25.8 C
Kollam
Thursday 18th December, 2025 | 10:58:03 AM
Home Blog Page 1973

പോലീസ് കസ്റ്റഡിയിലെടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി…മൂന്ന്  വയസുകാരന് ദാരുണാന്ത്യം… സംഭവം കൊട്ടാരക്കരയിൽ

പോലീസ് കസ്റ്റഡിയിൽ എടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു മൂന്ന്  വയസുകാരന് ദാരുണഅന്ത്യം 

കൊട്ടാരക്കര: പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു.
എം സി റോഡിൽ വാളകം പൊലീസ് എയ്ഡ്  പോസ്റ്റിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. പോലീസ് പിടിച്ചെടുത്ത ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ ആണ് മരിച്ചത്. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. വ്യാഴഴ്ച രാത്രി 11-നാണ് സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻവൈസി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.  അഫ്സലായിരുന്നു കാർ ഓടിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റ സുഹ്‌റിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശനി രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ഞായർ )  രാവിലെ 9ന് നൊച്ചിമ കുഴിക്കാട്ടുകര ജമാ അത്ത് പള്ളി ഖബർ സ്ഥാനിൽ. ഉമ്മ : നീതു അബ്ദുൾ മജീദ് (എസ്ബിഐ മാനേജർ), സഹോദരി: സാറാ ഫാത്തിമ.

കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിലേക്ക് മൂന്ന്  ബൈക്കുകള്‍ അമിത വേഗതയിൽ  പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൊട്ടാരക്കര: കൊട്ടാരക്കര റെയിൽ ഓവർ ബ്രിഡ്ജിൽ ദേശീയ പാതയിൽ  ഓടിക്കൊണ്ടിരുന്ന ലോറിക്കു പിന്നിലേക്ക് മൂന്ന്  ബൈക്കുകള്‍ അമിത വേഗതയിൽ  പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ്  അപകടം. അമിത വേഗതയിൽ എത്തിയ   മൂന്നു ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്തേക്കു പോവുകയായിരുന്ന   ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊട്ടാരക്കര പാലംമുക്ക്  ലീനാ ഭവനില്‍ ഹൃദേഷ്(23) ആണ് മരിച്ചത്. മറ്റു ബൈക്കുകള്‍ ഓടിച്ചിരുന്ന വല്ലം  പാലവിള വീട്ടില്‍ ജെറിന്‍(22), നല്ലില കല്ലുവിള തെക്കെതില്‍ നിഥിന്‍(22) എന്നിവര്‍ക്കു പരിക്കു പറ്റി. നിഥിന്റെ പരിക്ക് ഗുരുതരമാണ്. ലോറിക്കു പിന്നിലിടിച്ച്  ബൈക്കുക്കൾ തകർന്നു  തലയും ശരീരവും  തകര്‍ന്ന ഹൃദേഷ് തത്സമയം മരിച്ചു. മൂന്നു ബൈക്കുകളും നടു റോഡിലും ഹൈവെ ബാരിക്കേടിന്  അപ്പുറത്ത് വരെ ചിന്നി  ചിതറി കിടക്കുന്ന നിലയിലായിരുന്നു. ബൈക്കുകളിലൊരെണ്ണം റോഡരികിലെ ബാരിക്കേഡിനു പുറത്തേക്കു തെറിച്ചു പോയിരുന്നു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ബൈക്കുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഹൃദേഷിന്റെ അച്ഛന്‍: സുനില്‍ കുമാര്‍(രാജസ്ഥാന്‍). അമ്മ: ബീന(ക്ലര്‍ക്ക്, കൊല്ലം കളക്ടറേറ്റ്).

ജനവാസ മേഖലയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹം… ജാഗ്രതയിൽ പവിത്രേശ്വരം നിവാസികൾ

ജനവാസ മേഖലയിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തിൽ ആശങ്കയിലാണ് പവിത്രേശ്വരം ചെറുപൊയ്ക നിവാസികൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനാപുരത്ത് നിന്നുള്ള വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെയും വ്യാഴാഴ്ച രാത്രിയും രണ്ടുപേർ പുലിയെ കണ്ടതായി വനപാലകരെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ രാവിലെ ടാപ്പിങ്ങിന് പോയ ചെറുപൊയ്ക സ്വദേശി പത്രോസാണ് ആൾത്താമസമില്ലാത്ത വീടിന്റെ സമീപത്തു നിന്നും പുലിയെ പോലൊരു ജീവി ചാടിപ്പോകുന്നത് കണ്ടത്. കഴിഞ്ഞദിവസം രാത്രിയിൽ തന്റെ വീടിന്റെ വശത്തായി പുലി പട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടെന്ന് പ്രദേശവാസിയായ രാജശേഖരനും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് പത്തനാപുരത്തുനിന്ന് എത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനപാലകർക്ക് സാധിച്ചിട്ടില്ലെങ്കിലും പ്രദേശവാസികൾ വലിയ ജാഗ്രതയിൽ ആണ്. അതേ സമയം വള്ളി പൂച്ച ഇനത്തിൽ ഉള്ള ജീവിയെ ആണ് ആളുകൾ കണ്ടതെന്നും പറയപ്പെടുന്നു. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഈ ജീവിയെ കണ്ടതായി പറയപ്പെടുന്നത്.

