25.8 C
Kollam
Thursday 18th December, 2025 | 10:57:09 AM
Home Blog Page 2059

ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്ക്, ഇന്ന് അറിയാം

ന്യൂഡെല്‍ഹി. ഹരിയാനയിലും ജമ്മു കാശ്മീരിലും ഭരണം ആർക്കെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ വോട്ട് എണ്ണൽ ആരംഭിക്കും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണ മെച്ചപ്പെട്ട പോളിംഗ്
ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസ് അനുകൂലതരംഗം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ ജനവിധി കോൺഗ്രസിന് അനുകൂലമായാൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഭുപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ട്.ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്.സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് എൻ സി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി പി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം

അതിനിടെ നിർണായക യോഗവുമായി കോൺഗ്രസ്. ഹരിയാനയിലെ അന്തിമ വിലയിരുത്തലുമായി കോൺഗ്രസ്. എഐസിസി ജന. സെക്രട്ടറി കെ സി വേണുഗോപാൽ വിളിച്ച യോഗത്തിൽ ഹരിയാനയിലെ കോൺഗ്രസ് നിരീക്ഷകരും വാർ റൂം അംഗങ്ങളും പങ്കെടുത്തു. കരുതലോടെ നീങ്ങാൻ ആണ് നിർദ്ദേശം.

ഹരിയാനയിൽ ബിജെപി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും എന്ന്
ഹരിയാന മുഖ്യമന്ത്രിയും ലാഡ്‌വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ നയാബ് സിംഗ് സൈനി വ്യക്തമാക്കി.കഴിഞ്ഞ പത്ത് വർഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഹരിയാനയുടെ വികസനത്തിനായി സർക്കാർ പ്രവർത്തിക്കുന്നത് തുടരും.

അതേസമയം ബിജെപി ആസ്ഥാനം ശോകമൂകം. ആളും ആരവവും ഇല്ല. ബിജെപി ആസ്ഥാനത്ത് മാധ്യമപ്രവർത്തകർ മാത്രം

പീഡനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കൊച്ചി. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇൻഫോപാർക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. ഇൻഫോപാർക്ക് സ്റ്റേഷനിലെ സി പി ഓ സനീഷിനെയാണ് കസ്റ്റഡിയിൽ അടിച്ചത്. കളമശ്ശേരി പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്നശേഷം ബലമായി പീഡിപ്പിക്കുകയായിരുന്നു

നിലപാട് മാറ്റത്തിന് ശേഷം പിവി അൻവർ ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം. വിവാദങ്ങൾക്കും ഇടതുപക്ഷത്തു നിന്നും
നിലപാട് മാറ്റിയതിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും.എൽഡിഎഫ് പാർലമെൻററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അൻവർ സഭയിൽ എത്തുന്നത്. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കി എന്ന എൽ.ഡി.എഫിന്റെ കത്ത് സ്പീക്കർക്ക് ലഭിച്ചിട്ടുണ്ട്.പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായിട്ടാണ് അൻവറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇരിപ്പിടം മാറ്റി നൽകണമെന്ന് അൻവർ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കർ രേഖാമൂലം അൻവറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.സ്വതന്ത്രനായതോടെ അൻവറിന് സഭയിൽ സംസാരിക്കാനുള്ള സമയവും കുറയും. മൂന്നുമണിക്കൂർ ചർച്ചയിൽ ഒരു മിനിറ്റാണ് സ്വന്തന്ത്രർക്ക് സാധാരണ കിട്ടുക.അൻവറിനോടുള്ള ഭരണ പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

മലപ്പുറം പരാമർശം, ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഗവർണർക്ക് മുന്നിലെത്തി വിശദീകരണം നല്‍കും

തിരുവനന്തപുരം. മുഖ്യമന്ത്രിയുടേതായി പുറത്ത് വന്ന മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് ഗവർണർക്ക് മുന്നിലെത്തി വിശദീകരിക്കും. ഇന്ന് നാലുമണിക്ക് രാജ് ഭവനിലെത്തി വിഷയം വിശദീകരിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും വിശദീകരണം കേട്ട ശേഷം മറ്റു നടപടികളിലേക്ക് രാജ് ഭവൻ കടക്കും. വിഷയത്തിൽ അസാധാരണ നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മലപ്പുറത്തുനിന്ന് പിടികൂടുന്ന സ്വർണവും ഹവാല പ്പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പേരിൽ പുറത്തുവന്ന പ്രസ്താവന. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ചെങ്കിലും അസാധാരണ നടപടിയിലൂടെ വിഷയം കടുപ്പിക്കാൻ ആണ് ഗവർണറുടെ നീക്കം. മലപ്പുറത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസുകൾ എത്രയെന്ന് അറിയിക്കാൻ നേരത്തെ രാജ്ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ ചോർത്തൽ വിവാദത്തിലും രാജ്ഭവൻ അസാധാരണ ഇടപെടൽ നടത്തിയിരുന്നു.

എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചാ വിവാദം നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും

തിരുവനന്തപുരം. എ.ഡി.ജി.പി എം ആർ അജിത് കുമാർ – ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
കൂടിക്കാഴ്ച്ച വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും.കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലിൽ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.സ്വർണ്ണക്കച്ചവടത്തിലെ നികുതി ചോർച്ച അടക്കമുള്ള വിഷയങ്ങൾ ഇന്ന് സഭയിൽ ചോദ്യോത്തരവേളയിൽ വരുന്നുണ്ട്.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി പ്രയാഗ മാർട്ടിൻ എന്നിവരെ ചോദ്യം ചെയ്യും

കൊച്ചി.ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരെയും പോലീസ് ചോദ്യം ചെയ്യും.
ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഓംപ്രകാശിനെ ഹോട്ടൽ മുറിയിൽ താരങ്ങൾ സന്ദർശിച്ചതിന്റെ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ അടക്കം മൊബൈൽ ഫോണുകൾ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.

ചേലക്കര സ്ഥാനാർഥി ചർച്ച, സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം നാളെ

തൃശൂര്‍. ചേലക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചയ്ക്കായി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം നാളെ. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥത്തെ സംബന്ധിച്ചും മുന്നൊരുക്കങ്ങളെ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ പട്ടിക സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും ജില്ലയിലെ മുതിർന്ന നേതാക്കളോടും കൂടിയാലോചന നടത്തി പട്ടിക ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യാനാണ് നിർദ്ദേശമുയർന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ മുൻ എംഎൽഎ യു ആർ പ്രദീപിന്റെ പേരിൽ ഊന്നിയുള്ള ചർച്ചകളായിരുന്നു നടന്നത്. മറ്റു പേരുകൾ കൂടി ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യാനാണ് നീക്കം. നാളത്തെ ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അറിയിക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റി നിർദേശം വിശദമായി ചർച്ച ചെയ്യും.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS            ആദ്യ സൂചനകൾ 8.30 ഓടെ

2024 ഒക്ടോബർ 08 ചൊവ്വ, 7.30 am

?ഹരിയാന, ജമ്മു കാശ്മീർ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ രാവിലെ 8 തുടങ്ങും, ആദ്യ സൂചനകൾ 8.30 ഓടെ

?ഹരിയാനയിലെ വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി.

?ഹരിയാനയിൽ ഭരണമാറ്റമെന്ന പ്രവചനം, രണ്ട് സംസ്ഥാനങ്ങളിലും 90 സീറ്റുകൾ

? ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി വിവാദം: സിനിമാ താരങ്ങളെ ചോദ്യം ചെയ്യും.

?ലഹരി പാർട്ടി നടന്നത് ഓംപ്രകാശിൻ്റെ മുറിയിയിൽ, കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടി.

