Home Blog Page 1868

ഇന്ത്യാ ​ഗേറ്റിന് മുന്നിൽ മോഡലിന്റെ ടവൽ നൃത്തം, പുരുഷദിനാശംകൾ നേർന്ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു

ന്യൂഡൽഹി: അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ഡൽഹിയിലെ ഇന്ത്യാ ​ഗേറ്റിൽ യുവതിയുടെ ടവൽ നൃത്തം. കൊൽക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകൾക്ക് മുന്നിൽ വെളുത്ത ടവൽ ധരിച്ച് നൃത്തം ചെയ്തത്. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെ ഇവർ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് മുമ്പ്, ദുർഗാ പൂജ പന്തലിൽ രണ്ട് സ്ത്രീകൾക്കൊപ്പമുള്ള ഇവരുടെ ചിത്രവും വിവാദമായിരുന്നു.

ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചാണ് ഇവർ ടവൽ നൃത്തമൊരുക്കിയത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടു. മിക്കവരും സന്നതിയുടെ ടവൽ ഡാൻസിനെ വിമർശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവാണ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നത്.

രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞിരുന്നു.
ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിൽ കാറിടിച്ചു, ഏഴ് മരണം, പാർക്കിംഗ് ലൈറ്റ് ഇടാതിരുന്ന ഡ്രൈവർക്കെതിരെ കേസ്

അഹമ്മദാബാദ്: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് ഏഴ് മരണം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് തീർത്ഥാടകരാണ് മരിച്ചത്. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് സംഭവം. പുലർച്ചെയാണ് അപകടമുണ്ടായത്.

ക്ഷേത്രത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് സംഭവം. ഇരുട്ടായതിനാൽ കാർ ഡ്രൈവർ ട്രക്ക് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെയാണ് കാർ പാഞ്ഞുകയറിയത്. ജയ്‌ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ​​ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. അവരെ ഉടൻ തന്നെ ജംബുസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വഡോദരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിന്‍റെ മുൻവശത്തോ പിൻവശത്തോ സൈൻ ബോർഡുകൾ ഇല്ലായിരുന്നുവെന്ന് സബ് ഇൻസ്‌പെക്ടർ കെ എൻ സോളങ്കി പറഞ്ഞു. ട്രക്കിന്‍റെ പാർക്കിങ് ലൈറ്റുകളും ഇട്ടിരുന്നില്ല. കാർ ഡ്രൈവർ ഇരുട്ടിൽ ട്രക്ക് കണ്ടിട്ടുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. അപകട സ്ഥലത്തു നിന്ന് ട്രക്ക് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ട്രക്ക് ഡ്രൈവർക്കും സഹായിക്കും എതിരെ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 285 (അശ്രദ്ധമായ പെരുമാറ്റം), 125 (എ) (മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തൽ), 125 (ബി) എന്നിവ പ്രകാരവും വാഹന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും ജംബുസർ പൊലീസ് കേസെടുത്തു.

വീണ്ടും ‘ഷേക്ക്ഹാൻഡ്’ വിവാദം: കൈ കൊടുക്കാതെ തിരിഞ്ഞുനടന്ന് കൃഷ്ണദാസ്; സംസ്കാര ശൂന്യതയെന്ന് കൃഷ്ണകുമാർ

പാലക്കാട്: കൈ കൈകൊടുക്കാൻ വിസമ്മതിച്ച് വീണ്ടും നേതാക്കൾ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വീണ്ടും വിവാദമായത്. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മുഖം തിരിച്ച് പോയെന്നാണ് ആരോപണം. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം.

അതേസമയം, കൃഷ്ണദാസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൃഷ്ണകുമാർ രംഗത്തെത്തി. ‘‘സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം. ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ല.’’– സി.കൃഷ്ണകുമാര്‍ തുറന്നടിച്ചു. എന്നാല്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് സംഭവത്തിൽ കൃഷ്ണദാസിന്റെ വിശദീകരണം.

പ്രവാസി മലയാളിയിൽനിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വൈക്കം ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കം: കൈക്കൂലി കേസിൽ വൈക്കം ഡെപ്യൂട്ടി തഹസിൽ‌ദാർ‌ ടി.കെ. സുഭാഷ് കുമാർ (54) അറസ്റ്റിൽ. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിൽ വച്ച് പ്രവാസി മലയാളിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ്. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം.

പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ഡെപ്യൂട്ടി തഹസിൽദാരായ സുഭാഷ് കുമാർ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ പടിയായ 25,000 രൂപ ഇന്ന് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം.

എടിഎമ്മിൽ പണം നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മിൽ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലൻസ് പിടികൂടിയത്.

ഡ്രൈവർ ഉറങ്ങിപ്പോയി: പത്തനാപുരത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു

പമ്പ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

വാഹനത്തിലുണ്ടായിരുന്നവരെ നിലയ്ക്കൽ പിഎച്ച്‌സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഹർഷിതയെ കൊന്നത് കഴുത്തുഞെരിച്ച്, ഭർത്താവ് ഒളിവിൽ; അന്വേഷിക്കാൻ 60 അംഗ ഡിറ്റക്ടീവ് സംഘം

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ യുവതിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നോർത്താംപ്ടൺഷെയറിൽ താമസിക്കുകയായിരുന്ന ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിലാണ് നിർണായക വിവരം പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഇന്ത്യൻ വംശജനുമായ പങ്കജ് ലാംബയ്ക്കായി (23) അന്വേഷണം ഊർജിതമാക്കിയതായി നോർത്താംപ്ടൺഷെയർ പൊലീസ് അറിയിച്ചു. ഇയാൾ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

നവംബർ 14നാണ് ഇൽഫോഡിൽ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു നാല് ദിവസം മുൻപ്, ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. കൊലപാതകത്തിനു ശേഷം നോർത്താംപ്ടൺഷെയറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാജ്യം വിട്ടെന്ന് കരുതുന്ന ലാംബയ്ക്കായി അറുപതിലേറെ ഡിറ്റക്ടീവുമാർ അന്വേഷണം നടത്തുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഹർഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാൽ വീട്ടിൽ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഏപ്രിലിൽ ഡൽഹിയിൽനിന്നു യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹർഷിത ഗാർഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വഴക്കിട്ടിരുന്നതായും അയൽവാസികൾ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടർന്ന് ഹർഷിത മുൻപ് വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും ഹർഷിതയുടെ കുടുംബം പറയുന്നു. പങ്കജിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ച് ഓഗസ്റ്റിൽ ഹർഷിത പിതാവിനോട് പരാതി പറഞ്ഞിരുന്നു.

ഞൊടിയിടയിൽ ഷോറൂമിനെ വിഴുങ്ങി തീ; പ്രിയയെ മരണം തേടിയെത്തിയത് പിറന്നാൾ തലേന്ന്; നെഞ്ചുനുറുങ്ങി പ്രിയപ്പെട്ടവർ

ബെംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരി പ്രിയയുടെ അന്ത്യം പിറന്നാൾ തലേന്ന്. ഇന്നായിരുന്നു പ്രിയയുടെ ജന്മദിനം. ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിലെ അക്കൗണ്ടന്റും രാമചന്ദ്രപുരയിലെ താമസക്കാരിയുമായ പ്രിയയുടെ വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിക്ടോറിയ ആശുപത്രിയിലേക്ക് എത്തിയ പ്രിയയുടെ മാതാപിതാക്കൾ മകളുടെ മൃതദേഹം കാണാനാകാതെ പൊട്ടിക്കരഞ്ഞു.

‘‘നവംബർ 20ന് മകളുടെ ജന്മദിനമായിരുന്നു. നിങ്ങൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൾക്കുള്ള പിറന്നാൾ വസ്ത്രങ്ങളെല്ലാം ഞാൻ കൊണ്ടുവന്നിരുന്നു. രാവിലെ 10 മണിക്ക് ജോലിക്ക് പോയതാണ് എന്റെ മകൾ. ആ ഷോറൂമിന്റെ ഉടമ എവിടെയാണ് സർ? 7.30 ഓടെ വീട്ടിൽ എത്തേണ്ടതായിരുന്നു മകൾ. എന്റെ സുഹൃത്താണ് എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്.’’ – പ്രിയയുടെ അച്ഛൻ അർമുഖം പറഞ്ഞു.

രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിച്ചത്. 45 ഇരുചക്ര വാഹനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറ് ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസ്സം നേരിട്ടു. സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ ബെംഗളുരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാഹാഭ്യർഥന നിരസിച്ചതിൽ പ്രതികാരം; തഞ്ചാവൂരിൽ അധ്യാപികയെ സ്‌കൂളിൽ കഴുത്തറുത്ത് കൊന്നു

ചെന്നൈ: തഞ്ചാവൂരിൽ സർക്കാർ സ്കൂൾ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ചിന്നമന സ്വദേശി മദന്‍ (30) അറസ്റ്റിലായിട്ടുണ്ട്.

മദൻ നേരത്തെ രമണിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ പട്ടുകോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

സംഭവത്തിൽ സേതുഭവഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദനെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റണിയെ പ്ലസ്ടു മുതൽ പരിചയം, ഡേറ്റ് തീരുമാനിച്ചിട്ടില്ല: കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

മകൾ കീർത്തിയുടെ വിവാഹവാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാകും വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരൻ. കൊച്ചി സ്വദേശിയാണ്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു.

‘‘കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക.’’– സുരേഷ് കുമാർ പറഞ്ഞു.

ഇന്നലെ മുതൽ കീർത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യം കീർത്തിയോ കുടുംബമോ വെളിപ്പെടുത്തിയിരുന്നില്ല. 15 വർഷത്തോളമായി കീർത്തിയും ആന്റണിയും പ്രണയത്തിലാണെന്നാണ് വിവരം.

നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.

തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത വരുന്നത്.

താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. ആന്റണി തട്ടിലുമായുള്ള വിവാഹവാർത്തയ്ക്കൊപ്പം കീർത്തി ദീർഘകാലമായി പ്രണയത്തിലാണെന്ന വിവരം അദ്ഭുതത്തോടെയാണ് ആരാധകർ കേട്ടത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പല ചോദ്യങ്ങൾ നേരിടേണ്ടി വന്നപ്പോഴെല്ലാം ‘താൻ സിംഗളല്ല’ എന്ന ഒറ്റവരിയിൽ താരം മറുപടി ഒതുക്കി. പഠനത്തിനു ശേഷം ഒട്ടേറെ മാധ്യമശ്രദ്ധ നേടുന്ന ചലച്ചിത്രലോകത്ത് എത്തിയിട്ടും പ്രണയം രഹസ്യമാക്കി സൂക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്തായാലും, കീർത്തിയുടെ ദീർഘകാലത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്.