Home Blog Page 2221

യെച്ചൂരിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല; എം.വി. ഗോവിന്ദൻ വൈകിട്ട് ഡൽഹിയിലേക്ക്

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യെച്ചൂരിയെ ചികിത്സിച്ചുവരികയാണ്. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.

ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. യെച്ചൂരിയെ സന്ദർശിക്കാനായി ഇന്ന് വൈകിട്ട് എം.വി. ഗോവിന്ദൻ ഡൽഹിക്ക് തിരിക്കും.

കടുത്തുരുത്തിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സംശയം

കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എ‌‌ട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്പതികൾക്കു മക്കളില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

‘കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഭദ്ര വീട്ടിലെത്തി ബഹളം വച്ചു; ശർമിളയും മാത്യൂസും സ്ഥിരം മദ്യപർ’

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മാത്യൂസിന്റെ കുടുംബം. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യൂസിന്റെ മാതാപിതാക്കൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സുഭദ്രയെ അറിയാം. കല്യാണത്തിന് ശർമിളയ്‌ക്കൊപ്പം സുഭദ്രയും ഉണ്ടായിരുന്നു. ആന്റി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു.

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും മാതാപിതാക്കൾ പറയുന്നു. ഈ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളംവച്ചു. മാത്യൂസും ശർമിളയും സ്ഥിരം മദ്യപരാണ്. ആലപ്പുഴയിൽ ഒരു കോൺവന്റിന്റെ അനാഥാലയത്തിലാണ് ശർമിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യൂസ് വന്ന് പറ‌ഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പോയി കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമിളയെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്. എന്നാൽ വിവാഹശേഷമാണ് ശർമിള മദ്യപിക്കാറുണ്ടെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു.

മദ്യപിച്ചാൽ ശർമിള വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കും. മാത്യൂസിന്റെ അച്ഛനെയടക്കം അസഭ്യം പറ‌ഞ്ഞെന്നും അമ്മ പറയുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇതോടെ വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഒരിക്കൽ മാത്യൂസിന്റെ കൈയിലെ മൂന്നു ഞരമ്പുകൾ വെട്ടേറ്റ് മുറി‌ഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും മാത്യൂസിന്റെ അമ്മ പറയുന്നു.

ശർമിളയും മാത്യൂസും വീടിനു പിറകുവശത്ത് മാലിന്യം നിക്ഷേപിക്കാനെന്ന പേരിൽ നിർമാണ തൊഴിലാളിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചിരുന്നു. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു എന്ന് നിർമാണ തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്. കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാൻ വന്നപ്പോൾ കുഴി മൂടിയതായി കണ്ടു എന്നും നിർമാണ തൊഴിലാളി മൊഴി നൽകി. ഇതോടെ ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

കൊലപാതകം ആസൂത്രിതമായാണ് നടപ്പാക്കിയതെന്നും പൊലീസ് കരുതുന്നു. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തുവെന്ന മൊഴി ഇതു സാധൂകരിക്കുന്നതാണ്. പ്രതികളെന്നു സംശയിക്കുന്ന മാത്യൂസിനും ശർമിളക്കും വേണ്ടി കടവന്ത്രയിൽ നിന്നും ആലപ്പുഴയിൽ നിന്നും അന്വേഷണസംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. സുഭദ്രയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളജിൽ നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ പൊലീസിനു വ്യക്തത ലഭിക്കും.

വാർത്താനോട്ടം

2024 സെപ്തംബർ 11 ബുധൻ

BREAKING NEWS

?കടവന്ത്രയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത

?സ്വർണ്ണത്തിന് വേണ്ടി സുഭദ്രയെ കൊലപ്പെടുത്തിയെന്ന് സംശയം

?ആഭരണങ്ങൾ ശർമിള ഒറ്റയ്ക്ക് പണയം വെച്ചു.

?റഷ്യയിലേക്ക് വൻ ആക്രമണം
144 ഡ്രോണുകൾ തൊടുത്തു.

