Home Blog Page 86

ശാസ്താംകോട്ടയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാരുടെ വാഹന പാർക്കിങ്

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ശാസ്താംകോട്ട ഡി.ബി കോളേജിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ശാസ്താംകോട്ട ക്ഷേത്രമൈതാനത്തിനു ഇടതു വശത്തും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.ഇവിടെ നിന്നും ഉദ്യോഗസ്ഥർക്ക് ഡി.ബി കോളേജിൽ എത്തിച്ചേരുന്നതിന് ആവശ്യമായ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ്‌ ഓഫീസർ അറിയിച്ചു.

69-ാമത് ഡോ.ബി.ആർ അംബേദ്ക്കർ
സ്മൃതിദിനം ആചരിച്ചു

ശാസ്താംകോട്ട:ഡോ.ബി.ആർ അംബേദ്ക്കറുടെ 69-ാമത് സ്മൃതിദിനം കെഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ഭരണിക്കാവ് അംബേദ്ക്കർ പഠന കേന്ദ്രത്തിൽ വച്ച് നടന്നു.കെ.ഡി.എഫ് ജില്ലാ പ്രസിഡൻ്റ് ശൂരനാട് അജി മഹാത്മാവിൻ്റെ അർത്ഥകായ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു.അംബേദ്ക്കർ ആഗോള നീതിയുടെ പ്രവാചകനാണെന്നും എല്ലാ മതങ്ങളിലും ബ്രാഹ്മണിക്കൽ ചിന്താഗതിക്കാരുള്ളതിനാലാണ് ശ്രേണിക്യതമായി ജാതിയ അസമത്വം നിലനിൽക്കുന്നതെന്നും അതിന് മാറ്റം വരണമെന്നും കമ്മറ്റി വിലയിരുത്തി.യോഗത്തിൽ കെ.കൃഷ്ണൻ, കെ.ശശി,കെ.ദേവരാജൻ,കെ.ദാസൻ കെ.ശ്രീലത,രാജു തുരുത്തിക്കര, ജോസ്.വൈ എന്നിവർ പങ്കെടുത്തു.

ശാസ്താംകോട്ട കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന മത്സരം

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപ്പുള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു.നാടകാചാര്യനും മലയാള വിഭാഗം തലവനുമായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് കോളേജിലെ മലയാള വിഭാഗം ഗവേഷണ,ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി മത്സരം നടത്തുന്നത്.’അരങ്ങും ആസ്വാദനവും:മലയാള നാടകവഴിയിലെ നൂതന ഭാവങ്ങൾ’ എന്ന വിഷയത്തെ മുൻനിർത്തി മലയാള നാടകത്തിൻ്റെ ചരിത്രത്തെ പഠിക്കാവുന്നതാണ്.മത്സരത്തിലെ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫെബ്രുവരിയിൽ നടക്കുന്ന ജി.ശങ്കരപ്പിള്ള അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും.തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.ജനുവരി 5ന് മുമ്പായി malayalam@ksmdbc.ac.in എന്ന വിലാസത്തിൽ പ്രബന്ധങ്ങൾ ലഭിക്കേണ്ടതാണ്.ഫോൺ:9446148584, 9496822477.

കേരള സർക്കാർ വട്ടപ്പൂജ്യം ഖുശ്ബു

തൃശൂർ. കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് സിനിമാതാരം ഖുശ്ബു.
സുരേഷ് ഗോപിയെ വിജയിപ്പിച്ച ഇടത്ത് കൂടുതൽ വിജയം നേടാൻ കഴിയും

സുരേഷ് ഗോപിയുടെ കഠിനാധ്വാനം മുതൽക്കൂട്ടാകും
കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല
കേരള സർക്കാർ വട്ടപ്പൂജ്യം ആണ് ചെയ്തത്

ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല
മുഖ്യമന്ത്രിയെ പരിഹസിച്ച് ഖുശ്ബു
എൽഡിഎഫ് വീണ്ടും വലിയ നേടുമെന്നതും, അധികാരത്തിൽ വരുമെന്നതും സ്വപ്നം

എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്

അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്
പക്ഷേ എല്ലാം ഇവിടെ അവസാനിക്കുകയാണ്

തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി എത്തിയതാണ് ഖുശ്ബു

ഇ ഡി നോട്ടീസ് പരിഹാസം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ



കൊച്ചി. ഇ ഡി നോട്ടീസ് പരിഹാസം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പശ്ചാത്തല സൗകര്യ വികസനത്തിനു വേണ്ടിയാണ് ചിലവഴിച്ചത്
അത് ചിലവഴിച്ചു എന്ന് പറയുക തന്നെ ചെയ്യും
കിഫ്ബി പ്രവർത്തിക്കുന്നത് റിസർവ്ബാങ്ക് നിശ്ചയിച്ച മാനദണ്ഡപ്രകാരം
ആ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്

അണുവിട അതിൽ വ്യത്യാസം വന്നിട്ടില്ല
തെരഞ്ഞെടുപ്പ് ഇതു മാത്രമല്ല ഇനിയും വരാനുണ്ട്

അപ്പോൾ ഇതു മാത്രമല്ല ഇനിയും ചിലത് വരാൻ സാധ്യതയുണ്ട്
അതൊന്നും തങ്ങളെ ബാധിക്കില്ല

ഭൂമി ഏറ്റെടുക്കുന്നത് നിശ്ചിത ആവശ്യത്തിന് വേണ്ടിയാണ്

ഒരു പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ ആ പദ്ധതിക്ക് വേണ്ടിയാണ് ആ ഭൂമി ഏറ്റെടുക്കുക

ഭൂമിയിൽ ഏറ്റെടുക്കലും വിലയ്ക്കുവാനും രണ്ടും രണ്ടാണ്


നാടിൻറെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും

കേരളത്തിൽ വിവിധ വൻകിട പദ്ധതികൾക്കായി സംസ്ഥാനത്ത് 7 വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി ഇരുപതിനായിരം കോടി രൂപ ചില വിട്ടിട്ടുണ്ട്
ഇതൊക്കെ തടയിടാൻ ഉദ്ദേശമെങ്കിൽ അതൊക്കെ നടക്കാൻ പോകുന്നില്ല

അതൊന്നും നടക്കാൻ പോകുന്നില്ല എന്നതാണ് അത്തരക്കാരോട് പറയാനുള്ളത്

രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി

ഡൽഹി. തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ  വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ
രാജ്യത്തെ വ്യോമയാന ഗതാഗതം താറുമാറായി.
ഇന്ന് മാത്രം ആയിരത്തിലധികം സർവീസുകളാണ് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന്
ഇൻഡിഗോ റദ്ദാക്കിയത്. പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ
ഉയർത്തിയതോടെ , വിമാന കമ്പനികൾക്ക് നിരക്ക് പരിധി നിശ്ചയിച്ച്
വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

രാജ്യത്തെ വിമാന യാത്രികരുടെ ദുരിതം അവസാനിക്കുന്നില്ല.
ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയതറിയാതെ വിമാനത്താവളങ്ങളിൽ എത്തിയ
ആയിരങ്ങൾ ഇന്നും വലഞ്ഞു. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ അടക്കം പ്രധാന
വിമാനത്താവളങ്ങളിൽ ഉൾപ്പടെ ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്.
ഇത് മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
ഡൽഹി തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡൽഹി കൊച്ചി യാത്രക്ക് 70000 വരെയും
ഈടാക്കിയിരുന്നു. കാര്യങ്ങൾ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടു.
വിലവർദ്ധനവ് നിയന്ത്രിക്കാൻ  വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി.
500 കിലോമീറ്റർ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികൾക്ക് ഈടാക്കാനാകുക. 
500-1000കിലോമീറ്റർ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000,
1500ന് മുകളിൽ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി.
ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല.
കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കുമുള്ള റീഫണ്ട് നാളെ
രാത്രി 8 മണിക്ക് മുൻപ് മടക്കി നൽകാനും ഇൻഡിഗോക്ക് നിർദേശം നൽകി.
പ്രശ്നം പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രാലയം ധരിപ്പിച്ചു.
പുതിയ പൈലറ്റ് ഡ്യൂട്ടി വിശ്രമ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇളവ് വേണമെന്ന ഇൻഡിഗോയുടെ
ആവശ്യം പരിഗണിച്ച്  ഫെബ്രുവരി
10 വരെ സർക്കാർ താൽക്കാലിക ഇളവ് നൽകുകയും ചെയ്തു.
രാജ്യത്ത് ഒരു കമ്പനിക്ക് മാത്രം ആധിപത്യം ലഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിതെന്നും,
സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ സാധാരണ
നിലയിലാകുമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.
യാത്രക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിന് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ തുടങ്ങുകയും
തിരക്കേറിയ റൂട്ടുകളിൽ അധിക കോച്ചുകൾ ചേർക്കുകയും ചെയ്തു.

