28.8 C
Kollam
Wednesday 17th December, 2025 | 06:58:12 PM
Home Blog Page 1972

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍വിധി തിങ്കളാഴ്ച

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വാദം കേള്‍ക്കല്‍ അവസാനിച്ചു. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പൊതുജന വികാരം തന്നെയാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്.

വിധി പറയുന്നത് ഒക്ടോബര്‍ 28ലേക്ക് മാറ്റി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഒന്നും പറയാനില്ലെന്നാണ് പ്രതികൾ വ്യക്തമാക്കിയത്.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം പെണ്‍കുട്ടിയുടെ അമ്മാവനും പിതാവും ചേര്‍ന്ന് അനീഷിനെ അറുംകൊല ചെയ്തത്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ആണ് ഒന്നാം പ്രതി. ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയും.

2020 ഡിസംബര്‍ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വിമതര്‍ക്കെതിരെ സുധാകരന്റെ കൊലവിളി; ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലവിവാദ പ്രസംഗം കോഴിക്കോട് ചേവായൂരില്‍

കോഴിക്കോട് : പാര്‍ട്ടിയിലെ വിമതര്‍ക്കെതിരേ വധ ഭീഷണിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കൊലവിളി പ്രസംഗം നടന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി ജെ പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവര്‍ ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. അത് അനുവദിക്കില്ല.
അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു.

അനധികൃത ഇരുമ്പയിര് കടത്ത്: സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എക്ക് ഏഴുവര്‍ഷം തടവ്; 44 കോടി പിഴ

ബംഗളൂരു: ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവ്. 44 കോടി പിഴയും ശിക്ഷ വിധിച്ചു. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ സതീഷ് സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും.
ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സതീഷ് സജീവമായിരുന്നു. ആ പ്രവർത്തനത്തിലൂടെ മലയാളികൾക്ക് പരിചിതനാണ് എം എൽ എ

ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ കാട്ടുപന്നി;വീഡിയോ

ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ കാട്ടുപന്നികൾ വിഹരിക്കുന്നു.

ക്ഷേത്ര മൈതാനിയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മതിലിനോട് ചേർന്നുള്ള ഭാഗത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നിയെ നാട്ടുകാർ കണ്ടത്.ശബരിമല അയ്യപ്പസേവാ സമാജം എസ്.ആർ ജിതിൻ കാട്ടുപന്നി ഓടിച്ചാടി നടക്കുന്നതിൻ്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി…വാഹന ഗതാഗതം തടസ്സപ്പെട്ടു

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് ഒടിയുകയും തൊട്ടു പിന്നാലെ വന്ന കെഎസ്ഇബിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും ചെയ്തു.ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ഗേറ്റ് ഒടിഞ്ഞതിനെ തുടർന്ന് കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്സും ഗുരുവായൂർ- മധുര എക്സ്പ്രസ്സും അൽപ്പനേരം വൈകി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി

തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട, എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയിലായി. പാന്‍മസാല കടത്തിയത് വളമെന്ന വ്യാജേന. പിടിയിലായതില്‍ ഒരാള്‍ നഴ്സിംഗ് വിദ്യാര്‍ഥി

പിക്അപ് വാനില്‍ 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. ബാലരാമപുരത്ത് എക്സൈസ് പരിശോധിക്കുമ്പോള്‍ നിറുത്താതെ പാഞ്ഞ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ നിന്ന് നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിച്ചതാണ് പാന്‍മസാല മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് തുടങ്ങിയവരാണ് പിടിയിലായത്. കച്ചവടക്കാരില്‍ നിന്ന് പിരിച്ചെടുത്ത 5 ലക്ഷം രൂപയും കണ്ടെടുത്തു. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കും

ഇസ്രയേലിനെ പ്രതിരോധിച്ചു ഇറാന്‍

  • ടെഹറാന്‍.ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ.വിജയകരമായി പ്രതിരോധിച്ചെന്ന്
    ഇറാൻ.പരിമിതമായ നാശനഷ്ടമാണ് ഉണ്ടായതെന്നും പ്രതികരണം
  • തിരിച്ചടി ഇതോടെ അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേൽ
  • യുദ്ധ വിമാനങ്ങൾ മടങ്ങിയെന്നും ഇസ്രയേൽ പ്രതിരോധ സേന

പള്ളിക്കൽ ആറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം. പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 26/10/2024.IDRB-KSEOC-KSDMA

ഭാര്യയുടെ  സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവ്  അറസ്റ്റിൽ

തിരുവനന്തപുരം.ഭാര്യയുടെ  സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവ്  അറസ്റ്റിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു വാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ  പണയം വച്ച്  പണം കൈക്കലാക്കി എന്നാണ് പരാതി

വർക്കല പനയറ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. 2021 ആഗസ്റ്റിലായിരുന്നു യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്.

ചൈനീസ് ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ്…. 26 ലക്ഷം രൂപ തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റിൽ

യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു.