തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ ഉറപ്പാണെന്നും സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടികളിൽ ആശങ്കയുണ്ടെന്നും ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു.രാവിലെ 11.30തോടെ റീമാ കല്ലിങ്കലിൻ്റെ നേതൃത്വത്തിൽ 5 അംഗ സംഘം മുഖ്യമന്ത്രിയുടെ ചേംബറിലെത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ഡബ്ളിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടത്. ഹേമ കമ്മിറ്റി ശുപാർശകളിൽ നടപടി വേണമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഇവർ ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം രണ്ടാഴ്ചക്ക് ഉള്ളിൽ പ്രത്യക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതിന് തൊട്ടടുത്ത ദിവസം നടന്ന കൂടികാഴ്ച ആകാംക്ഷയോടെയാണ് സിനിമാ മേഖല നോക്കിക്കാണുന്നത്.
പിടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു; അവരുടെ പിന്തുണ ഷോ മാത്രം , വിനേഷ് ഫോഗട്ട്
ന്യൂ ഡെൽഹി :
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവി പി.ടി ഉഷക്കെതിരെ വിമർശനവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിൽ ഉഷ രാഷ്ട്രീയം കളിച്ചുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. താൻ ആശുപത്രിയിലായിരിക്കുമ്പോൾ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇത് ആത്മാർഥമായ പിന്തുണയായി തനിക്ക് തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമർശം. അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും വിനേഷ് ഫോഗട്ട് വിമർശിച്ചു. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമണ് പി.ടി ഉഷ വന്നത്. അവർ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചില്ല. ആ ഫോട്ടോ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു ഷോ മാത്രമായിരുന്നു അത്. അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു’ വിനേഷ് പറഞ്ഞു. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച് വീണ്ടും വിനേഷ് ഫോഗട്ട് വിമർശനം ഉന്നയിച്ചു. സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഡമ്മി സ്ഥാനാർഥിയാണ് സഞ്ജയ് സിങ്ങെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ലാലിനു പകരം മോഹൻലാൽ: നിയമനടപടിക്ക് സംവിധായിക
അഭിമുഖത്തിനിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ സംവിധായിക രേവതി എസ് വർമ. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലാൽ എന്ന നടനു പോലും സ്ത്രീ അധികാരമുള്ള സംവിധായികയാകുന്നത് ഉൾക്കൊള്ളാനായില്ലെന്ന അഭിപ്രായം രേവതി പങ്കുവച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ നിന്നും വാർത്ത ഉണ്ടാക്കിയ ഒരു ഓൺലൈൻ മാധ്യമം, നടനും സംവിധായകനുമായ ലാലിന് പകരം മോഹൻലാലിന്റെ ചിത്രമാണ് ഉപയോഗിച്ചത്. തെറ്റായ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേവതി എസ് വർമ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
രേവതിയുടെ വാക്കുകൾ ഇങ്ങനെ;
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെപറ്റി എന്‍റെ അഭിപ്രായം അറിയാന്‍ വേണ്ടി, ഒരു സ്വകാര്യ ചാനലില്‍ നിന്ന് എന്നെ സമീപിക്കുകയുണ്ടായി. സ്വകാര്യതയാണ് എന്റെ ജീവിതത്തിൽ പരമപ്രധാനമായി ഞാൻ കണക്കാക്കുന്നത്. പക്ഷേ ഇങ്ങനെയൊരവസരത്തിൽ സംസാരിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യത്തിലാണ് ഞാൻ ആ അഭിമുഖം ചെയ്തത്. അങ്ങനെ ഞാന്‍ നല്‍കിയ അഭിമുഖത്തില്‍, ചോദ്യകർത്താവ് എടുത്തു ചോദിച്ച കാര്യമാണ് ‘Mad Dad’ എന്ന ഞാന്‍ സംവിധാനം ചെയ്യ്ത എന്‍റെ സിനിമയുടെ സെറ്റില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍. അതു ഞാൻ പങ്കു വയ്ക്കുകയുണ്ടായി. ആ സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അപലപനീയമാണ്. മാത്രമല്ല എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ഒരു പരസ്യചിത്രം ചെയ്ത അനുഭവുമുണ്ട്.. വളരെ അധികം സംവിധായകരെ ബഹുമാനിക്കുന്ന ഒരു നടനാണ് ശ്രീ മോഹൻലാൽ.. മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ്. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ തെറ്റായ വാർത്ത നൽകിയ ഈ ഓണ്‍ലൈന്‍ ചാനലിനു എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു’
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംഘ്പരിവാറിന് എതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ടെന്നും വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഏഴ് ചോദ്യങ്ങളും വിഡി സതീശൻ ഉന്നയിച്ചിട്ടുണ്ട്.
- ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി കണ്ടത് എന്തിന്?
- ആർ.എസ്.എസ് നേതാക്കളുമായി മണിക്കൂറുകൾ ചർച്ച നടത്തിയത് എന്തിന്?
- മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചത്?
- ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാൻ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂർ പൂരം കലക്കിയത്?
- പ്രതിപക്ഷത്തിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്?
- കോവളത്ത് റാം മാധവ് – എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ?
- പത്ത് ദിവസമായി ഒരു സി.പി.എം എം.എൽ.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ?
പാർട്ടി സഖാക്കൾ ഉൾപ്പെടെ ചോദിക്കുന്ന കാതലായ ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രീ നിങ്ങൾ.
പിണറായി വിജയനും സി.പി.എമ്മിനും ആർ.എസ്.എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പ്രകാശ് ജാവദേക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്? അങ്ങനെയെങ്കിൽ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നത്? ആർ.എസ്.എസ് നേതാക്കളെ നിരന്തരം സന്ദർശിച്ച് ചർച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്?
ആർ.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ പറഞ്ഞു
91ലും മിടുമിടുക്കി! മുത്തശ്ശി ആശ ഭോസ്‌ലെക്ക് ആശംസകളുമായി കൊച്ചുമകൾ സനായി
വിഖ്യാതഗായിക ആശ ഭോസ്‌ലെയുടെ 91ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കൊച്ചുമകളും ഗായികയുമായ സനായി ഭോസ്‌ലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ‘91ലും മിടുമിടുക്കി. പിറന്നാൾ പെൺകുട്ടി’ എന്ന് മുത്തശ്ശിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾക്കൊപ്പം സനായി കുറിച്ചു.
ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ സനായി, മുത്തശ്ശിക്കൊപ്പം നിരവധി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ആശ പലതവണ സനായിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുമുണ്ട്. സംഗീതരംഗത്ത് ഏറെ സജീവമാണ് സനായി ഭോസ്‌ലെ.
ഇപ്പോൾ മുത്തശ്ശിക്കൊപ്പം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് ആശ ഭോസ്‌ലെക്കു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. ലോകത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായകരിലൊരാളാണ് ആശ. ആലാപന സൗകുമാര്യം കൊണ്ട് ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക. പോപ്പും ഗസലും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്ത് ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഇടം പിടിച്ച ഗായിക, ഇന്നും സംഗീതലോകത്ത് പകരക്കാരില്ലാത്ത സ്വരമായി നിലനിൽക്കുന്നു.
എന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഈ വിവാഹമോചനം: ജയം രവിക്കെതിരെ ആർതി
ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആർതി രവി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശദമായ പ്രസ്താവന അവർ തുറന്നു പറഞ്ഞത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ആരതി കുറിച്ചു. ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ വിവാഹജീവിതത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെനും ആരതി കുറിച്ചു
‘‘എന്റെ അറിവോ സമ്മതമോ കൂടാതെ നടത്തിയ ഞങ്ങളുടെ വിവാഹവിവാഹമോചനത്തെക്കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം പങ്കിട്ട ജീവിതത്തിനു ശേഷം അത്തരമൊരു സുപ്രധാന കാര്യം, അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.
രവിയുമായി ഒരു മനസ്സ് തുറന്ന ചർച്ച നടത്താൻ ഞാൻ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ആ അവസരം എനിക്ക് ലഭിച്ചില്ല. ഞങ്ങൾ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഖേദകരമെന്നു പറയട്ടെ ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചുകളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.
ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
അവസാനമായി ഇക്കാലമത്രയും ഞങ്ങൾക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവുമാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തിൽ ഞങ്ങളുടെ സ്വകാര്യതയോട് അല്പം ബഹുമാനം കാണിക്കണമെന്നും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ ആരതി.’’
കഴിഞ്ഞ ദിവസമാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ജയം രവി രംഗത്തെത്തുന്നത്. ‘‘ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.’’–ജയം രവിയുടെ വാക്കുകൾ.
ഇപ്പോഴും ‘മാരീഡ് ടു ജയം രവി’ എന്ന ഇൻസ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇൻസ്റ്റഗ്രാമിലും ആരതിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂൺ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വർഷം പൂർത്തിയാക്കിയപ്പോൾ ആരതി പോസ്റ്റർ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ നിലച്ചിരുന്നു. പെട്ടന്നുള്ള ഈ വിവാഹമോചന പ്രഖ്യാപനം ആരാധകർക്കും ഞെട്ടിക്കുന്ന വാർത്തയായി മാറി.
ആരോപണങ്ങൾക്കുള്ള മറുപടി അൻവർ തന്നെ പറയട്ടെ; പരാതികളിൽ വിശദമായ പരിശോധന നടത്തും: ടിപി രാമകൃഷ്ണൻ
തിരുവനന്തപുരം: പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എംആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ലെന്നും, ആരോപണത്തിൽ വ്യക്തത വരുത്തുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ താൻ അല്ല പറയേണ്ടതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവറിന്റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിന്റെ റിപ്പോർട്ട് വരട്ടെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിന്റെ നിലപാടുകൾ സിപിഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.
അൻവർ എടുക്കേണ്ട നിലപാട് അൻവർ തന്നെയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശക്തി കൂട്ടിയും കുറച്ചും ന്യൂനമർദം; നാല് സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്, കേരളത്തിലും മഴ
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂന മർദമായി ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചാരിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരള തീരത്ത് ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ കേരളം, മാഹി, കർണാടക എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാവിലെ കോട്ടയത്തും മറ്റും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വർണം വീണ്ടും കത്തിക്കയറുന്നു; പണിക്കൂലിയടക്കം ഇന്നത്തെ വില അറിയാം
കൊച്ചി: അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാധ്യത ശക്തമായതും ഇസ്രയേൽ-ഗാസ, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ വീണ്ടും വഷളായതും സ്വർണ വില കുത്തനെ വർധിക്കാൻ ഇടയാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയിൽ ഇന്ന് മികച്ച വർധനയുണ്ട്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 6,715 രൂപയായി. 280 രൂപ ഉയർന്ന് 53,720 രൂപയാണ് പവൻ വില.
കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ വർധിച്ച് 5,565 രൂപയായി. വെള്ളിക്കും വില കൂടുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയർന്ന് 90 രൂപയിലാണ് വ്യാപാരം.
എന്തുകൊണ്ട് വീണ്ടും വിലക്കുതിപ്പ്?
പ്രധാനമായും രാജ്യാന്തരതലത്തിൽ നിന്നുള്ള രണ്ട് ഘടകങ്ങളാണ് സ്വർണ വിലയെ വീണ്ടും ഉയരത്തിലേക്ക് നയിക്കുന്നത്. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ട്. യുദ്ധ സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ തളരും. രാജ്യാന്തര സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ യുദ്ധങ്ങൾ കരിനിഴൽ വീഴ്ത്തുന്നതാണ് കാരണം.
നിലവിൽ ഇസ്രയേൽ-ഗാസ, റഷ്യ-യുക്രെയ്ൻ സംഘർഷം കൂടുതൽ കടുക്കുന്നത് സ്വർണ വിലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. മറ്റൊന്ന്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങളാണ്.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം 17-18 തീയതികളിൽ ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതിന് ഫെഡിനെ സഹായിക്കുന്നത് കുറഞ്ഞുതുടങ്ങിയ പണപ്പെരുപ്പമാണ്. ഈയാഴ്ച പുറത്തുവരുന്ന കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക്, 2% എന്ന നിയന്ത്രണ രേഖയിലേക്ക് അടുക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ പലിശനിരക്കിൽ 0.25-0.50% ഇളവ് വരുത്തിയേക്കും. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞൈടുപ്പ് നടപടികളും അതോടനുബന്ധിച്ച് സ്ഥാനാർഥികളായ കമല ഹാരിസ്, ഡോണൾഡ് ട്രംപ് എന്നിവർ തമ്മിലെ ഡിബേറ്റ് പൊടിപാറുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. സംവാദം അമേരിക്കയുടെ സാമ്പത്തിക വിപണിയെ ശക്തമായി സ്വാധീനിക്കുമെന്നതാണ് സ്വർണ വിലയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്.
പലിശയും സ്വർണവും തമ്മിലെന്ത്?
അമേരിക്ക പലിശ കുറച്ചാൽ ഡോളർ ദുർബലമാകും. അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകർ സ്വന്തമാക്കുന്ന ആദായവും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. ഫലത്തിൽ, നിക്ഷേപകർ ഡോളറിനെയും ബോണ്ടിനെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. അതോടെ സ്വർണ വില കൂടുകയും ചെയ്യും. നിലവിൽ ഈ ട്രെൻഡാണ് സ്വർണ വിലക്കുതിപ്പിന് അനുകൂലം. കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 2,490-2,500 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ വില, ഇന്ന് 2,521 ഡോളറിലേക്ക് കുതിച്ചെത്തി. നിലവിൽ വ്യാപാരം നടക്കുന്നത് 2,519 ഡോളറിൽ. ഈ വിലവർധന ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു.
വില ഇനി എങ്ങോട്ട്?
2,532 ഡോളറാണ് രാജ്യാന്തര സ്വർണ വിലയുടെ എക്കാലത്തെയും ഉയരം. നിലവിലെ ട്രെൻഡ് തുടർന്നാൽ വില 2,530 ഡോളർ എന്ന പ്രതിരോധ നിരക്ക് ഭേദിച്ച് 2,550 ഡോളർ വരെ എത്താമെന്നാണ് നിരീക്ഷകരുടെ വാദങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയും കുതിക്കും. അതേസമയം, രാജ്യാന്തര വിലയിലെ മുന്നേറ്റം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയാൽ വില 2,462 ഡോളർ വരെ താഴ്ന്നേക്കാം. ഇത്, കേരളത്തിലും വില കുറയാൻ സഹായിക്കും.
ഇന്നൊരു പവൻ ആഭരണത്തിന് എന്തുനൽകണം?
വിവാഹ സീസണിലെ ഈ വിലക്കുതിപ്പ് ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്. അതേസമയം, വില കുറഞ്ഞുനിൽക്കുമ്പോൾ മുൻകൂർ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക്, വില വർധന ബാധിക്കാതെ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്കാണ് സ്വർണം നൽകുക എന്നതാണ് നേട്ടം.
53,720 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 58,152 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,270 രൂപയും കൊടുക്കണം.
അജിത്കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിന് അധികസമ്മർദം; കൂട്ടസ്ഥലംമാറ്റം ഒത്തുതീർപ്പ്?
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്‌കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത്‌കുമാർ കത്തു നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ ഉന്നതരുടെ പിന്തുണയില്ലാതെ അജിത്‌കുമാർ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് ഘടകക്ഷികളും സിപിഎമ്മിലെ ചില നേതാക്കളുടെയും വിശ്വാസം. ഇന്നലെ മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ പലർക്കും സ്ഥാനചലനങ്ങൾ ഉണ്ടായിട്ടും അജിത്തിന്റെ കസേര കുലുങ്ങിയിരുന്നില്ല.
അതിന്റെ ചൂടാറും മുന്നേയാണ് അവധി പിൻവലിക്കാനുള്ള നീക്കം. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോഴേക്കും അജിത്കുമാറിന് മറ്റൊരു സ്ഥാനം നൽകുമെന്നായിരുന്നു സിപിഎം നേതാക്കളും കരുതിയിരുന്നത്. എന്നാൽ അതിനെ വെല്ലുന്ന ട്വിസ്റ്റാണ് ഇന്നു രാവിലെയോട് പുറത്തുവന്നത്.
ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം പി.വി.അൻവർ എംഎൽഎയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന സംശയും ബലപ്പെടുന്നുണ്ട്. അജിത്കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്‍റെ പരാതിയിൽ ഗൗരവമുള്ള പ്രശ്നം ഉണ്ടായത് എഡിജിപിക്കും പി.ശശിക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ മലപ്പുറം എസ്പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
അൻവറിന്‍റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. ഇന്നലെ കോവളത്ത് നടത്തിയ പ്രസംഗത്തിലും ആർഎസ്എസ് ബന്ധത്തെ പ്രതിരോധിക്കാൻ ശ്രമം നടത്തിയ മുഖ്യമന്ത്രി, എഡിജിപി അജിത്കുമാറിനെ സംബന്ധിച്ച വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.






































