29.6 C
Kollam
Thursday 18th December, 2025 | 01:52:51 PM
Home Blog Page 2763

ബി​ഗ് ബോസ് മത്സരാര്‍ത്ഥി സായി ആശുപത്രിയിൽ

കൊച്ചി:ബി​ഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു. എന്നാല്‍ പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയില്‍ ഉണ്ടെന്നും ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും അറിയിക്കുകയായിരുന്നു

ഇതിനെ തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയാണ്. തുടര്‍ന്ന് കണ്ണൂമൂടി സായിയെ വീട്ടിന് പുറത്തേക്ക് എത്തിച്ചു.

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം നിരക്കും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.

അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

താമിര്‍ ജിഫ്രിയുടെ മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

കോഴിക്കോട്: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരില്‍ വെച്ചാണ് ആല്‍ബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും 2 മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീര്‍ക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീര്‍ക്കെട്ടിനു കാരണമായി. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ തൃപ്തരാകാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു

പട്യാല.പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. പട്യാല രാജ്പുരയിലാണ് സംഭവം.ബിജെപി സ്ഥാനാർഥി പർണീത് കൗറിനെതിരായ പ്രതിഷേധത്തിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് കർഷകൻ മരിച്ചത്.തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് കർഷകർ ആരോപിച്ചു.സംഘർഷത്തിനിടെ രണ്ട് കർഷകർക്ക് പരിക്കേറ്റു.മേഖലയിൽ കർഷകരുടെ പ്രതിഷേധം തുടരുന്നു.കർഷക സമരത്തിൻറെ ഭാഗമായി പഞ്ചാബിലെ ബിജെപി നേതാക്കൾക്ക് നേരെ കർഷകർ നേരത്തെയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു

സംസ്ഥാനത്ത് ചൂട് കുറയുന്നു, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് ചൂട് കുറയുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തീരദേശ മേഖലയിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഓറഞ്ച് അലെർട്ടാക്കി ലഘൂകരിച്ചു// അതേസമയം ഉഷ്ണതരംഗസാധ്യതയുടെ പശ്ചാത്തലത്തിലുള്ള തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ ഉത്തരവിറക്കി

പൊള്ളുന്ന വേനൽചൂടിന് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് പിന്‍വലിച്ചു. തിങ്കളാഴ്ച വരെ പകല്‍ചൂടിനുള്ള മുന്നറിയിപ്പ് തുടരും. വരും ദിവസങ്ങളില്‍ വേനല്‍ചൂട് കുറയുമെന്നും  വ്യാപകമായി മഴ കിട്ടുമെന്നുമാണ് പ്രതീക്ഷ. ഇത്തവണ ശക്തമായ മണ്‍സൂണ്‍ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനുമുള്ള റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നാളെ രാത്രിവരെ ഒാറഞ്ച് അലര്‍ട്ട് തുടരും.

ഇന്ന് രാത്രി എട്ടുമണിയോടെ കേരളതീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ട്. ഉഷ്ണതരംഗസാധ്യതയുടെ പശ്ചാത്തലത്തിലുള്ള തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ ഉത്തരവിറക്കി. നേരത്തെ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാക്കിയത്.

കോൺഗ്രസിന് തിരിച്ചടി, കോൺഗ്രസ്‌ ഡൽഹി മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്‍റെ പാളയത്തില്‍ തീകൊളുത്തി മുൻ കോൺഗ്രസ്‌ ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു.ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും പാർട്ടി ആസ്ഥാനത്തെത്തി അംഗത്വo സ്വീകരിച്ചു.ബംഗാളിൽ മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.പുർബ മേദിനിപൂരിൽ ആണ് സംഘർഷം ഉണ്ടായത്.

ഡൽഹിയിൽ എഎപിയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിംഗ് ലൗലി രാജിവച്ചത്.കനയ്യ കുമാറിനെയും ഉദിത് രാജിനെയും ഡൽഹിയിൽ സ്ഥാനാർഥിയാക്കിയതിലും ലൗലിക്ക് എതിർപ്പ് ഉണ്ടായിരുന്നു. ഇന്ന് ബിജെപി ആസ്ഥാനത്ത് എത്തിയ ലൗലി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കും എന്ന് ലൗലി പ്രതികരിച്ചു.