പുറ്റിംഗൽ കേസ്: പ്രതികൾക്ക് കുറ്റപത്രം നൽകി

കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് കോടതി കുറ്റപത്രം നൽകി.
പ്രത്യേക കോടതിയുടെ ചുമതലയുള്ള ജഡ്ജി എം.സി. ആൻ്റണിയാണ് ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത കേസിൽ കുറ്റപത്രം നൽകിയത്.
കുറ്റപത്രം നൽകുന്ന ദിവസമായ ഇന്നലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി പ്രത്യേക നിർദേശവും നൽകിയിരുന്നു.
എന്നാൽ ഒമ്പത് പ്രതികൾ ഹാജരായില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഇവർ അവധിക്ക് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഹാജരാകാത്ത പ്രതികൾക്ക് എതിരേ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു.
കേസിൽ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരാണ്. 16 മുതൽ 20 വരെ പ്രതികൾ ഉത്സവ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നൽകിയ ആളാണ്.
22 മുതൽ 55 വരെ പ്രതികൾ കമ്പക്കാരുടെ ജോലിക്കാരാണ്. 56-ാം പ്രതി സമീപത്തെ ശാർക്കര ക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡൻ്റുമാണ്.
57 മുതൽ 59 വരെ പ്രതികൾ സ്ഫോടക വസ്തുക്കൾ മൊത്തക്കച്ചവടം നടത്തിയവരാണ്. ഇവർ മൂന്നുപേരെയും കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികളിൽ 13 പേർ മരണപ്പെട്ടു. 33-ാം പ്രതി ഒളിവിലാണ്. ബാക്കിയുള്ള 42 പ്രതികളിൽ ഇന്നലെ ഹാജരായ 33 പേർക്കാണ് കോടതി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.

ഭീമാ കൊറേഗാവ് കേസ്, മലയാളി പ്രൊഫസർ ഹാനി ബാബു  ജയിൽ മോചിതനായി

മുംബൈ. ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മലയാളി പ്രൊഫസർ ഹാനി ബാബു ഒടുവിൽ ജയിൽ മോചിതനായി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് വർഷങ്ങൾ നീണ്ട ജയിൽവാസം തത്കാലം അവസാനിച്ചത്. ജയിൽ അനീതിയുടെ കടലായിരുന്നെന്നും നീതി ഇനിയും ഏറെ അകലെയാണെന്നും പ്രൊഫസർ ഹാനി ബാബു  പറഞ്ഞു

അഞ്ച് വർഷവും ഏഴ് മാസവും. വിചാരണപോലുമില്ലാതെ നവിമുംബൈയിലെ തലോജ ജയിലിൽ പ്രൊഫസർ ഹാനിബാബു കഴിഞ്ഞ ദിവസങ്ങൾ.  ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടി മൂന്നാം നാൾ ആണ് ഹാനിബാബു ജയിൽമോചിതനായത്.


ജയിൽവാസത്തിനിടെ മരണത്തെ മുഖാമുഖം കണ്ടു.

ഭിമാ കൊറോഗാവ് സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രൊഫസറായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കുറ്റങ്ങൾ ചുമത്തി.  ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ വാദം. പക്ഷെ ഇത് കെട്ടിച്ചമച്ചതെന്നാണ് ഹാനി ബാബു പറയുന്നത്. ഇതേകേസിൽ ജാമ്യത്തിൽ കഴിയുന്ന മലയാളി പ്രൊഫസർ റോണാ വിൽസനും തലോജ ജയിലിന് മുന്നിൽ എത്തിയിരുന്നു. കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ് അടക്കം ഒരുപറ്റം ചിന്തകരും സാമൂഹിക പ്രവർത്തകരുമാണ് കേസിൽ വിചാരണയില്ലാതെ ജയിൽവാസം അനുഭവിച്ചത്.

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊട്ടാരക്കര. കടയ്ക്കലിൽ അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരിഷ്ടക്കടയിലെ ജീവനക്കാരനായ മണലുവട്ടം സ്വദേശി സത്യബാബുവാണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിൽ.