? പ്രതിപക്ഷ സമരങ്ങൾ കാരണം ഇന്ന് രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:
നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ 08.10.2024 രാവിലെ മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
യു.ഡി.വൈ.എഫ് ന്റെ നേതൃത്വത്തിൽ സ്പെൻസർ ജംഗ്ഷൻ ഭാഗത്തു നിന്നും നിയമ സഭയിലേക്കുള്ള നടക്കുന്ന മാർച്ചുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ 08.10.2024 തീയതി രാവിലെ മാർച്ച് ആരംഭിക്കുന്ന സമയം മുതൽ സമാപിക്കുന്നതുവരെ വാഹന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ പ്ലാമൂട്, പി.എം.ജി, ജി.വി രാജ, കുറവൻകോണം, കവടിയാർ , വെള്ളയമ്പലം, മ്യൂസിയം, നന്ദാവനം, പഞ്ചാപുര, ബേക്കറി ജംഗ്ഷൻ, പാളയം, സ്റ്റാച്യൂ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ഓവർബ്രിഡ്ജ്, തമ്പാനൂർ എന്നീ സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും തിരക്ക് കഴിയുന്ന മുറയ്ക്ക് ഗതാഗതം പുന:സ്ഥാപിക്കുന്നതുമാണ്.
• പട്ടം ഭാഗത്തു നിന്നും കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.റ്റി.സി ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പട്ടം-കുറവൻകോണം-കവടിയാർ-വെള്ളയമ്പലം-വഴുതക്കാട് വഴി പോകേണ്ടതാണ്. ചെറിയവാഹനങ്ങൾ (LMV) പി.എം.ജി- ലാകോളേജ് ജംഗ്ഷൻ -മുളവന-മിരാൻഡ ജംഗ്ഷൻ -പാറ്റൂർ-വഞ്ചിയൂർ വഴി പോകേണ്ടതാണ്.
• കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തു നിന്നും പട്ടം, പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.റ്റി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഓവർബ്രിഡ്ജ് – തമ്പാനൂർ – ഫ്ളൈ ഓവർ – തൈക്കാട് – മേട്ടുക്കട -വഴുതക്കാട് -വെള്ളയമ്പലം – കവടിയാർ വഴി പോകേണ്ടതാണ്.
• കിഴക്കേകോട്ട , തമ്പാനൂർ ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.റ്റി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഓവർബ്രിഡ്ജ്- ആയുർവേദ കോളേജ് – കുന്നുംപുറം- ഉപ്പിടാംമൂട്- വഞ്ചിയൂർ – പാറ്റൂർ വഴി പോകേണ്ടതാണ്.
• സ്റ്റാച്യൂ ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കു് പോകേണ്ട ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും (LMV) സ്റ്റാച്യൂ- ജനറൽ ആശുപത്രി ജംഗ്ഷൻ -പാറ്റൂർ – പേട്ട വഴിയും പട്ടം ഭാഗത്തക്ക് പോകേണ്ട ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും(LMV) സ്റ്റാച്യൂ- ജനറൽ ആശുപത്രി ജംഗ്ഷൻ -പാറ്റൂർ -തമ്പുരാൻമുക്ക് -മുളവന-ഗൗരീശപട്ടം വഴിയോ പോകേണ്ടതാണ്.
• ആയുർവേദ കോളേജ് ഭാഗത്തു നിന്നും പാളയം ഭാഗത്തേക്ക് വരുന്ന ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും (LMV) പുളിമൂട് ഭാഗത്തു നിന്നും ഗവൺമെന്റ് പ്രസ് റോഡ്- ഹൗസിംഗ് ബോർഡ് ജംഗ്ഷൻ – മോഡൽ സ്കൂൾ വഴി പോകേണ്ടതാണ്.
നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ
1) എ.കെ.ജി ജംഗ്ഷൻ മുതൽ പാറ്റൂർ വരെയുള്ള റോഡിന്റെ ഇടതു വശം
2) മൻമോഹൻ ബംഗ്ലാവ് മുതൽ കവടിയാർ വരെ റോഡിന്റെ ഇരുവശങ്ങളിലും
3) പി.എം.ജി മുതൽ ലോ കോളേജ് ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും
4) ചാക്ക ഐ.റ്റി.ഐ ജംഗ്ഷൻ മുതൽ ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇടതുവശം
ഗതാഗത നിയന്ത്രണം എർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ രാവിലെ 08.00 മണി മുതൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്

നിസാരകുറ്റത്തിന് ഓട്ടോ പിടിച്ചു വച്ചു ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു, എസ് ഐക്ക് എതിരെ നടപടി

കാസർകോട്. റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മംഗലാപുരം സ്വദേശി അബ്ദുൾ സത്താറിനെയാണ് റെയിൽവേ സ്റ്റേഷന്  സമീപത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തത് മൂലമാണ് ആത്മഹത്യ എന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. അബ്ദുൽ സത്താറിന്‍റെ ഓട്ടോ കസ്റ്റഡിയിലെടുത്ത കാസർകോട് ടൗൺ സ്റ്റേഷനിലെ എസ് ഐ അനൂപിനെ സ്ഥലംമാറ്റി…


അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ്  മാർഗമില്ലാത്തതിനാൽ   ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫേസ്ബുക്കിൽ അബ്ദുൽ സത്താർ ആത്മഹത്യക്ക് മുന്നേ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ്  ഇന്ന് ഉച്ചയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


വ്യാഴാഴ്ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായില്ലെന്നും ഡിവൈഎസ്പിയുടെ നിർദ്ദേശം പോലും എസ്ഐ തള്ളിയതോടെ മറ്റു മാർഗമില്ലാതെയാണ് സത്താർ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതി


എസ്.ഐ അനുപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴികൾ കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ആരോപണ വിധേയനായ എസ്.ഐ യെ സ്ഥലം മാറ്റുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്