തംലുക്ക് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി, കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.സംഭവസ്ഥലത്ത് പോലീസ് എത്തി സ്ഥിതി ശാന്തമാക്കി.ജാർഖണ്ഡിലെ പാലാമുവിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഭീകരാക്രമണ സമയത്ത് കോൺഗ്രസ് പാകിസ്ഥാന് പ്രേമലേഖനങ്ങൾ അയക്കുകയായിരുന്നു എന്ന് പരിഹസിച്ചു.

കോണ്‍ഗ്രസ് ആരും തോല്‍ക്കില്ല, 20 സീറ്റിലും വിജയം തന്നെ

തിരുവനന്തപുരം. അവസാന മണിക്കൂറിലെ പുനസംഘടന തെരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ. നാലു മണ്ഡലങ്ങളിൽ കടുപ്പമേറിയ മത്സരമായിരുന്നു എന്നും സ്ഥാനാർത്ഥികളുടെ തുറന്നുപറച്ചിൽ. എന്നാൽ 20 സീറ്റിലും വിജയിക്കാൻ കഴിയും എന്നാണ് കെ.പി.സി.സി നേതൃയോഗത്തിൻ്റെ വിലയിരുത്തൽ.

പലയിടത്തും കടുത്ത മത്സരം നടന്നു എന്ന് പറയുമ്പോഴും 20 സീറ്റും ജയിക്കും എന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. അവസാന മണിക്കൂറിലെ ബ്ലോക്ക് മണ്ഡലം തല പുനസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു സമയം പോയതെന്ന് സ്ഥാനാർത്ഥികളുടെ പരാതി. തൃശ്ശൂരിൽ ഇരുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷം കെ. മുരളീധരന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. നാട്ടിക, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിഎസ് സുനിൽകുമാർ ലീഡ് ചെയ്യും. ബാക്കി അഞ്ചു മണ്ഡലങ്ങളിലും ലീഡ് യുഡിഎഫിന് ആയിരിക്കും. തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി രണ്ടാംസ്ഥാനത്തെത്തുമെന്നും നേതൃയോഗം വിലയിരുത്തി. സംസ്ഥാനത്ത് നിശബ്ദ തരംഗമായിരുന്നു ഉണ്ടായിരുന്നത്. ഭരണ വിരുദ്ധ വികാരമായിരുന്നു നിശബ്ദ തരംഗമായത്. പോളിംഗ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ആയിരിക്കും ബാധിക്കുക എന്നും കെപിസിസി കണക്കുകൂട്ടുന്നു. എന്നാൽ വോട്ട് ചെയ്യാത്ത ആളുകളെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി താഴെത്തട്ടിൽ നിർദേശം നൽകി.

കണ്ണൂരിൽ ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കെ സുധാകരൻ നേതൃ യോഗത്തിൽ പറഞ്ഞു. എന്നാൽ അവസാനത്തോടെ അത് പരിഹരിച്ചു. അതിനാൽ ജയം ഉറപ്പെന്നും കെ. സുധാകരൻ പറഞ്ഞു. പാലക്കാട് താൻ തോൽക്കും എന്നത് വെറും പ്രചരണം ആയി കണ്ടാൽ മതി എന്ന് വി കെ ശ്രീകണ്ഠൻ യോഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞതവണ താൻ മൂന്നാമതാകുമെന്നായിരുന്നു പ്രചരണം. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്നും വി.കെ ശ്രീകണ്ഠൻ യോഗത്തിൽ പറഞ്ഞു. പാലക്കാട്, കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരം ആയിരുന്നു എന്നും യോഗം വിലയിരുത്തി. നാലെടുത്തും അവസാന ലാപ്പിൽ ജയിച്ചു കയറും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു,ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ലാത്തതിന് കാരണം ഇത്