കഴിഞ്ഞമാസം 15 നാണ് അക്രമം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 ദിവസം ചികിത്സയിലായിരുന്ന സത്യ ബാബു ഇന്ന് മരിച്ചു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. അരിഷ്ടക്കടയിലെത്തിയ സിനുവിനോട് മുൻപ് കുടിച്ചതിന്റെ പണം സത്യബാബു ചോദിച്ചു. ഇതിൻ്റെ വൈരാഗ്യത്തിന് സത്യബാബുവിനെ റോഡിൽ തള്ളിയിട്ട് തല പിടിച്ച് റോഡിൽ ഇടിക്കുകയായിരുന്നു.

അക്രമത്തിന് പിന്നാലെ തന്നെ സിനുവിനെതിരെ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. സത്യ ബാബു മരിച്ചതോടെ കടക്കൽ പൊലീസ് കൊലപാതകത്തിന് പുതിയ കേസെടുത്തു. സിനുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് കടക്കൽ പൊലീസിന്റെ ആലോചന.

പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ 2025 | ഡിസംബർ 6 | ശനി 1201 | വൃശ്ചികം 20 | മകയിരം , തിരുവാതിര

🚨 രാഷ്ട്രീയ വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസിലെ അറസ്റ്റ് തത്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. പൂർണമായും വാദം കേൾക്കാതെ ഒരാളെയും അറസ്റ്റ് ചെയ്യരുതെന്നും കോടതിക്ക് മുൻവിധിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം ആണെന്ന് രാഹുൽ ഹർജിയിൽ അംഗീകരിക്കുന്നു എന്ന കാര്യവും കോടതി പരാമർശിച്ചു. 15 ന് മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി തിങ്കളാഴ്ചത്തേക്ക്

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് അഡീ.സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പൊലീസിന്റെ റിപ്പോർട്ട് ലഭിക്കുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അതേസമയം, രണ്ടാമത്തെ കേസിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. പരാതിക്കാരിയുടെ പേരില്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യഹർജി നൽകിയത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അറസ്റ്റ് തടയേണ്ട ഒരാവശ്യവും പൊലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും നിരവധി തവണ മാറ്റിയെന്നും വിവരമുണ്ട്.

കോർപറേഷൻ അഴിമതി: കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം കോർപറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിന് പരാതി നൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.

തൃശൂർ കോർപറേഷൻ ഭരണം: മുഖ്യമന്ത്രിയുടെ വിലയിരുത്തൽ

തൃശൂർ കോർപറേഷൻ ഭരണം മികച്ചതാണെന്നും വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ കൂമ്പാരമായിരുന്ന തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയത്, പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മികവാർന്നതാണ്.

തരൂരിനെതിരെ വിമർശനം

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതിൽ പങ്കെടുത്ത കോൺഗ്രസ് എംപി ശശി തരൂരിനെതിരേ പാർട്ടിയിൽനിന്ന് രൂക്ഷ വിമർശനം. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയേയും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയേയും ക്ഷണിക്കാതിരുന്ന വിരുന്നിലാണ് തരൂർ പങ്കെടുത്തത്. ക്ഷണം തരൂർ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂർ പങ്കെടുത്തതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

കേരള റെയിൽവേ വികസനം: കേന്ദ്രമന്ത്രി

കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സമാകുന്നത് കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള പോരാട്ടമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. കേരളത്തിലെ 127 റെയിൽവേ മേൽപ്പാലങ്ങളിൽ 105-ഉം വൈകിയതിന് കാരണം കേരളത്തിന്റെ നിലപാടായിരുന്നെന്നും മന്ത്രി വിമർശിച്ചു.

ബെൽദംഗയിലെ പള്ളിയുടെ ശിലാസ്ഥാപനം വിവാദത്തിൽ

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ ഇന്നു നടക്കുന്ന ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ ശിലാസ്ഥാപന ചടങ്ങിൽ സൗദിയിൽ നിന്നുള്ള പുരോഹിതന്മാർ എത്തുമെന്നും 40000 പേർക്കുള്ള ഭക്ഷണവും ഒരുക്കിയെന്നും ടിഎംസി എംഎൽഎ ഹുമയൂൺ കബീർ. സംഭവം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച കബീറിനെ പുറത്താക്കിയതായി ടിഎംസി അറിയിച്ചിരുന്നു.

