Home Blog Page 2594

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി ബസ് സർവ്വീസ് വേണമെന്ന ആവശ്യം ശക്തം, അതിനുപറ്റിയ റോഡ് എവിടെ എന്ന് മറുചോദ്യം

ശാസ്താംകോട്ട:കുന്നത്തൂർ,അടൂർ താലൂക്കുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി ബസ് സർവ്വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യം മുടങ്ങാനുള്ള കാരണം മികച്ച റോഡിന്‍റെ അഭാവമാണ്.

എക്സ്പ്രസ്, പാസഞ്ചർ അടക്കം നിരവധി ടെയിനുകൾക്ക് സ്റ്റോപ്പ് ഉള്ളതിനാൽ
ദിവസവും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉളളത്.എന്നാൽ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് എത്തിച്ചേരാനുള്ള യാത്രാ സൗകര്യം ഇല്ലാത്തത് തിരിച്ചടിയാകുന്നു.വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ആരംഭിച്ച്‌ കടപുഴയിൽ അവസാനിക്കുകയും തിരിച്ച് കരുനാഗപ്പള്ളിയിലേക്കും എന്ന രീതിയിൽ രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസ് നടത്തിയിരുന്നു.റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനകരമായിരുന്നു.എന്നാൽ അധികനാൾ ഈ സർവ്വീസ് മുന്നോട്ട്
പോയില്ല.പത്തനംതിട്ട,അടൂർ, തെക്കുംഭാഗം,ചവറ,തേവലക്കര,
ശൂരനാട്,കുന്നത്തൂർ മേഖലകളിൽ നിന്നടക്കം നിരവധി യാത്രക്കാർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര ചെയ്യുന്നുണ്ട്.എന്നാൽ
പ്രധാന ജംഗ്ഷനുകളായ മൈനാഗപ്പള്ളി,കുറ്റിയിൽ മുക്ക്, ഐസിഎസ്,ആഞ്ഞിലിമൂട്, പൊട്ടക്കണ്ണൻ മുക്ക്,കാരാളിമുക്ക്, തോപ്പിൽ മുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 2 മുതൽ 4 കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.ട്രെയിൻ കയറുന്നതിനും തിരികെ വീടുകളിലേക്ക് മടങ്ങുന്നതിനുപ്രധാന ജംഗ്ഷനുകളിലെത്തി ബസ് യാത്ര ചെയ്യുന്നതിന് ഒന്നുകിൽ ഇത്രയും ദൂരം നടക്കുകയോ അല്ലങ്കിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കുകയോ വേണം.ഇത് വലിയ സമയനഷ്ടവും സാമ്പത്തിക നഷ്ടവുമാണ് വരുത്തുന്നത്.അടിയന്തിരമായി സ്റ്റേഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

സ്റ്റേഷനിലേക്കുള്ള റോഡ് സ്ഥലമെടുത്ത് വിപുലീകരിക്കുന്നതിനുള്ള നീക്കം മുമ്പ് സ്റ്റേഷന്‍ നില്‍ക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്ത് അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അത് അട്ടിമറിക്കപ്പെടുകയായിരുന്നു. റെയില്‍വേസ്റ്റേഷന് ചേര്‍ന്നുപോകുന്ന പൈപ്പ് റോഡ് ചവറ നിന്നും ശാസ്താംകോട്ട വരെ നേര്‍ രേഖ പോലെ പോകുന്ന റോഡ് ആണ് ഏറെക്കാലത്തെ സമരങ്ങള്‍ക്ക് ഒടുവില്‍ അത് ടാര്‍ ചെയ്തുവെങ്കിലും ചെറുവാഹനങ്ങള്‍ മാത്രം പോകുന്ന തരത്തില്‍ അത് അടച്ചുവച്ചിരിക്കയാണ് ജല അതോറിറ്റി. കാരാളിമുക്ക് ഭാഗത്ത് പ്രധാനപാതയിലേക്കുപോകുന്ന റോഡ് ഏറ്റവും ദൂരം കുറവാണെങ്കിലും അവിടെ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ ബ്രിഡ്ജിലേക്കു കയറാനാവാത്ത നിലയാണ്. വണ്ടിപ്പെരിയാര്‍ ഭരണിക്കാവ് റോഡ് ചവറയിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് അടുത്തുകൂടി ഹൈവേ തേവലക്കരയിലേക്ക് ചെന്നെത്തുന്ന ഒരു പ്രൊപ്പോസല്‍ പോയിട്ടുണ്ട്. എന്നാല്‍ അത് ഫയലില്‍ തന്നെയാണ്.

കരുനാഗപ്പള്ളി-ശാസ്താംകോട്ട,ചവറ-ശാസ്താംകോട്ട പ്രധാന പാതകളിലൂടെ പോകുന്ന കുറേ സ്വകാര്യ,സര്‍ക്കാര്‍ ബസുകള്‍ സ്റ്റേഷനിലൂടെ കടത്തിവഴിതിരിഞ്ഞ് പോകുകയാണ് ഏറ്റവും നല്ല രീതിയെന്ന അഭിപ്രായം വര്‍ഷങ്ങള്‍ക്കുമുമ്പേ ഉയര്‍ന്നതാണ്. സ്റ്റേഷനിലേക്ക് പുതിയ ബസുകള്‍ വരുന്നതിലും നല്ലതും പ്രായോഗികവും അധികൃതര്‍ക്ക് പെട്ടെന്ന് നടത്താവുന്നതും ഇതാണ്. കരുനാഗപ്പള്ളി ശാസ്താംകോട്ട ബസ് കുറ്റിയില്‍മുക്കില്‍നിന്നും തിരിഞ്ഞ് സ്റ്റേഷന്‍വഴി നെല്ലിക്കുന്നത്തുമുക്കിലൂടെ ആഞ്ഞിലിമൂടിലെത്തിയാല്‍ മതിയാകും. ചവറ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ കാരാളിമുക്കില്‍ നിന്നും സ്റ്റേഷന്‍ വഴി നെല്ലിക്കുന്നത്തുമുക്ക് ആഞ്ഞിലിമൂട് വഴിയോ ഐസിഎസ് ആഞ്ഞിലിമൂട് വഴിയോ യാത്ര തുടരാനാകും. ഇതിനെല്ലാം വീതിയുള്ള റോഡ് ആവശ്യമാണ്. പൈപ്പ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത് വീതി കൂട്ടി ബസ് അനുവദിക്കാവുന്നതാണ്. ഇത് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ചവറനിന്നും-ശാസ്താംകോട്ടക്ക് ഒന്നാന്തരമൊരു ഹൈവേ ലഭിക്കും . എന്നാല്‍ ഇതിനെല്ലാം വേണ്ടത് ആര്‍ജ്ജവമുള്ള ജനപ്രതിനിധികളും ഭരണാധികാരികളുമാണെന്നതാണ് ഖേദകരം.

യുകെയിലേക്ക് അരികടത്ത്, വല്ലാര്‍പാടത്ത് പിടിവീണു

കൊച്ചി.വല്ലാര്‍പാടത്ത് വന്‍ അരിക്കടത്ത് പിടിച്ചു.കസ്റ്റംസ് ഇന്റലിജന്‍സാണ് അരിക്കടത്ത് പിടിച്ചത്മൂന്ന് കണ്ടയിനറുകളിലായി ഒരു കോടി രൂപയുടെ അരി കണ്ടെത്തി. വല്ലാര്‍പാടം കണ്ടയിനര്‍ ടെര്‍മിനല്‍ വഴിയാണ് കടത്തിന് ശ്രമിച്ചത്. കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് ഉപ്പ് എന്ന വ്യാജേന് കടത്താന്‍ ശ്രമിച്ചത്. യു.കെയിലേക്കാണ് അരിക്കടത്തിന് ശ്രമിച്ചത്

തമിഴ്‌നാട്ടിലെ സ്ഥാപനത്തിന്റേതാണ് കണ്ടയിനറുകള്‍. ഒരു മാസത്തിനിടെ പത്തോളം കണ്ടയിനര്‍ അരി പിടിച്ചിരുന്നു. മൂന്നുകോടിയോളം രൂപയുടെ അരിയാണ് നേരത്തെ പിടിച്ചത്‌

മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്ക് അടിച്ചു പൊട്ടിച്ച് മാതാവ്

അടൂര്‍. സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്ക് അടിച്ചു പൊട്ടിച്ച് മാതാവ്. വിവരമറിഞ്ഞെത്തിയ അമ്മയാണ് 59 കാരന്റെ മുഖത്തടിച്ചു പരുക്കേല്‍പ്പിച്ചത്. അടിയറ്റ ആളുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായത്. സംഭവം പത്തനംതിട്ട ഏനാത്ത് ആണ്. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോടാണ് പ്രതി ബസില്‍ വച്ച്‌ അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടൻ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് എതിരെ ആളെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചതിന് കേസെടുക്കുമെന്നാണ് വിവരം.

എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കം

കോഴിക്കോട്. കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കമാവും. വൈകീട്ട് ബീച്ചിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌തയാണ് ഉദ്ഘാടനം ചെയ്യുക.
302 വനിതകൾ ഉൾപ്പടെ 931 പേർ 23, 24 തിയതികളിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഫെഡറലിസം തകർത്ത് കേന്ദ്ര സർക്കാർ, പ്രതിരോധം തീർത്ത് കേരളം എന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. നവകേരളവും സിവിൽ സർവീസിൻ്റെ നവീകരണവും സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

വിജയ്ക്ക് ഇന്ന് 50-ാം പിറന്നാൾ

ചെന്നൈ: നടന്‍ വിജയ്‌ ദളപതിയുടെ 50-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി തമിഴകം. ഇന്ന് ദളപതിയുടെ ഗോള്‍ഡന്‍ എറയ്‌ക്ക്‌ തുടക്കമിടുമ്പോള്‍ ബഹുമാനാർഥം ആരാധകർ അതിഗംഭീര ആഘോഷങ്ങൾക്കാണ്‌ ഒരുങ്ങുന്നത്‌. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളില്ലെന്നാണ് താരം പറഞ്ഞത്. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്‌ക്കാന്‍ കാരണം.
എസ് എ ചശേഖറിൻ്റെയും, ശോഭാ ചന്ദ്രശേഖറിൻ്റെയും മകനായി 1974 ജൂലൈ 22 നാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ജനിച്ചത്. ആരാധകർ ഇദ്ദേഹത്തെ “ദളപതി” എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012),തെരി (2016), മെർസൽ (2017), ബിഗിൽ (2019),മാസ്റ്റർ (2021) ,beast (2022),varisu (2023), leo (2023) എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
എന്നാല്‍ ജന്മദിനത്തിന് മുന്നോടിയായി വരാനിരിക്കുന്ന ചിത്രമായ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)’ന്‍റെ അപ്‌ഡേറ്റിനെക്കുറിച്ചുള്ള സൂചനകളും പുറത്തുവന്നു.
ഗോട്ടിൻ്റെ നിർമ്മാതാക്കളിലൊരാളായ അർച്ചന കൽപാത്തിയാണ്‌ ചിത്രത്തിന്‍റെ വരാനിരിക്കുന്ന അപ്‌ഡേറ്റിനെക്കുറിച്ച്‌ സൂചന നല്‍കിയത്‌. ‘കാത്തിരിപ്പിന്‌ തുടക്കം, ആദ്യ അപ്‌ഡേറ്റ് ഉച്ചയ്ക്ക്’ എന്നായിരുന്നു എക്‌സിലൂടെ പങ്കുവച്ചത്‌. പോസ്റ്റിന്‌ പിന്‍തുണയേകി നിരവധി ആരാധകരാണ്‌ രംഗത്തെത്തിയത്‌.

കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വിജയ് തമിഴ്നാട് രാഷ്ട്രീയത്തിലേക്കും ചുവട് ഉറപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

സിപിഐ കയ്യേറ്റം നടത്തിയിട്ടില്ലെന്നു മന്ത്രി,കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

ഇടുക്കി. കൂട്ടാറിൽ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുറമ്പോക്ക് കയ്യേറി നിർമിച്ചെന്ന് റവന്യു വകുപ്പ് കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് ഓഫീസിൻറെ പ്രവർത്തനം. വാടകയ്ക്ക് എടുത്ത മുറിയിലാണ് ഓഫീസ് തുടങ്ങിയതെന്നും കയ്യേറ്റം ഉണ്ടെന്ന് അറിയില്ലെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ നിലപാട്

സിപിഐ കയ്യേറ്റം ഒന്നും നടത്തിയിട്ടില്ലെന്നും കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് കയ്യേറ്റഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിന്റെ പ്രവർത്തനം. എസ് എൻ ഡി പി കൂട്ടർ ശാഖ യോഗമാണ്‌ കെട്ടിടം പണിതത്. പണി പുരോഗമിക്കുന്നതിനിടെ റവന്യു ഭൂമിയാണെന്ന് കണ്ടെത്തിയതോടെ അധികൃതർ സ്റ്റോപ്പ്‌ മെമ്മോ നൽകി. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഈ മാസമാണ്‌ സിപിഐ കൂട്ടർ ലോക്കൽ കമ്മറ്റി ഓഫീസ് തുറന്നത്. ഇഷ്ടിക കെട്ടി പുതിയതായി ഒരു മുറിയും പണിതു. കെട്ടിടം പ്രവർത്തിക്കുന്നതറിഞ്ഞു ഈ മാസം കരുണപുരം വില്ലേജ് ഓഫീസർ വീണ്ടും സ്റ്റോപ്പ്‌ മെമ്മോ നൽകി. എന്നാൽ ഇത് അവഗണിച്ചു പാർട്ടി ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനത്തെക്കുറിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹാൽസിദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട്‌ നൽകി. കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ ഒഴുപ്പിക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.

എന്നാൽ പാർട്ടി നിർമാണം നടത്തിയിട്ടില്ലെന്നും വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ ഓഫീസ് തുടങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ സംഭവം. കയ്യേറ്റങ്ങൾതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് സിപിഐ കയ്യേറ്റ ഭൂമിയിൽ ഓഫീസ് തുടങ്ങിയത്.

പോത്തുപുഴ,ഭാരതപുഴയിലേക്ക് കന്നുകാലികളെ അഴിച്ചു വിടുന്നവര്‍ക്കെതിരെ നടപടിയുമായി പട്ടാമ്പി നഗരസഭ

പട്ടാമ്പി.ഭാരതപുഴയിലേക്ക് കന്നുകാലികളെ അഴിച്ചു വിടുന്നവര്‍ക്കെതിരെ നടപടിയുമായി പട്ടാമ്പി നഗരസഭ. പുഴയില്‍ നിന്നും രണ്ട് കന്നുകാലികളെ പിടിച്ചെടുത്തു.
ഇവയെ ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി,ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കന്നുകാലികളെ കൊണ്ടുവന്ന് തളളുന്നതായി ട്വന്റി ഫോര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഭാരതപുഴയിലേക്ക് കന്നുകാലികളെ മേയാന്‍ അഴിച്ച് വിടുന്നതിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.പുഴയിലെ വെളളം പ്രധാന കുടിവെളള സ്രോതസ്സുകൂടിയാണ്.
അറിയിപ്പുകള്‍ വകവെക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗം നടപടികളുമായി രംഗത്തെത്തിയത്.

കിഴായൂര്‍ നമ്പ്രം പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും രണ്ട് പോത്തുകളെ പിടികൂടി.ഉടമയെ കണ്ടെത്തി
പിഴ ഈടാക്കുന്ന നടപടിയാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. തുടര്‍ന്ന് ഇത്തരത്തില്‍ പിടികൂടുന്ന കന്നുകാലികളെ ലേലത്തില്‍ വില്‍ക്കുന്നതുള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുജിസി – നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി

സിഎസ്ഐആർ – യുജിസി – നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി.ഈ മാസം 25, 27 തീയതികളിൽ നടത്താൻ ഇരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും കൊണ്ടാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എൻടിഎയുടെ വിശദീകരണം.പുതുക്കിയ പരീക്ഷാ തീയതി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.ജെആർഎഫിനും ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും ലക്ചർഷിപ്പ്/ അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവയ്ക്കുമുള്ള യോഗ്യത നിർണയിക്കാൻ നടത്തുന്നതാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ.

കള്ളക്കുറിച്ചി :മരണസംഖ്യ 55 ആയി, 27 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 55 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം 115 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 27 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഇതുവരെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപയും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് 3 ലക്ഷം രൂപയും നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപയും സർക്കാർ ധന സഹായം പ്രഖ്യാപിച്ചിരുന്നു.

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി

കൊല്ലം: മുത്തശ്ശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി. ഉളിയകോവില്‍, ജനകീയ നഗര്‍-40 ല്‍ പാര്‍വതി മന്ദിരത്തില്‍ യശോധ(85)യാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കൊച്ചുമകള്‍ പാര്‍വതി, ഭര്‍ത്താവ് ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- യശോദ ധരിച്ചിരിക്കുന്ന വളയും കമ്മലും ശരതും പാര്‍വ്വതിയും ആവശ്യപ്പെട്ടെങ്കിലും യശോദ ഇത് നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരത് യശോദയുടെ വായില്‍ തോര്‍ത്ത് തിരുകി കയറ്റി. പിന്നീട് പ്ലാസ്റ്റിക് ടേപ് ഒട്ടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ശേഷം ഇടതു കൈയ്യില്‍ കിടന്ന സ്വര്‍ണ വളയും കാതില്‍ കിടന്ന കമ്മലും ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയെ തള്ളിയിട്ട ശേഷം അലമാര കുത്തിത്തുറന്ന് 25,000 രൂപയും കവര്‍ന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശരത്തിന്റെ അടിയേറ്റ് വയോധികയുടെ മൂന്ന് പല്ലുകളും കൊഴിഞ്ഞിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം മുങ്ങിയ പ്രതികളെ കഴക്കൂട്ടത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് എസ്‌ഐമാരായ ദില്‍ജിത്ത്, ആശ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.