‘കൊല്ലുമെന്ന് ഭീഷണി, ഭയപ്പെട്ടു’: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

താമരശ്ശേരി: കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ മാസം 11നാണ് വീട്ടിലെ മുറിക്കുള്ളിൽ സ‌ഞ്ജനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

യുവാവിന്റെ ഭീഷണിയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിന് അമലിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കർണാടകയിൽ നിന്ന് കോട്ടയത്തേക്കുള്ള തവിട് കയറ്റിയ ലോറി; പെരുമ്പാവൂരിൽ തടഞ്ഞ് എക്സൈസ്, കണ്ടെത്തിയത് സ്പിരിറ്റ്

കൊച്ചി: എറണാകുളം പെരുമ്പാവൂർ മണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

54 കന്നാസ് സ്പിരിറ്റ് ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയിൽ നിന്നുള്ള ലോഡ് ആണെന്ന് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം.

പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് മുരളീധരനെ; നേതൃത്വത്തിന് ഡിസിസി പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികൾ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിൻ്റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എന്നിവർക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തിൽ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാൻ മികച്ച സ്ഥാനാർത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാർത്ഥി വന്നാലേ മണ്ഡലത്തിൽ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ ഒരു തരത്തിലും പരീക്ഷണം നടത്താൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. പിന്നാലെ കോൺഗ്രസിൽ പാലക്കാട് ജില്ലയിൽ വൻ പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് കോൺഗ്രസ് നേതാക്കളായ പി സരിനും എകെ ഷാനിബും അടക്കമുള്ളവർ പാ‍ർട്ടിക്കെതിരെ തുറന്ന നിലപാടുമായി മുന്നോട്ട് വരികയും ചെയ്തു. ഡോ.പി.സരിൻ ഇടത് സ്ഥാനാർത്ഥിയാവുകയും സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് ഇതിൽ നിന്ന് പിന്മാറി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഷാഫി പറമ്പിലിൻ്റെ ആവശ്യപ്രകാരമാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ഡിസിസി നേതൃത്വത്തിൻ്റെ കത്തും പുറത്താകുന്നത്.

കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ് പിടിയിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്.

2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിനിയായ യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ തന്‍റെ കൈവശമുണ്ടായിരുന്ന 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കി മുങ്ങിയെന്നാണ് ഭാര്യയുടെ പരാതി .

യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തണമെന്നും ഇതിനായി ഒരു ലക്ഷം രൂപ യുവതി നൽകണമെന്ന് അനന്തുവിന്റെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കൂടാതെ വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി കലഹമുണ്ടാക്കിയിരുന്നതായും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും വധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമൽ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസെടുത്തു. ഭാര്യ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബെംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി.

‘ഗുരുതര ചട്ടലംഘനം’: ടി.വി.പ്രശാന്തിന് സസ്പെൻഷൻ‌, കടുത്ത അച്ചടക്ക നടപടി പിന്നീട്

കണ്ണൂർ: വിവാദ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി.പ്രശാന്തിന് സസ്‌പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കൈക്കൂലി നൽകുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്പെൻഷൻ.

കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇയാൾ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്‌പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്. ‌

എഡിഎമ്മിന്റെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ സർവീസിലിരിക്കുന്ന പ്രശാന്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് അപേക്ഷ നൽകാൻ സാധിക്കുക, പ്രശാന്തിന് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജും അഭിമുഖീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രശാന്തിനെതിരെ അന്വേഷണം നടത്തുന്നതും ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതും.

പ്രസ്സ് ക്ലബ് വാർഷികം, പണപ്പിരിവിൽ അന്വേഷണം വേണം

ശാസ്താംകോട്ട: കുന്നത്തൂരില്‍ പ്രസ്സ് ക്ലബ് വാർഷികം എന്ന പേരിൽ ആഴ്ചകളായി ചിലർ നടത്തുന്ന പണപ്പിരിവ് സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കപ്പെടണമെന്ന് ശാസ്താംകോട്ട പ്രസ്സ് ക്ലബ് ആവശ്യപ്പെട്ടു.