ലോക്സഭയിൽ പ്രൈവറ്റ് മെമ്പർ ബില്ലുകൾ

ഓഫീസ് സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ‘റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ’ എൻസിപി എംപി സുപ്രിയ സുലെ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. കൂടാതെ ആർത്തവസമയത്ത് സ്ത്രീകൾക്ക് സൗകര്യങ്ങൾ നൽകാനുള്ള ‘മെൻസ്ട്രുവൽ ബെനിഫിറ്റ്‌സ് ബിൽ’ (കോൺഗ്രസ് എം.പി കാദിയം കാവ്യ), നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള ബിൽ (കോൺഗ്രസ് എംപി മാണിക്കം ടാഗോർ), വധശിക്ഷ നിർത്തലാക്കാനുള്ള ബിൽ (ഡിഎംകെ എംപി കനിമൊഴി കരുണാനിധി) എന്നിവയും അവതരിപ്പിച്ചു.

📰 ദേശീയ, സംസ്ഥാന വാർത്തകൾ

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കളക്ടറുടെ യോഗം ഇന്ന്

കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവരടക്കം വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും.

കൊല്ലത്തെ സർവീസ് റോഡ് ഡിസംബർ എട്ടിനകം ഗതാഗത യോഗ്യമാക്കും

കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും.

തദ്ദേശതിരഞ്ഞെടുപ്പ്: അഞ്ച് ദിവസം മദ്യവിൽപന നിരോധനം

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപന നിരോധിക്കുന്നതിനാൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ അതിർത്തികളിലുള്ള മദ്യശാലകൾ തുടർച്ചയായി അഞ്ചു ദിവസം പ്രവർത്തിക്കില്ല. എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ്, ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്, ഇവിടെ ഡിസംബർ ഒൻപതാം തീയതി വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ.

മലമ്പുഴയിൽ പുലി: കൂട് സ്ഥാപിക്കാൻ ആലോചന

പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം വനംവകുപ്പ് ആലോചിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്. വനംവകുപ്പിന്റെ ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടില്ലെങ്കിലും സിസിടിവിയിൽ നിന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു സൂചന.

ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം

കോട്ടയം തലയോലപറമ്പിൽ ഗ്യാസ് സിലണ്ടർ കയറ്റിയ ലോറി കത്തിക്കാൻ ശ്രമം. വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് മാനസിക വെല്ലുവിളികൾ നേരിടുന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവ് തീ വെച്ചത്. ഒരു ഗ്യാസ് സിലിണ്ടർ കത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്.

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി പിടിയിൽ

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പള്ളിയിൽ നിന്നും പിടികൂടി. ഒരു മാസം മുൻപാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. ജയിൽ ചാടിയ ബാലമുരുകൻ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുടമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. കൊച്ചി സിറ്റി ഡാൻസാഫ് ആണ് ഇമ്രാനെ പിടികൂടിയത്.

✈️ വ്യോമയാന, റെയിൽവേ വാർത്തകൾ

ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ അധികനിരക്കിൽ വ്യോമയാന മന്ത്രാലയം ഇടപെട്ടു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകി. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണമെന്നാണ് ആവശ്യം.

ഇൻഡിഗോ പ്രതിസന്ധി: റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യൻ റെയിൽവേ ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനും 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിക്കാനും ആലോചനയുണ്ട്.

ഇൻഡിഗോ പ്രതിസന്ധിയിൽ അന്വേഷണം

ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഇന്നലെ മാത്രം ആയിരത്തിലധികം സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ സിഇഒ വ്യക്തമാക്കിയിരുന്നു.

🌎 അന്താരാഷ്ട്ര വാർത്തകൾ

പ്രവാചക പള്ളി സന്ദർശനത്തിൽ നിയന്ത്രണം

മദീനയിലെ പ്രവാചക പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണവും സമയ പുനഃക്രമീകരണവും ഏർപ്പെടുത്തി. ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും സന്ദർശനാനുമതി. ഇതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ‘നുസ്‌ക്’ ആപ്പിൽ നിന്ന് പെർമിറ്റ് എടുക്കണം. സ്ത്രീപുരുഷന്മാർക്ക് വെവ്വേറെ സന്ദർശനത്തിനുള്ള സമയക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വെടിവെപ്പ്

സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തിയതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവും ആരോപിച്ചു.

എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരം രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടപടി.

💻 ബിസിനസ് & ടെക്നോളജി വാർത്തകൾ

വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്

അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നു. കരാർ പ്രകാരം വാർണർ ബ്രദേഴ്സ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 27.75 ഡോളർ പണമായി നൽകും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യൺ (7200 കോടി) ഡോളറാണ്. ‘ഹാരി പോട്ടർ’, ‘ഫ്രണ്ട്സ്’ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ചലച്ചിത്ര, ടിവി ആർക്കൈവും നെറ്റ്ഫ്ളിക്സിന് സ്വന്തമാകും. അടുത്ത വർഷം മധ്യത്തോടെ ഏറ്റെടുക്കൽ പൂർത്തിയാവും.