?കടവന്ത്രയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത

?സ്വർണ്ണത്തിന് വേണ്ടി സുഭദ്രയെ കൊലപ്പെടുത്തിയെന്ന് സംശയം

?ആഭരണങ്ങൾ ശർമിള ഒറ്റയ്ക്ക് പണയം വെച്ചു.

?റഷ്യയിലേക്ക് വൻ ആക്രമണം
144 ഡ്രോണുകൾ തൊടുത്തു.

?പീഢന ആരോപണത്തിന് പിന്നിൽ സിനിമാ മേഖലയിലെ ഗൂഢാലോചനയെന്ന് സംശയമെന്ന് നിവിൻ പോളി

?ഇറാനിയൻ ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടു. കാണാതായവരിൽ കണ്ണൂർ സ്വദേശിയും

?കേരളീയം?

? തെലങ്കാന, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത്. പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകള്‍ തീരുമാനിക്കുന്നതിനാണീ കോണ്‍ക്ലേവ്. കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

? സംസ്ഥാനത്ത് ആര്‍എസ്എസുമായി ബന്ധം കോണ്‍ഗ്രസിനെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . സിപിഎമ്മിന് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ല. എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

? പിണറായി വിജയന് അഭിമാനമില്ലെന്നും പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണെന്നും ഇല്ലെങ്കില്‍ എന്നേ ജയിലില്‍ പോകുമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സുധാകരന്‍.

? സംസ്ഥാനത്തെ പൊലീസില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. പി.വി. അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി നടത്തി.

? ആര്‍എസ്എസുമായി ഡീലുണ്ടാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദന്‍. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിര്‍മ്മിച്ച് നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കൊല്ലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹൈക്കോടതി സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചുവെന്നും ഹൈക്കോടതി നിര്‍ദ്ദേശം പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

? കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍, മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

? സസ്പെന്‍ഷനിലായ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സസ്പെന്റ് ചെയ്തത്. 14 മാസത്തിന് ശേഷം പാര്‍ട്ടി സമ്മേളന കാലത്താണ് ജോര്‍ജ് എം തോമസിനെ തിരിച്ചെടുക്കുന്നത്.

? ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ അവരുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

? നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ്, സുഭദ്രയുടെ കൊലപാതകത്തിന്റെ ആസൂത്രകയെന്ന് പൊലീസ് നിഗമനം. ഷര്‍മിളയുടെ പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു. കൊലപാതക വിവരം പൊലീസ് മനസിലാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മുങ്ങിയ ഇരുവരെയും കണ്ടെത്തിയാലേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.

? കൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകേണ്ടത് കൃഷിഭവനുകളിലല്ലെന്നും കൃഷിയിടങ്ങളിലാണെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

? നടി പീഢന പരാതി നല്‍കിയ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയാണ് വി എസ് ചന്ദ്രശേഖരന്‍.

? സംസ്ഥാനത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി.

? ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരിയായ നടി. പോലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

?? ദേശീയം ??

? സൈബറിടങ്ങളില്‍ കുറ്റകൃത്യം തടയാനുള്ള പദ്ധതികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കുറ്റകൃത്യം തടയുന്നതിനായി സൈബര്‍ കമാന്‍ഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ അറിയിച്ചു. ഡാറ്റാ രജിസ്ട്രിയും സൈബര്‍ കുറ്റകൃത്യങ്ങളും പങ്കുവെക്കുന്നതിനുള്ള വെബ് പോര്‍ട്ടലും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഓണ്‍ലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.

? സംഘര്‍ഷ സാഹചര്യം തുടരുന്ന മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യത കൂടിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ വിവിധയിടങ്ങള്‍ ഉണ്ടായ അക്രമങ്ങളില്‍ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്.

? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

? ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. 39കാരനായ ജവാന്‍ ബി അരുണ്‍ ധുലീപിനാണ് വെടിയേറ്റ് ജീവന്‍ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം.എന്നാല്‍ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തില്‍ വ്യക്തതിയില്ല.

? ദില്ലിയില്‍ ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം.

? ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്.

? ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 21 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി ജുലാനയില്‍ മത്സരിക്കും.

? രാജ്യത്ത് ദിനംപ്രതി റോഡപകടങ്ങളും മരണങ്ങളും ഉയരുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

? സ്വകാര്യവ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളില്‍ ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, റോഡിന്റെ വശങ്ങള്‍ ബാരിക്കേഡ് വച്ച് കൈയേറുന്നതും നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി.

?? അന്തർദേശീയം ??

? ഇസ്രയേല്‍ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഗാസയിലെ തീരപ്രദേശമായ മവാസിയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 പേര്‍ മരിച്ചു. മവാസിയില്‍ ലക്ഷക്കണക്കിനുപേരാണ് അഭയാര്‍ഥികളായി കഴിയുന്നത്. ഗാസയുടെ തെക്കുള്ള പ്രധാനനഗരമായ ഖാന്‍ യൂനിസിനടുത്താണ് മവാസി.

ഉറങ്ങാൻ വൈകല്ലേ, വൈകി ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് എന്തെന്ന് അറിയാമോ?

രാത്രി വൈകി കിടക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാർ ഇഷ്ടപ്പെടുന്നത്. പലരിലും ഇത്തരം ശീലങ്ങൾക്ക് കാരണം ഒരു പക്ഷെ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണെന്നും പഠനം പറയുന്നു.

ഈ ശീലം അമിതവണ്ണത്തിനും ടൈപ്പ് 2 ഡയബറ്റിസ്, വിട്ടുമാറാത്ത രോഗത്തിനും ഇടയാക്കും. വൈകി ഉറങ്ങുന്നവർക്ക് ശരീരം അമിതമായി വണ്ണം വെക്കുന്നതിന് കാരണമാകുന്നു. എന്നാൽ വൈകി ഉറങ്ങുന്ന ശീലം എത്രത്തോളം ശരീരത്തിലെ കൊഴുപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമല്ല, നെതർലൻഡ്സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി പഠനത്തിൽ രജിസ്റ്റർ ചെയ്ത 5,000-ത്തിലധികം ആളുകളിൽ ഉറക്കസമയം, പ്രമേഹം, ശരീരത്തിലെ കൊഴുപ്പ് വിതരണം എന്നിവ തമ്മിലുള്ള ബന്ധം പഠിച്ചു.

അമ്പത് വയസ് പ്രായമുള്ളവർ, അവരുടെ സാധാരണ എഴുന്നേൽക്കുന്നതിന്റെയും ഉറക്കത്തിന്റെയും സമയ വിവരങ്ങൾ നൽകി. ഏർളി ക്രോണോടൈപ്പ്, ലേറ്റ് ക്രോണോ ടൈപ്പ്, ഇന്റർമീഡിയറ്റ് ക്രോണോടൈപ്പ് എന്നിങ്ങനെമൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഇവരെ ഏഴ് വർഷത്തോളം നിരീക്ഷിച്ചു. ആ സമയത്ത്, 225 പേർക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. പ്രായം, ലിംഗം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ്, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണ നിലവാരം, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ എന്നിവയുടെ ഫലങ്ങൾ ക്രമീകരിച്ചതിന് ശേഷം, കാലക്രമേണ വൈകിയുള്ള പങ്കാളികൾക്ക് പ്രമേഹസാധ്യതയുള്ളവരേക്കാൾ 46% കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

വായുടെ ആരോ​ഗ്യം അവ​ഗണിക്കരുതേ, വായയെ ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര പ്രശ്നങ്ങൾ

വായുടെ ആരോഗ്യം തുടർച്ചയായി അവഗണിക്കുന്നത് കാവിറ്റീസ്, മോണ വീക്കത്തിന് പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിക്കാം. ഗുരുതരമായ മോണ വീക്കമാണ് പീരിയോൺഡൈറ്റിസ് എന്ന രോഗാവവസ്ഥ. പല്ലുകളിൽ അടിഞ്ഞു കൂടുന്ന പ്ലാക് കഠിനമാകുമ്പോൾ അത് മോണയിൽ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പ്രധാനമായും പല്ലുകളോട് ചേർന്ന കോശങ്ങളെ ബാധിക്കുന്നതിനാൽ പല്ലുകൾ കൊഴിയാനും കാരണമാകുന്നു. മോണയിലെ ഈ അണുബാധ/ബാക്ടീരിയകൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതോടെ ധമനികളിൽ ഫലകങ്ങൾ രൂപീകരിക്കാൻ തുടങ്ങുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

കൂടാതെ മോശം ദന്തസംരക്ഷണത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു രോഗമാണ് പ്രമേഹം. ദന്തസംരക്ഷണം ഇല്ലാതാകുമ്പോൾ വായിൽ ബാക്ടീരിയ പെരുകാനും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നതിലേക്കും നയിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുന്നത് പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകാം. പഠനത്തിൽ പീരിയോൺഡൈറ്റിസ് രോഗം സന്ധികളെ ബാധിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.

പല്ലുകളിൽ പ്ലാക് അടിഞ്ഞുകൂടൽ, വായ്നാറ്റം, ചുവന്നതും വീർത്തതുമായ മോണകൾ, പല്ലിന്റെ സെൻസിറ്റിവിറ്റി, രുചി വ്യത്യാസം തോന്നുക, വായിലെ വ്രണങ്ങൾ, പല്ലിന്റെ നിറം മാറുക എന്നിവയാണ് വായയുടെ ആരോഗ്യം മോശമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ.

കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകും’: സംവാദത്തിൽ പോരടിച്ച് കമലയും ട്രംപും

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡൊണാൾ‌ഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡന്റ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി.

ക്യാപ്പിറ്റോൾ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്തദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യൽ സംവാദത്തിനായി കണ്ടുമുട്ടിയപ്പോൾ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഉരുൾപൊട്ടൽ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തിൽ പരുക്കേറ്റ പ്രതിശ്രുത വരന്റെ നില ഗുരുതരം

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപെടെ ഒൻപത് പേർക്കു പരുക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപെടെ കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛൻ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരുക്കേറ്റു. ശിവണ്ണന്റെ സഹോദരൻ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി. സംഭവത്തിൽ എടയ്ക്കാട്ടുവയൽ സ്വദേശി പിവി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയൽ പള്ളിക്കനിരപ്പേൽ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്.
സംഭവ സമയം മനോജ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളിൽ നാല് മാസം ​ഗർഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്‌ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാൾ ആക്രമിച്ചു. വേട്ടേറ്റ് ​ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നൽകി.
മനോജിന്റെ തൊഴുത്തിൽ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ നിർദേശിച്ച് നിബന്ധനകൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോർട്ട് മനോജിന് അനുകൂലമായി മെഡിക്കൽ സംഘം നൽകുകയും ചെയ്തിരുന്നു. അതേസമയം, ബയോ​ഗ്യാസ് പ്ലാന്റുൾപ്പെടെ നിർമിച്ച് സുരക്ഷിതമായാണ് മനോജ് പശു വളർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന, സിപിഐ സിപിഎം തർക്കം

കോട്ടയം . എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന. സിപിഐ സിപിഎം തർക്കം തുടരുന്നു. അധ്യാപക വിഭാഗത്തിൽ സിപിഐ നൽകിയ ശുപാർശയിൽ സി പി എമ്മിന് എതിർപ്പ്. സിപിഎം എതിർപ്പിനെ തുടർന്ന് സി പി ഐ ശുപാർശകൾക്ക് അംഗീകാരം ലഭിച്ചില്ല. ജനറൽ വിഭാഗത്തിൽ ഒരു സീറ്റും പ്രിൻസിപ്പൽ വിഭാഗത്തിൽ ഒരു സീറ്റുമായിരുന്നു CPI ക്ക് ഉണ്ടായിരുന്നത്.

ഇതിൽ ജനറൽ വിഭാഗത്തിലേക്ക് ശുപാർശ ചെയ്യാനുള്ള അവകാശം സിപിഎം ഏറ്റെടുത്തിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായിരുന്നു