താലൂക്കിലെ മുഴുവൻ മാധ്യമ പ്രവർത്തകരുടെയും പേരും പടവും അവരുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ച ഒരു നോട്ടീസുമായി നടന്നാണ് പിരിവ് പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തണം.

ശാസ്താംകോട്ട പ്രസ്സ് ക്ലബ്ബ്
ഭാരവാഹികൾ:
എം.എസ്.ജയചന്ദ്രൻ (പ്രസി.), തൊളിക്കൽ സുനിൽ, എസ്.നവാസ് (വൈസ് പ്രസി.), അജേഷ്കുമാർ ആർ.എസ് (സെക്ര.), കിഷോർ മലനട, കബീർ പോരുവഴി (ജോ.സെക്ര.), ഹരികുമാർ കുന്നത്തൂർ (ട്രഷ.).

കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരായി ലൈംഗികാരോപണം,
പക പോക്കലെന്ന് ആക്ഷേപം

കരുനാഗപ്പള്ളിഃ കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയിൻമേൽ പോലീസ് കേസെടുത്തു.പരാതിക്കാരിയുടേയും കോട്ടയിൽ രാജുവിൻേറയും മൊഴി പോലീസ് രേഖപ്പെടുത്തി.ചെയർമാൻ നിരന്തരമായി  ചേംബറിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചെന്നും യാത്ര പോകാൻ ക്ഷണിച്ചെന്നും കരൾ രോഗിയായ ഭർത്താവിൻെറ ചികിൽസ നോക്കിക്കൊള്ളാമെന്ന് പറഞ്ഞെന്നും മറ്റുമുള്ള ആരോപണങ്ങളാണ് പട്ടികജാതി വിഭാഗക്കാരി കൂടിയായ യുവതി ഉന്നയിച്ചിട്ടുള്ളത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൻമേലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുള്ളത്.

എന്നാൽ പാർടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ഈ ആരോപണമെന്നാണ് പുതിയ ആക്ഷേപം.കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി അര ഏക്കർ കായൽ കയ്യേറിയത് നഗരസഭയും റവന്യൂ വിഭാഗവും കഴിഞ്ഞ മാസം അളന്ന്  തിട്ടപ്പെടുത്തിയിരുന്നു.പാർടി സമ്മേളനങ്ങൾ നടക്കുന്നതനിടെയുണ്ടായ ഈ നടപടിയാണ് ചെയർമാനെതിരായ പൊടുന്നനെയുള്ള പരാതിക്ക് പിന്നിലെന്നാണ് വസന്തൻ പക്ഷം ആരോപിക്കുന്നത്.കൂടാതെ ഹരിതകർമ്മ സേനാംഗങ്ങൾ അടുത്തിടെ നടത്തിയ വിനോദയാത്രയിൽ ആരോഗ്യ വകുപ്പിലെ ഒരു ജീവനക്കാരി നൃത്തം ചെയ്യുന്ന വീഡിയോ കൂട്ടത്തിലൊരാൾ പകർത്തി സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ പക്ഷക്കാരിയായ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന് അയച്ചത് അവർ ഇപ്പോഴത്തെ പരാതിക്കാരിക്ക് അയച്ചുവത്രേ.അത് പിന്നീട് നഗരസഭാ ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ നൃത്തം ചെയ്ത ജീവനക്കാരി ഇപ്പോഴത്തെ പരാതിക്കാരിക്കെതിരെ കരുനാഗപ്പള്ളി പോലീസിൽ നൽകിയിരുന്നു.എന്നാൽ സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ട് പരാതി ഒത്തുതീർപ്പാക്കിയെന്ന് പറയപ്പെടുന്നു.തുടർന്ന് ഇപ്പോഴത്തെ പരാതിക്കാരിയെ ചെയർമാൻ താഴത്തെ നിലയിലേക്ക് സ്ഥലം മാറ്റി.പിന്നീട് അവർ ജോലിക്ക് ഹാജരായിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ അടുപ്പക്കാരി കൂടിയായ ഇവർ പൊടുന്നനെ ലൈംഗിക പരാതിയുമായി രംഗത്തെത്തുകയായിരുന്നുവെന്നുമാണ് ചെയർമാനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.കൂടാതെ സംഭവം നടന്ന തീയതിയോ സമയമോ പോലും  പരാതിയിലില്ല.അതിനാൽ തന്നെ പരാതി വ്യാജനിർമ്മിതിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ചെയർമാന് അനുകൂലമായി ഉയരുന്ന വാദം..കരുനാഗപ്പള്ളിയിൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ വസന്തൻ വിഭാഗത്തിലെ പ്രമുഖനെതിരെയുള്ള ലൈംഗികാരോപണം വരാനിരിക്കുന്ന പാർടി സമ്മേളന വേദികളിൽ കത്തിപ്പടരുമെന്നുറപ്പാണ്.