കൊട്ടാരക്കര : കരീപ്ര നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാനിറങ്ങിയ 4 പേരിൽ ഒരാൾ കയത്തിൽ മുങ്ങി മരിച്ചു. മൂന്ന് പേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളം തിരുവാതിരയിൽ ബാഹുലയൻ പിള്ളയുടെ മകനും ഗാർഡ്യൻ ടൂറിസ്റ്റ് ബസിൻ്റെ ഉടമയുമായ മിഥുൻ (23) ആണ് മരണപ്പെട്ടത്. വാക്കനാട് കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദിന്റെ (23) വീട്ടിൽ എത്തിയ സുഹൃത്തുകളാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.
വെളിച്ചിക്കാല ആദിച്ചനല്ലൂർ കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സേഫുദീൻ (23 ) ,മയ്യനാട് അഹലാൻ്റെ വീട്ടിൽ റിയാസിൻ്റെ മകൻ അൽത്താരിഫ് (23) കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദ്
എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്..
റാഷ്ദിൻ്റെ വീട്ടിൽ നിന്ന് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 4 പേരും. പള്ളിക്ക് സമീപത്തെ ആറിനുള്ളിലെ പാറയിൽ നിന്ന് ആറിലേക്ക് ഇറങ്ങി ജലാശയത്തിലൂടെ സുഹൃത്തുക്കൾ നടന്നുനീങ്ങുകയായിരുന്നു. ഇറങ്ങിയ സ്ഥലത്ത് നിന്ന് 50 അടി മുന്നോട്ട് നീങ്ങിയപ്പോൾ വൻ കുഴികളാണ് ഉണ്ടായിരുന്നത്. ഇവർ മെല്ലെ പിറകോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും ഒഴുക്കിന് എതിരെ നീന്താൻ കഴിഞ്ഞില്ല. മൂന്നാൾ പൊക്കമുള്ള കുഴിയിലേക്ക് നാല് പേരും താഴുകയായിരുന്നു.
കൽച്ചിറ ആറിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങിമരിച്ചു , മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തി
ഡാളസില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
ഡാളസ് : അമേരിക്കയിലെ ഡാളസില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ മെട്രോപൊളിറ്റന്‍ ബിഷപ്പ് കൂടിയായ കെ പി യോഹന്നാന്‍ അന്തരിച്ചു. അപകടത്തില്‍ പരുക്കേറ്റ അദ്ദേഹത്തിന് അടിയന്തര ചികില്‍സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഡാളസ്സില്‍ പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നു സഭാ വക്താവ് അറിയിച്ചു ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു
നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍ നിന്നും ഡാളസ്സിലെത്തിയത്. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ മുമ്ബ് അറിയപ്പെട്ടിരുന്ന GFA വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാന്‍
മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടു;വലത് പക്ഷ മധ്യങ്ങൾ രാജ്യത്തിൻ്റെ സ്ഥിതി ചർച്ച ചെയ്യുന്നില്ല:എംവി ഗോവിന്ദൻ
തിരുവനന്തപുരം:മാത്യു കുഴൽനാടൻ നടത്തിയ മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞ് വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ പറഞ്ഞു
നികുതി അടച്ചതിന്റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ കുഴൽനാടൻ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം തന്നെ മറുപടി പറയേണ്ട കാര്യമാണ്
ജനവികാരം ബിജെപിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. ബിജെപി പരാജയത്തിലേക്ക് പോകുകയാണ്. ഇന്ത്യ മുന്നണി വലിയ മാറ്റമുണ്ടാക്കും. രാജ്യത്തെ സാഹചര്യം ചർച്ച ചെയ്യാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തു
കാസര്‍ഗോഡ്.പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമായി.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ഇന്നലെ പങ്കെടുത്തതാണ് വിവാദത്തിലായത്. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകം ജില്ലയിൽ സിപിഐഎം നെതിരെ കോണ്ഗ്രസ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് പ്രദേശത്തെ മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാദമായതോടെ
ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കി. സംഭവത്തിൽ ജാഗ്രതകുറവുണ്ടായി എന്ന നിലപാടിലാണ് ഡി സി സി. പ്രമോദ് പെരിയയോട് വിശദീകരണം തേടിയെന്നും, നടപടി ഉണ്ടാകുമെന്നും ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു.
ലൈംഗികാതിക്രമ കേസ്, കർണാടക മുൻ മന്ത്രി എച്ച് ഡി രേവണ്ണയെ റിമാൻഡ് ചെയ്തു
ബംഗളുരു.ലൈംഗികാതിക്രമ കേസിൽ കർണാടക മുൻ മന്ത്രി എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. ബലാത്സംഗ, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ നൽകിയ ജാമ്യാപേക്ഷ ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതി തള്ളി
കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്.ഡി രേവണ്ണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യം നൽകിയാൽ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതി തള്ളി. കേസ് ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ പ്രജ്വൽ രേവണ്ണയ്ക്കെതീരായ കേസിൽ ഗൂഡാലോചന ആരോപിച്ച് ജെ ഡി എസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റകൃത്യത്തെ അംഗീകരിക്കുന്നില്ല, എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണെന്ന് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ജെഡിഎസിന്റെ പ്രതിഷേധം
കൂട്ടത്തോടെ റദ്ദാക്കിയത് 90 വിമാനങ്ങൾ; എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി ഡിജിസിഎ
ന്യൂ ഡെൽഹി :
ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം. എയർലൈനിലെ കെടുകാര്യസ്ഥതയെ ചൊല്ലി 200ഓളം ജീവനക്കാർ അപ്രതീക്ഷിതമായി സിക്ക് ലീവ് എടുത്തതാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നത്.
വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡിജിസിഎ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർ ലൈനിനോട് നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു
വിമാനങ്ങൾ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി യാത്രക്കാർ പ്രതിഷേധിക്കുന്ന സംഭവങ്ങളുമുണ്ടായി. കൊച്ചി, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള സർവീസുകൾ തടസ്സപ്പെട്ടിരുന്നു.
കണ്ണങ്കാട്ട് കടവിന് സമീപം ചെമ്മീൻ കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് കടവിന് സമീപം ചെമ്മീൻ കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു.പടിഞ്ഞാറെ കല്ലട കോതപുരം സുനിൽ ഭവനിൽ(തറയിൽ) സുന്ദരേശന്റെ ഭാര്യ രത്നകുമാരി (57,കുമാരിയമ്മ) ആണ് മരിച്ചത്.ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ വീട്ടിൽ നിന്നും പോയ ഇവരെ 2.30 ഓടെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശാസ്താംകോട്ട താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്കായി വ്യാഴാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റും.സുനിൽ കുമാർ,അനിൽകുമാർ എന്നിവർ മക്കളാണ്.
നൂറാം വർഷം നൂറ് ശതമാനം വിജയവുമായി ഭരണിക്കാവ് ജെ എം എച്ച് എസ്
ശാസ്താംകോട്ട:നൂറാം വാർഷികം ആഘോഷിക്കുന്ന ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം.പരീക്ഷ എഴുതിയ 187 വിദ്യാർത്ഥികളും മികച്ച
ഗ്രേഡുകളോടെയാണ് വിജയിച്ചത്.47 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ജെ.എം.എച്ച്.എസ് മാനേജ്മെന്റും പിടിഎയും വിദ്യാർത്ഥികളും.
തേവലക്കര പുറമ്പോക്ക് സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയത്ഒഴിപ്പിച്ചു
തേവലക്കര. പടിഞ്ഞാറ്റക്കര ആലയിൽ ഇറക്കത്ത് ബ്ലോക്ക് നം 15 ൽ റീ സർവ്വെ നം 174/15ൽപ്പെട്ട 01.82 ആർസ് (നാലര സെൻറ്) സർക്കാർ റോഡ് പുറമ്പോക്ക് സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയത് കൊല്ലം ജില്ലാ കളക്ടറുടേയും കരു. ഭൂരേഖാ തഹസിൽദാരുടേയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ എ. സിദ്ദിഖ് കുട്ടി, തേവലക്കര വില്ലേജ് ഓഫീസർ പി ആർ ഉല്ലാസ്, Spl വില്ലേജ് ഓഫീസർമാരായ എം.സാബു, പി.ബി ഗോപീകൃഷ്ണ, ഫീൽഡ് അസി. ആർ. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ച് സർക്കാർ അധീനതയിൽ ഏറ്റെടുത്ത്, സർക്കാർ വക ബോർഡും സ്ഥാപിച്ചു.

തേവലക്കര പടിഞ്ഞാറ്റക്കരയിൽ പറത്തറയിൽ വീട്ടിൽ ഹയറുനിസ, സമീർ , അലിയാരു കുഞ്ഞ് എന്നിവർ കയേറി മതിൽ കെട്ടിയ സർക്കാർ ഭൂമിയാണ് തിരികെ സർക്കാർ അധീനതയിൽ എടുത്തിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ടിയാൾ ജില്ലാ കളക്ടർക്കും ലാൻ്റ് റവന്യൂ കമ്മീഷണർക്കും നൽകിയ അപ്പീൽ പരാതികൾ തളളി തീർപ്പാക്കിയ സാഹചര്യത്തിലാണ് ടി കയേറ്റം ഒഴിപ്പിച്ചത്
അസാധാരണമായ ചൂട് തുടരുന്നു
സംസ്ഥാനത്ത് അസാധാരണമായ ചൂട് തുടരുന്നു. തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇതടക്കം 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമടക്കം വേനൽ മഴയും ശക്തമാകും.ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതിശക്തമായ ചൂട് രേഖപ്പെടുത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്നും നാളെയും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകിയത്. മൂന്ന് ജില്ലകളിലും രാത്രികാല താപനില മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത 3 ദിവസം കൂടി തുടരും.
ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില സാധാരണക്കാർ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ തുടരണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണം.ധാരാളമായി വെള്ളം കുടിക്കുക, തുടങ്ങി ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ള ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.പാലക്കാട് താപനില ഉയർന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.
പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.





































