26.2 C
Kollam
Saturday 20th December, 2025 | 07:19:56 PM
Home Blog Page 2752

വൈദ്യുതി സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതല യോഗം

തിരുവനന്തപുരം .സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം വിലയിരുത്താൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേരും. പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന വൈദ്യുത ഉപഭോഗത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയുന്നില്ല. ഇത് ബോർഡിനെയും സർക്കാരിനെയും ആശങ്കയിൽ ആക്കുന്നുണ്ട്. പീക്ക് സമയത്തെ ആവശ്യകത കുറയ്ക്കാനായി ഏതുതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും.

കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട്,വടകര എസ്പി ഓഫീസിലേക്ക് ഇന്ന് യുഡിവൈഎഫ് മാർച്ച്

കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് വടകര എസ്പി ഓഫീസിലേക്ക് ഇന്ന് യുഡിവൈഎഫ് മാർച്ച് നടത്തും. സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നത് ഉൾപ്പെടെയാണ് ആവശ്യം. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം വെറുപ്പ് പ്രചരിപ്പിക്കൽ തുടരുകയാണ് എന്നുമാണ് ആരോപണം.

ഡൽഹിയിൽ താമസിക്കുന്ന കാശ്മീരി കുടിയേറ്റക്കാർക്ക് പ്രത്യേക പോളിംഗ് ബൂത്തുകൾ

ലോക്സഭ തെരഞ്ഞെടുപ്പ് ഡൽഹിയിൽ താമസിക്കുന്ന കാശ്മീരി കുടിയേറ്റക്കാർക്ക് നേരിട്ട് വോട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പോളിംഗ് ബൂത്തുകൾ സ്ഥാപിച്ചു.കശ്മീർ റസിഡൻ്റ് കമ്മീഷൻ, 5 പിആർ റോഡ് ന്യൂഡൽഹി, കശ്മീർ കിസാൻ ഘർ ബിആർ-2 ഷാലിമാർ ബാഗ് ഡൽഹി, അർവാച്ചിൻ ഇൻ്റർനാഷണൽ പബ്ലിക് സ്കൂൾ പോക്കറ്റ് എഫ് ദിൽഷാദ് ഗാർഡൻ, ഡൽഹിയിലെ ജിജിഎസ്എസ്എസ് പപ്രവത് നജഫ്ഗഢ് എന്നിവിടങ്ങളിലാണ് ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ബൂത്തിലൂടെ ജമ്മുകാശ്മീരിലെ ഏതു മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്താം.

തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിതീവ്രമായ ചൂട് അനുഭവപ്പെടാൻ സാധ്യത.തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇതടക്കം 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില സാധാരണയേക്കാൾ
മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യത.. ഇന്നലെ പുനലൂരാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.40°c ചൂട്. സാധാരണയെക്കാൾ 5.7°c കൂടുതൽ.
പാലക്കാട്‌, വെള്ളാനിക്കര എന്നിവിടങ്ങളിൽ 39 ഡിഗ്രി സെൽഷ്യസിന് മുകളിലും,
കണ്ണൂർ എയർപോർട്ട്, കോഴിക്കോട് ,
ആലപ്പുഴ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിന് മുകളിലും തിരുവനന്തപുരം സിറ്റി, കോട്ടയം എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ ചൂട്.
സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത നാല് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വാര്‍ത്താ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയാക്രമണത്തിൽ മരിച്ച എ വി മുകേഷിന്റെ സംസ്ക്കാരം ഇന്ന്

പാലക്കാട്. വാര്‍ത്താ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയാക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ എ.വി. മുകേഷിന്റെ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും, ഇന്നലെ അർധരാത്രിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പരപ്പനങ്ങാടിയിലെ വസതിയിൽ എത്തിച്ചത്.പാലക്കാട്‌ പ്രസ്സ് ക്ലബ്ബിൽ പൊതുദർശനത്തിനെതിച്ച മൃതദേഹത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു,
ജനവാസമേഖലയിലെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ യാണ് അപ്രതീക്ഷിതമായുണ്ടായ ആനയുടെ ആക്രമണത്തിൽ മുകേഷ് കൊല്ലപ്പെടുന്നത്,
മലമ്പുഴ കൊട്ടേക്കാട് വെനോലി എളമ്പരക്കാടിന് സമീപത്തെ ജനവാസമേഖലയിൽ ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. സമീപത്തെ കൃഷിയിടത്തിൽ പുലർച്ചെ കാട്ടാനയിറങ്ങിയെന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവർക്കൊപ്പം മുകേഷ് പുലർച്ചെ ആറുമണിയോടെ സ്ഥലത്തെത്തിയത്.