കൊച്ചി.പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുട്ടിയുടെ മാതാവിനെ റിമാൻ്റ് ചെയ്തു. യുവതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഈമാസം പതിനെട്ടാം തീയതി വരെ യുവതിയെ റിമാൻ്റ് ചെയ്തത്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ പങ്കില്ല എന്ന നിലപാടിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

പ്രസവശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തി കവറിലാക്കി ഫ്ലാറ്റിനുള്ളിൽ നിന്ന് പുറത്തേക്കെറിഞ്ഞ കേസിലാണ് കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് ഇന്ന് റിമാൻഡ് ചെയ്തത്. ഈ മാസം പതിനെട്ടാം തീയതി വരെയാണ് റിമാൻഡ് കാലാവധി. യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിക്ക് അപേക്ഷ നൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ യുവതിയുടെ ആൺ സുഹൃത്തിന് പ്രത്യക്ഷത്തിൽ ബന്ധമില്ല എന്നുള്ളതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ യുവതി ലൈംഗിക പീഡനത്തിന് ഇരയായി എന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ബന്ധമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺ സുഹൃത്തിനെതിരെ പരാതി നൽകാനും പെൺകുട്ടി തയ്യാറായിട്ടില്ല. ഇതോടെയാണ് ഇയാളെ നിലവിൽ കേസിൽ പ്രതിയാക്കേണ്ട എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. യുവതി പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴിയും ആൺ സുഹൃത്തിന്റെ പക്കൽ നിന്ന് ശേഖരിച്ച വിവരങ്ങളും ശരിയാണെന്ന് ബോധ്യപ്പെടാൻ യുവതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പോലീസ് നിലപാട് ഈ സാഹചര്യത്തിൽ യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവരെ കാത്തിരിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്.പോക്സോ കേസ് ഇരയെന്ന വ്യാജേന പെൺകുട്ടിയെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻ്റ് എഡിറ്റർ കെ ഷാജഹാൻ ഉൾപ്പെടെ ആറുപേരെ പ്രതി ചേർത്താണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ച കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്സ‌ിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസി. എഡിറ്റർ കെ. ഷാജഹാൻ, റിപ്പോട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരി, എഡിറ്റർ വിനീത് ജോസ്, കാമറാമാൻ വിപിന് മുരളീധരൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ക്രൈംബ്രാഞ്ച് എസിപി വി. സുരേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. പോക്സോ ഉപവകുപ്പ് പ്രകാരവും കേസുണ്ട്. ഏഷ്യാനെറ്റ് ജീവനക്കാർ ഉൾപ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഫീസിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ ചിത്രീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ബ്യൂറോയിൽ നിന്നാണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കസബ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഇന്‍സുലിന്‍ കുത്തിവെച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് യുഎസ് കോടതി. 2020-2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് പിന്നില്‍ ഈ നഴ്‌സാണെന്ന് തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
പെന്‍സില്‍വാനിയയിലെ 41 കാരിയായ നഴ്സായ ഹെതര്‍ പ്രസ്ഡിയെയാണ് മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും തടവിന് ശിക്ഷിച്ചത്. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രസ്ഡിക്കെതിരെ കുറ്റം ചുമത്തി. രാത്രി ഷിഫ്റ്റുകളില്‍ പ്രമേഹമില്ലാത്ത രോഗികളില്‍ ഉള്‍പ്പെടെ ഇവര്‍ ഇന്‍സുലിന്‍ കുത്തിവെച്ചു. മിക്ക രോഗികളും മരിച്ചു. 43 മുതല്‍ 104 വയസ്സ് വരെയുള്ളവര്‍ ഇവരുടെ ഇരകളായി.
ഇന്‍സുലിന്‍ അമിതമായി ശരീരത്തില്‍ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ അവര്‍ക്കെതിരെ മറ്റ് ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി. മരിക്കാത്ത രോഗികളെയും പ്രായമായ രോഗികളെയും കൊലപ്പെടുത്തി ദൈവമാണ് താനെന്ന് സ്ഥാപിക്കാനാണ് നഴ്‌സ് ശ്രമിച്ചതെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ അറിയിച്ചു.