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. കോൾ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളിൽ വോയ്സ്, വിഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. കോളിങ്, കോൾ മാനേജ്മെന്റ് എന്നിവ കൂടുതൽ എളുപ്പമാക്കുന്നതാണ് ഫീച്ചർ. കോൾ സ്ക്രീനിൽ നിന്ന് നേരിട്ട് വോയ്‌സ് സന്ദേശം അയയ്ക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. വിഡിയോ കോളുകൾക്കും സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.

ബജാജ് പൾസർ എൻ160-ന്റെ പുതിയ വേരിയന്റ്

ബജാജ് ഓട്ടോ തങ്ങളുടെ സ്‌പോർട്ടി മോഡലായ പൾസർ എൻ160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ പുറത്തിറക്കി. അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളും സിംഗിൾ-പീസ് സീറ്റുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ് വില. 15.7 ബിഎച്ച്പി പവറും 14.65 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 164.82 സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ് എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്.

🎬 വിനോദം & സാഹിത്യം

ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 12ന്

പ്രണയവും നൊമ്പരവും പകയും സംഘർഷവും ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 12ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. എബ്രിഡ് ഷൈൻ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്.

ദുൽഖർ ചിത്രം ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ 100 ദിവസം പിന്നിട്ടു

കല്ല്യാണി പ്രിയദർശനെ നായികയാക്കി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ അപൂർവമായി ലഭിക്കുന്ന നേട്ടമാണിത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിൽ അധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണിത്.

മാതൃഭൂമി പുസ്തകം: ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’

മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’ എന്ന പുസ്തകം ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന വസ്തുതാന്വേഷണമാണ്. പരിഭാഷ: രമാ മേനോൻ. വില 246 രൂപ.

🩺 ആരോഗ്യ വിവരങ്ങൾ

ചായയും കാപ്പിയും: അറിയേണ്ട കാര്യങ്ങൾ

ശരീരത്തിന് ഊർജ്ജം പകർന്ന് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയങ്ങളാണ് ചായയും കാപ്പിയും. കാപ്പിയിലും ചായയിലും അടങ്ങിയ കഫീൻ ആണ് ഊർജ്ജം നൽകുന്നത്. എന്നാൽ കഫീൻ അമിതമാകുന്നത് ഉറക്കപ്രശ്നങ്ങളുണ്ടാക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫീന്റെ അളവു കുറവാണ്. ചായയിൽ അടങ്ങിയ എൽ-തിയനൈൻ മനസിനെ ശാന്തമാക്കാൻ സഹായിക്കും. കാപ്പി അമിതമായാൽ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കൂടാനും ഉറക്കമില്ലായ്മ വർധിക്കാനും കാരണമാകുന്നു.

ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആഗിരണവും കുറയ്ക്കാം. പാലൊഴിക്കാത്ത കട്ടൻ ചായയിലെ ടാന്നിന്നുകളും ഇരുമ്പിന്റെ ആഗിരണത്തിന് തടസമാകാം. മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതൽ 400 മില്ലിഗ്രാം വരെ കഫീൻ (3 മുതൽ 4 കപ്പ് കാപ്പിക്ക് അല്ലെങ്കിൽ 6 മുതൽ 8 കപ്പ് ചായക്ക് തുല്യം) ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. രാത്രിയിൽ കഫീൻ പൂർണമായും ഒഴിവാക്കണം.

💱 ഇന്നത്തെ വിനിമയ നിരക്ക്

കറൻസി ഇന്ത്യൻ രൂപയിൽ
ഡോളർ 89.96
പൗണ്ട് 119.92
യൂറോ 104.55
സ്വിസ് ഫ്രാങ്ക് 111.78
ഓസ്‌ട്രേലിയൻ ഡോളർ 59.67
ബഹറിൻ ദിനാർ 239.19
കുവൈത്ത് ദിനാർ 293.65
ഒമാനി റിയാൽ 234.44
സൗദി റിയാൽ 23.98
യു.എ.ഇ ദിർഹം 24.49
ഖത്തർ റിയാൽ 24.71
കനേഡിയൻ ഡോളർ 65.04