും.