ശാസ്താംകോട്ട:ദുബായിൽ
മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം
സ്വദേശിയായ യുവാവ് മരിച്ചു.ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് (43,ഹരിക്കുട്ടൻ) ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം.നടന്നു പോകുന്നതിനിടെ
പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു.ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.ഭാര്യ:രശ്മി.
മക്കൾ:കാർത്തിക്,ആദി.
ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
കൊല്ലം വയ്യാങ്കര സ്വദേശി മരിച്ചു
ഐഎസ്ആർഒ ഗൂഢാലോചന കേസ്: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി, നോട്ടീസ് അയച്ചു
തിരുവനന്തപുരം:
നമ്പി നാരായണനെ ചാരക്കേസിൽ പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസിൽ പ്രതികൾക്ക് നോട്ടീസ് അയച്ച് കോടതി. മുൻ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരുന്നത്.
കുറ്റപത്രം അംഗീകരിച്ച സിജെഎം കോടതിയാണ് പ്രതികൾക്ക് സമൻസ് അയച്ചത്. ജൂലൈ 26ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. മുൻ എസ്.പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് ഐ കെകെ ജോഷ്വ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ദില്ലിയില്‍ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്.
നരേല മേഖലയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു പ്രതികളായ രാഹുലും ദേവദത്തും. ഫോറസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. രാത്രി ഭക്ഷണം കഴിഞ്ഞ് കളിക്കാനിറങ്ങിയ മകളെ കാണാതായതിനെത്തുടര്‍ന്നാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. പ്രതി രാഹുല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ദേവദത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് രാഹുല്‍ സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
കഞ്ചാവുമായി യുവാവ് പിടിയില്‍
കൊട്ടാരക്കര: മൈലം കുന്നക്കര ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊട്ടാരക്കര ജയരംഗം വീട്ടില്‍ അരുള്‍ രാജ് (30) ആണ് കൊട്ടാരക്കര എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 1.600 കിലോഗ്രാം കഞ്ചാവ് പിടികൂടി.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദീപക്. ബിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിലു, പ്രശാന്ത്. പി. മാത്യൂസ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
സർക്കാർ ആശുപത്രികൾ ഇനി ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’; ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്ന കേന്ദ്രനിർദേശം നടപ്പിലാക്കില്ലെന്ന നിലപാട് മാറ്റി സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി സർക്കാർ ഉത്തരവിറക്കി. ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കും. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്.
കോ ബ്രാൻഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം
ഭൂമി തരംമാറ്റം; ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം
ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റില്‍ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍മാരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താത്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്‌റ്റ്വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂ നികുതി ഉള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
ജോലിത്തിരക്കുള്ള ആര്‍ഡിഒ ഓഫീസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു.
ഓണ്‍ലൈന്‍ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മുന്‍ വിരോധം; യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
കൊല്ലം: മുന്‍ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരി
ക്കേല്‍പ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനില്‍ സണ്ണി (36) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. മുന്‍ വിരോധം നിമിത്തം, മാര്‍ച്ച് മാസം എട്ടാം തീയതി വൈകുന്നേരം 7ന്
ഗുഹാനന്ദപുരം ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം കണ്ട് കൊണ്ടു നിന്ന തെക്കുംഭാഗം
സ്വദേശിയായ അനന്തുവിനെ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു.
കൈയ്യില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് അനന്തുവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി
അക്രമം തടയാന്‍ ശ്രമിച്ച അനന്തുവിന്റെ ബന്ധുക്കളേയും ആക്രമിച്ചു. ആക്രമണത്തില്‍ അനന്തുവിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഏല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഉത്സവത്തോടനുബന്ധിച്ച് അനന്തുവിന്റെയും പ്രതിയുടെയും ക്ലബ്ബുകള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂര്‍ഖന്‍
കൊല്ലം: ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂര്‍ഖന്‍. ഇന്ന് രാവിലെ 9:30ന് ആണ് മൂര്‍ക്കനെ കണ്ടത്. ഉടന്‍ തന്നെ ജീവനക്കാരും രോഗികളും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പിനെ കണ്ട സ്ഥലത്താണ് സാധാരണ ജീവനക്കാര്‍ ഇരിക്കുന്നത്. രോഗികള്‍ കണ്ടതിനാല്‍ ആണ് വന്‍ അപകടം ഒഴിവായത്.
ഓച്ചിറയില്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന
ഓച്ചിറ: എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഓച്ചിറയില്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തി. സ്‌കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരി കലര്‍ന്നതുമായ മിഠായികള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി.എസ്. ഐസക്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എബിമോന്‍.കെ. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. അനില്‍കുമാര്‍, എസ്.അന്‍ഷാദ്, മന്‍സൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ്.ടി. ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളുകളുടെ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍
പാന്‍മസാല എന്നിവ വില്പന നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് 04762631771, 9400069443 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കൂണ്‍ ഗ്രാമം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം
സാധ്യമാകുന്നിടത്തോളം കൃഷി നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂര്‍ പാം വ്യൂ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സംരക്ഷണത്തില്‍ കൂണിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്‍നിര്‍ത്തി ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണവും ഉറപ്പാക്കണം. കൂണിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കിവരികയാണ്. കൂണ്‍ കൃഷി പരിശീലിപ്പിക്കുന്നത് പോലെ അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് സംവിധാനത്തിലും ഉന്നത നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കും. കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യ സംരക്ഷണം നടത്താനാകുമെന്ന് എല്ലാവരും തിരിച്ചറിയണം. കേരള ഗ്രോ എന്ന ബ്രാന്‍ഡ് സര്‍ക്കാര്‍ ഉറപ്പാക്കിയത് വഴി കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി മൂല്യം കൂടി ഉയരും. സംസ്ഥാനത്ത് 14 ഇടങ്ങളില്‍ കേരള ഗ്രോ സ്റ്റോളുകള്‍ തുറക്കുന്നത് പരിഗണനയിലാണ്. കാര്‍ഷിക ഉല്‍പന്ന പ്രദര്‍ശനം വിപുലമായി നടത്താനും ഉദ്ദേശിക്കുന്നു. കാര്‍ഷിക സംരംഭകര്‍ക്ക് പ്രോത്സാഹനം ആകുന്ന വിധം ഡി പി ആര്‍ ക്ലിനിക് പുനലൂരില്‍ നടത്തും. ഓയില്‍ പാമിന്റെ ആധുനീകരണ- വികസന പരിപാടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, ഓയില്‍പാം ഇന്ത്യ ചെയര്‍മാന്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിന്ധു ദേവി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, മികവു പുലര്‍ത്തിയ കൂണ്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






































