Home Blog Page 2596

വികാസ് ലൈബ്രറി യോഗ ദിനം ആചരിച്ചു

                  ചവറ. വികാസ് ലൈബ്രറിയുടെയും ചവറ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. വികാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികാസ് ലൈബ്രറി പ്രസിഡന്റ് ആർ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗാ മാസ്റ്റർ ട്രെയിനിങ് ആർ ദിവ്യ  പുതിയ കാലത്തിൽ യോഗ പരിശീലനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി വി ബാബു രാജേന്ദ്രൻ പിള്ള സ്വാഗതവും ഷൈല നന്ദിയും രേഖപ്പെടുത്തി. തുടർന്ന് യോഗ പരിശീലനം നടത്തി വരുന്നവരുടെ യോഗ പ്രദർശനം നടന്നു.

ഓട്ടോമാറ്റിക് ഗെയ്റ്റിനിടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചത് കഴുത്തിനേറ്റ പരുക്കു മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം. വൈലത്തൂരില്‍ ഓട്ടോമാറ്റിക് ഗെയ്റ്റിനിടയില്‍ കുടുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചത് കഴുത്തിനേറ്റ പരുക്കു മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഒടിവുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മരണവിവരം അറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞു വീണു മരിച്ചിരുന്നു.

മുഹമ്മദ് സിനാന്‍റെ കഴുത്തിന് ഇരുഭാഗത്തുനിന്നും ഗേറ്റ് അമര്‍ന്നതു മൂലമുണ്ടായ പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ഗേറ്റിന്റെ സമ്മർദം മൂലം കഴുത്തിന് ഒടിവും ഉണ്ടായി.തിരൂർ ജില്ല ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം.ഇന്നലെ വൈകീട്ട് ആണ് വൈലത്തൂർ ചിലവിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിറ് സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ചത്. അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയത്. ഗേറ്റ് തുറക്കാനുള്ള സ്വിച്ച് അമർത്തി ഗേറ്റ് തുറന്ന് തുടങ്ങിയാൽ ഉടനെ തന്നെ ഗേറ്റ് അടയാൻ കൂടിയുള്ള സ്വിച്ച് അമർത്തി ഗേറ്റ് അടയും മുൻപേ പുറത്തിറങ്ങുക എന്നതായിരുന്നു സിനാന്റെ കണക്ക് കൂട്ടൽ.എന്നാൽ ഗേറ്റ് അല്പം മാത്രം തുറന്ന ഉടനെ തന്നെ അടയാൻ കൂടി ഉള്ള സ്വിച്ച് അമർത്തിയതോടെ കുട്ടി പുറത്തെത്തും മുന്നെ ഗേറ്റ് അടഞ്ഞു.സിനാൻ ഗേറ്റിനും മതിലിനും ഇടയിൽ ഞെരിഞ്ഞു.കുട്ടിയുടെ ശരീരം പൂർണ്ണമായും ഒരുഭാഗത്ത് അല്ലാത്തതിനാൽ സെൻസറിനും തിരിച്ചറിയാനായില്ല.സംഭവ സമയത്ത് അപകടം നടന്ന വീട്ടിൽ ആളുണ്ടായിരുന്നില്ല. ഏറെനേരം ഗെയിറ്റിനുള്ളിൽ കുടുങ്ങി കിടന്ന കുട്ടിയെ അയൽവാസിയാണ് ആദ്യം കണ്ടത്.

വിവരമറിഞ്ഞ്‌ ആശുപത്രിയിൽ എത്തിയ കുട്ടിയുടെ മുത്തശ്ശി കുഴഞ്ഞു വീണുമരിച്ചു. ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ രാത്രി 10 മണിയോടെയാണ് ആശുപത്രിയിൽ വെച്ച്‌ മരിച്ചത്.മുഹമ്മദ് സിനാനെയും ആസ്യയെയും വൈലത്തൂർ ചെലവിൽ ജുമാ മസ്ജിദിൽ ഖബറടക്കി

സാനിയയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പിതാവ്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ പക്ഷേ നിരാശരാക്കുന്നതാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയുടെ പ്രതികരണം. ഷമിയെ സാനിയ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് ഇംമ്രാന്‍ മിശ്ര ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പാക് ക്രിക്കറ്റ് താരം ശുഐബ് മാലികുമായുള്ള ബന്ധം സാനിയ നേരത്തെ വേര്‍പെടുത്തിയിരുന്നു. ഹസിന്‍ ജഹാനുമായി ഷമിയും പിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടയലാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും 2010 ലെ സാനിയയുടെ വിവാഹചിത്രം മോര്‍ഫ് ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. ശുഐബ് മാലിക്കിന്റെ മുഖത്ത് ഷമിയുടെ ചിത്രം ചേര്‍ത്തുവച്ചുള്ള ഫോട്ടോയാണ് പ്രചരിച്ചത്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ കമന്റേററുടെ റോളില്‍ തിളങ്ങിയ സാനിയ, ഹജ്ജ് അനുഷ്ഠിക്കാന്‍ പോയതിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിലൂടെയാണ് കടന്ന് പോകുന്നതെന്നും അറിഞ്ഞും അറിയാതെയും വന്നുപോയ പിഴവുകള്‍ക്ക് മാപ്പപേക്ഷിക്കുകയാണെന്നും താരം കുറിച്ചിരുന്നു.

പാപ്പാനെ ആന ചവിട്ടിക്കൊന്ന കേരള ഫാംസ് ആന സഫാരി കേന്ദ്രം വനം വകുപ്പ് അടപ്പിച്ചു

ഇടുക്കി. കല്ലാറിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന കേരള ഫാംസ് ആന സഫാരി കേന്ദ്രം വനം വകുപ്പ് അടപ്പിച്ചു. ആന ഉടമയ്ക്കും, സഫാരി കേന്ദ്ര നടത്തിപ്പുകാർകുമെതിരേ വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ആന സഫാരി കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലായെന്നും വനം വകുപ്പ് കണ്ടെത്തി.


കേരള ഫാംസ് ആന സഫാരി കേന്ദ്രത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ രണ്ടാം പാപ്പാനെ ചവിട്ടി കൊന്ന ലക്ഷ്മി എന്ന ആനയ്ക്ക് പെർഫോമിങ്ങ് ആനിമൽ ആക്ട് പ്രകാരമുള്ള അനുമതിയില്ല. മുൻപും അക്രമസ്വഭാവം കാട്ടിയിട്ടുള്ള ആനയാണ് ലക്ഷ്മി. ഇതോടെയാണ് കേരള ഫാംസ് ആന സഫാരി കേന്ദ്രം പൂട്ടാൻ വനംവകുപ്പിന്റെ ഉത്തരവ്. അനുമതിയില്ലാത്ത ആനയെ ഉപയോഗിച്ചതിന് ആനയുടമ കോട്ടയം സ്വദേശി  ജലാലുദ്ദീൻ, നിലവിൽ ആനയെ പരിപാലിക്കുന്ന രവീന്ദ്രൻ, ആന സഫാരി കേന്ദ്രം നടത്തിപ്പുകാരൻ കോഴിക്കോട് സ്വദേശി ബിജേഷ് എന്നിവർക്കെതികെ വനംവകുപ്പ് കേസ്സെടുത്തു. പെർഫോമിങ് ആനിമൽസ് ആക്ട്  2001ഉം, വന്യജീവി സംരക്ഷണം നിയമപ്രകാരവും ആണ് കേസ്.

ഇടുക്കിയിൽ ആന സഫാരിക്ക് അനുമതിയുള്ളത് 3 ആനകൾക്കു മാത്രമാണ്. അനുമതിയുളള ആനയെ മറയാക്കി കൂടുതൽ ആനകളെ ഉപയോഗിച്ച് സഫാരി നടത്തുകയാണിവിടങ്ങളിലെ രീതി. അനധികൃതമായി  പ്രവർത്തിക്കുന്ന മുഴുവൻ സഫാരികേന്ദ്രങ്ങൾക്കും സ്റ്റോപ് മെമ്മോ നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.   സോഷ്യൽഫോറസ്ട്രി എ സി എഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പുനഃപരീക്ഷയില്‍ സെന്ററുകള്‍ക്ക് മാറ്റം വരുത്തി എന്‍ടിഎ. ആറ് സെന്ററുകളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റിയത്.
ക്രമക്കേട് നടന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധം സജീവമായിരുന്നു. കോണ്‍ഗ്രസിന്റെ രാജിവ്യാപക പ്രതിഷേധം പലയിടത്തും അക്രമാസക്തമായി.
ഡല്‍ഹിക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം ആണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിനിടയില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 1563 വിദ്യാര്‍ഥികള്‍ക്ക് നടക്കാനിരിക്കുന്ന പുനഃപരീക്ഷയില്‍ എന്‍ടിഎ മാറ്റങ്ങള്‍ കൊണ്ട് വന്നു. പുതിയ സെന്ററുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കി ആയിരിക്കും പരീക്ഷ നടത്തുക. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ഹര്‍ജിയില്‍ കൗണ്‍സിലിംഗ് നടപടികള്‍ തടയണമെന്ന് ആവശ്യത്തില്‍ സുപ്രീംകോടതി വിസമ്മതം അറിയിച്ചു. ഹര്‍ജി മറ്റു ഹര്‍ജികള്‍ക്കൊപ്പം ജൂലൈ എട്ടിന് പരിഗണിക്കും.

വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍

വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് വിദ്യാര്‍ഥി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേരാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് വിദ്യാര്‍ഥി മരിച്ചത്.
രാവിലെ ഒമ്പതേമുക്കാലിനായിരുന്നു കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിലെ അപകടം. വളവില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചായ കുടിക്കാനെത്തിയ കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത്, ജോണ്‍ കമുങ്ങുംതോട്ടത്തില്‍, പിക്കപ്പ് വാനിലെ സഹായി മുഹമ്മദ് റാഫി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. ചായ കട ഭാഗികമായി തകര്‍ന്നു.
കോട്ടയം കാഞ്ഞിരപ്പളളി എരുമേലി റോഡില്‍ ഇരുപത്തിയാറാം മൈലിന് സമീപമുണ്ടായ അപകടത്തിലാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി അമല്‍ ഷാജി മരിച്ചത്.കോളജിലേക്ക് പോകുമ്പോള്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. മലപ്പുറം തിരുവാലി സ്വദേശിയായ നേവി ഉദ്യോഗസ്ഥന്‍ വിഷ്ണുവാണ്തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. രാവിലെ എട്ടരയോടെ ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകത്തിന് പിഴയിട്ട് മുംബൈ ഐഐടി

മുംബൈ: ക്യാമ്പസ് കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകത്തിന് പിഴയിട്ട് മുംബൈ ഐഐടി. നാടകത്തില്‍ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ടത്. ഈ തീരുമാനത്തിനെതിരെ ഇപ്പോള്‍ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു സെമസ്റ്റല്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയടയ്ക്കാന്‍ നാടകം കളിച്ച എട്ട് വിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്‌കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
രാമായണത്തില്‍ നിന്നും ആശയം സ്വീകരിച്ചുള്ളതായിരുന്നു രഹോവന്‍ എന്ന നാടകം. കഴിഞ്ഞ മാര്‍ച്ചിലാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം സമുഹമാധ്യമങ്ങളില്‍ കൂടിയെത്തിയതോടെ രാമനെയും സീതയെയും മോശമായി ചിത്രീകരിച്ചെന്നും ഹിന്ദുസംസ്‌കാരത്തെ അപമാനിച്ചെന്നും ആരോപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ സൈബറിടത്തിലും ചര്‍ച്ചയായി. തുടര്‍ന്ന് അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
നാടകത്തിന്റെ ഭാഗമായ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓരോരുത്തരും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും സഹകരിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നാല്പതിനായിരും രൂപയും ജൂലൈ 20തിന് മുന്‍പ് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. നാടകത്തില്‍ സഹകരിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പറത്താക്കിയിരുന്നു.

തിരുവനന്തപുരത്ത് മാത്രമേ പാർട്ടിയെ നയിക്കൂ; ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ല: മുരളീധരൻ

തിരുവനന്തപുരം:
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമാണ് സജീവമാകുക. ഗാന്ധി കുടുംബത്തിലെ ഒരംഗം മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരു കോൺഗ്രസ് പ്രവർത്തകനും കഴിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിൽ പാർട്ടി മറ്റ് നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. താത്കാലം തിരുവനന്തപുരത്ത് മാത്രമേ പാർട്ടി നയിക്കാനുള്ളുവെന്നും മുരളീധരൻ പറഞ്ഞു

ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ പ്രവർത്തന മികവിലാണ് 18 സീറ്റ് നേടാനായത്. താൻ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ചിലർ പറയുന്നത് പ്രവർത്തകരുടെ വികാരം മാത്രമാണെന്നും മുരളീധരൻ പറഞ്ഞു

സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു…അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴസ പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്.

ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുമാണ് സാധ്യത.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്:
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഫ്‌ളാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ ഭർത്താവിനെ ഇയാൾ ആക്രമിച്ചതായും പരാതിയുണ്ട്.
അർജുനെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.