സംഗീത് ശിവൻ്റെ സംസ്കാരം ഇന്ന് മുംബൈയിൽ

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ്റെ സംസ്കാരം ഇന്ന് മുംബൈയിൽ നടക്കും. മുംബൈയിലെ ഓഷിവാര ഹിന്ദു ശ്മശാനത്തിൽ വൈകീട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ . രാവിലെ 10 മണിയോടെ മൃതദേഹം ആശുപത്രിയിൽ നിന്ന് മുംബൈയിലെ വസതിയിൽ എത്തിക്കും. ഇന്നലെയാണ് ഹൃദയാഘാതം മൂലം മുംബൈയിലെ സ്വകാര്യ ആശുപതിയിൽ വച്ച് ചികിത്സയിലിരിക്കെ സംഗീത് ശിവൻ അന്തരിച്ചത്. യോദ്ധ, നിർണയം, ഗാന്ധർവം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. ഹിന്ദിയിലും എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്.

ഡോ.മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെ ഇടിച്ചിട്ടവാഹനം തിരിച്ചറിഞ്ഞു; സംസ്ക്കാരം തിരുവല്ലയിൽ നടത്താൻ സഭാ സിനഡ് യോഗം ഇന്ന്

തിരുവല്ല: ബിലിവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ: മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെ ഇടിച്ചിട്ട വാഹനം ടെക്സസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡാലസിൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കിടെയായിരുന്നു അപകടം.വാരിയെല്ലിനും, ഇടുപ്പിനും, തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസകോശത്തിൽ ഒപ്പറേഷൻ നടത്തി 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.
ഡോ: മാർ അത്തനേഷ്യസ് യോഹാൻ്റ സംസ്ക്കാരം തിരുവല്ലയിൽ നടത്താൻ സഭാ എപ്പിസ്ക്കോപ്പൽ സിനഡ് ഇന്ന് വൈകിട്ട് അന്തിമ തീരുമാനമെടുക്കും. മുതിർത്ത ബിഷപ്പുമാരെല്ലാം ഇന്ന് രാവിലെയോടെ തിരുവല്ല കുറ്റപ്പുഴയിലുള്ള സഭാ ആസ്ഥാനത്ത് എത്തും.തുടർന്ന് യോഗം ചേരും. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് സർക്കാരുകളുമായി ബന്ധപ്പെട്ടു.നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒന്ന് രണ്ട് ദിവസങ്ങൾ വേണ്ടിവന്നേക്കാമെന്ന് സഭാ വക്താവ് ഫാ.സിജോ പന്തപ്പപ്പള്ളിൽ പറഞ്ഞു.

പാലക്കാട് ജില്ലയിലും വെസ്റ്റ് നൈൽ പനി മരണം

പാലക്കാട്. ജില്ലയിലും വെസ്റ്റ് നൈൽ പനി മരണം. 67 കാരൻ വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചു. കാഞ്ഞിക്കുളം സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. ഉറവിടം പരിശോധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

ചാലക്കുടി സ്വദേശിയായ യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ,ദുരൂഹത

തൃശൂര്‍.ചാലക്കുടി സ്വദേശിയായ യുവതിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ഡോണ(30)യെ ആണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് റീഡോ സ്ട്രീറ്റിലെ സഗുനെയ് അവന്യൂവിന് സമീപമുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലാൽ പൗലോസിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പോലീസ് അന്വേഷണം.

ചെത്തുതൊഴിലാളി തെങ്ങിന് മുകളിൽ കുടുങ്ങി

വൈക്കം.തെങ്ങ് ചെത്താൻ കയറിയ ചെത്തുതൊഴിലാളി തെങ്ങിന് മുകളിൽ കുടുങ്ങി . വൈക്കത്ത് ഇന്നലെ ഉണ്ടായ കാറ്റിനെ തുടർന്നാണ് ചെത്തുകാരന് തിരിച്ചിറങ്ങൻ സാധിക്കാതെ വന്നത്.
വൈക്കം സ്വദേശി രാജേഷാണ് ഇറങ്ങാൻ കഴിയാതെ തെങ്ങിനു മുകളിൽ കുടുങ്ങിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സാണ് ചെത്തുകാരനെ താഴെയിറക്കിയത്.