27.2 C
Kollam
Wednesday 24th December, 2025 | 04:10:01 PM
Home Blog Page 1155

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി   കെ എം എബ്രഹാമിനെതിരെ കേസ്സെടുത്ത് സിബിഐ

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസ്സെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തത്.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിൽ ഇരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.

അണക്കെട്ടിന്റെ ശേഷി ഉയര്‍ത്തും, ജലമൊഴുക്ക് തടയും; പാകിസ്താന് ഇനി വെള്ളമില്ല, നടപടി തുടങ്ങി

ന്യൂഡല്‍ഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന നിർണായക യോഗം അവസാനിച്ചു.

സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനിച്ചു. കരാർ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമർശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയർത്താനും യോഗത്തില്‍ തീരുമാനമായി.

കരാർ മരവിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് പാകിസ്താൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയോട് ഇക്കാര്യം സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച്‌ ജലത്തിന്റെ ഒഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.

കരാർ മരവിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആർ. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണ് പങ്കെടുത്തത്.

ജലം തടയാൻ കിഷൻ ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ പാകിസ്താനില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അത് യുദ്ധസമാനമായ നടപടിയായിരിക്കും എന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, കരാർ മരവിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് തടയുന്നതിനായി ഇന്ത്യ എന്തൊക്കെ തുടർനടപടികളാകും കൈക്കൊള്ളുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണവും കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻകൂദാശയും നടന്നു

കരിന്തോട്ടുവാ : മലങ്കര കത്തോലിക്കാ സഭ പുതുതായി നിർമ്മിച്ചിരിക്കുന്ന കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻ കൂദാശകർമ്മം നിത്യതയിലേക്ക് ലയിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുസ്മരണാർത്ഥം നടത്തി. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെയും പുത്തൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ.ഗീവർഗ്ഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ. ഡോ.മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനിയുടെയും മാർത്തോമ സഭ അടൂർ ഭദ്രാസനം എപ്പിസ്കോപ് മാത്യൂസ് മാർ സെറാഫിo തിരുമേനിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൂദാശ.

കാലം ചെയ്ത ബെനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനി 1962 ൽ സ്ഥാപിച്ച ഈ ദേവാലയത്തിന്റെ അംഗീകാരം നൽകിയത് പോൾ ആറാമൻ മാർപ്പാപ്പയായിരുന്നു, ആറു പതിറ്റാണ്ടിനിപ്പുറം ഏപ്രിൽ 21 ന് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും നിറഞ്ഞുനിൽക്കുന്ന പുണ്യ മുഹൂർത്തത്തിൽ കരിന്തോട്ടുവ സെന്റ് മേരീസ് ദേവാലയം മൂറോൻ കൂദാശ ചെയ്തു ദേശത്തിനായി സമർപ്പിച്ചു. ബഹു. എം. പി. കൊടിക്കുന്നിൽ സുരേഷ്, എം എൽ എ. കോവൂർ കുഞ്ഞുമോൻ, മത മേലധ്യക്ഷൻമാർ, വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.

ആദ്യ കാല പത്ര ഏജൻ്റ് കടപ്പ പെരുംമ്പള്ളിൽ അപ്പുക്കുട്ടൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിലെ ആദ്യ കാല പത്ര ഏജൻ്റ് കടപ്പ പെരും മ്പള്ളിൽ അപ്പുക്കുട്ടൻ പിള്ള (80) നിര്യാതനായി.
ഭാര്യ: പങ്കജാഷിയമ്മ.
മക്കൾ: അനിൽകുമാർ ( എം .എസ് . എച്ച് .എസ് . എസ്, മൈനാഗപ്പള്ളി )
കൃഷ്ണകുമാർ
(പത്ര ഏജൻറ്)
മരുമക്കൾ:ജയകുമാരി ,സിന്ധു. (എൽ.ഡി.സി ,തൃശ്ശൂർ
കോർപ്പറേഷൻ)

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി

തിരുവനന്തപുരം.സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം

പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ അനുമതി നൽകിയത്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. മദ്യശാലകൾ കമ്പനികളോട് ചേർന്ന് തന്നെയെങ്കിലും ഓഫീസുകളുമായി ബന്ധം ഉണ്ടാകില്ല. സ്ഥാപനത്തിലെ ഔദ്യോഗിക ജീവനക്കാർക്കും സന്ദർശകർക്കുമാണ് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ള ആർക്കും മദ്യം നൽകരുതെന്നാണ് ചട്ടം. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ നിശ്ചയിച്ചകളിലും ഒന്നാം തീയതിയും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തനസമയവും നിശ്ചയിച്ചാണ് സർക്കാറ് ഉത്തരവ്. ഐടി പാർക്കുകളിലെ മദ്യം വിളമ്പലിൽ പരാതികൾ ഉണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുത്ത് പിഴയടക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു

നാഷണൽ ഹെറാൾഡ് കേസ്, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം

ന്യൂഡെല്‍ഹി.നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ കോടതിയിൽ ഹാജരാകേണ്ടതില്ല ഇരുവർക്കും നോട്ടിസ് അയക്കാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു.
കേസിൽ കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇ.ഡിക്ക് നിര്‍ദേശം നൽകി.കേസ് മെയ് 2ന് വീണ്ടും പരിഗണിക്കും.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇ ഡിയുടെ കണ്ടെത്തൽ. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.

അൽഷിമേഴ്സ് രോഗിയോട് ഞെട്ടിക്കുന്ന ക്രൂരത, ഹോം നഴ്സ് നഗ്നനാക്കി മര്‍ദ്ദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു

പത്തനംതിട്ട. തട്ടയിൽ 59 കാരനായ അൽഷിമേഴ്സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂര മർദ്ദനം..മർദ്ദനമേറ്റ ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി കുടുംബം…. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു…

59 കാരൻ ശശിധരൻപിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്സ് വിഷ്ണുവിൽ നിന്ന് നേരിട്ടത്..
നഗ്നനാക്കി മർദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചു…ഇക്കഴിഞ്ഞ 22 ആം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കേപറ്റിയെന്ന വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്… ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. ബിഎസ്എഫിൽ നിന്ന് വി.ആർ.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരൻപിള്ള അൾഷിമേഴ്സ് രോഗ ബാധിതനാണ്.. ഒന്നര മാസം മുൻപാണ് ഏജൻസി വഴി വിഷ്ണുവിനെ ഹോം നഴ്സായി ജോലിക്ക് നിർത്തിയത്. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊടുമൺ പോലീസ് അറിയിച്ചു..

വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ .വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ചു നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 85 വയസ്സുള്ള പ്രഭാകരനും, ഭാര്യ കുഞ്ഞി പെണ്ണും ആണ് മരിച്ചത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഇവരെ പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് പരിചരിച്ചു വന്നിരുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തിൽ ദുരൂഹതയില്ല എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പോലീസ് അറിയിച്ചു.

വലിയപാടം പടിഞ്ഞാറ് ജാഗ്രത സമിതിയുടെ നേത്യത്വത്തിൽ ജനജാഗ്രത കൂട്ടായ്മ നടക്കും ഏപ്രിൽ 27 വൈകിട്ട്

ശാസ്താംകോട്ട: വർദ്ധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിനെതിരെ വലിയപാടം പടിഞ്ഞാറ് ജാഗ്രത സമിതിയുടെ നേത്യത്വത്തിൽ ജനജാഗ്രത കൂട്ടായ്മ നടക്കും ഏപ്രിൽ 27 വൈകിട്ട് 4.45 ആയിരം പേര് പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലയും പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടക്കും. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ ,പടി കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണൻ തുടങ്ങി സാമുഹിക -സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ കണ്ണികൾ ആകും തുടർന്ന് ലഹരി ഉപയോഗവുമായ ബന്ധപ്പെട്ട് ക്ലാസുകൾ നടക്കുംപ്രശസ്ത മനശാസ്ത്ര-നിയമ വിദഗ്ധൻ പ്രദീപ് ചെല്ലപ്പൻ ശാസ്താംകോട്ട എസ് എച്ച് ഒ കെ ബി മനോജ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് എസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അലിയാര് കുഞ്ഞ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. വിപുലമായ ബോധവൽക്കരണവും മനുഷ്യച്ചങ്ങലയും വിജയിപ്പിക്കണമെന്ന് ജാഗ്രത സമിതിക്ക് വേണ്ടി ചെയർമാൻ ഉഷാലയം ശിവരാജൻ, കൺവീനർ സന്തോഷ് വലിയപാടം രക്ഷാധികാരി സി കെ ഗോപി എന്നിവർ അറിയിച്ചു